ADVERTISEMENT

"Would you do something for me now?"
"I'd do anything for you."
"Would you please please please please please please please stop talking?"

HEMINGWAY – Hills Like White Elephants

ഹെമിങ്‌വേയുടെ സംഭാഷണങ്ങൾ എല്ലാം പറയുന്നു. രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ നിറയുന്ന വികാരങ്ങളാണു കഥയിലെ കാലാവസ്ഥ നിർണയിക്കുന്നത്.   എഴുത്തുകാരൻ വിവരണങ്ങളോ വിശദീകരണങ്ങളോ നൽകി കാര്യമായ ഒരു ഇടപെടലും നടത്താറില്ല. കഥാകൃത്ത് മാറിനിൽക്കുന്നതായി നമുക്കു തോന്നുന്നു. അതു കഥയുടെ ശക്തിയാണെന്നു പറയാം, എഴുത്തുകാരൻ അവിടെയില്ലെന്ന തോന്നൽ, എഴുത്തുകാരൻ ഇടയ്ക്കു കയറി സംസാരിക്കാത്തത്, ഒച്ച വയ്ക്കാത്തത്.

വാസ്തവത്തിൽ ആ സംഭാഷണങ്ങളിലാണ് എഴുത്തുകാരന്റെ ഭാഷ, പുഴയോരത്തെ എക്കൽ പോലെ വന്നടിയുന്നത്. ‘ ന്യൂയോർക്കർ’ വാരികയിൽ കഴിഞ്ഞയാഴ്ച ഹെമിങ്‌വേയുടെ അപ്രകാശിതമായ ഒരു കഥ പ്രസിദ്ധീകരിച്ചു. 1930കൾക്കു മുൻപേ എഴുതിയതാകാനാണു സാധ്യത. ഹെമിങ്‌വേ ആർക്കെവ്സിൽ നിന്നു കണ്ടെടുത്തതാണ് ‘പർസ്യൂട്ട് ആസ് ഹാപ്പിനസ്’ എന്ന അസാധാരണമായ വെള്ളവും വെളിച്ചവും ഉള്ള കഥ. എന്തുകൊണ്ടാണു ഇത് പ്രസിദ്ധീകരിക്കാതെ തന്റെ കടലാസുകൾക്കിടയിൽ ഹെമിങ്‌വേ മാറ്റിവച്ചതെന്നു നാം അമ്പരക്കും. ‘ഓൾഡ്‌ മാൻ ആൻഡ്‌ സീ’ യുടെ ഈ വർഷമിറങ്ങുന്ന പുതിയ പതിപ്പിൽ ഈ കഥയും ഉൾപ്പെടുത്തുന്നുണ്ട്. ‘ഓൾഡ്‌ മാൻ ആൻഡ്‌ സീ’യുടെ പ്രമേയവുമായി കഥയ്ക്കു ചില സാമ്യങ്ങളുളളതുകൊണ്ടു കൂടിയാവാം അത്.  എന്നാൽ ആ ലഘുനോവലിൽനിന്നു വ്യത്യസ്തമായ ആഖ്യാനവും വികാരവുമാണ് ഇതിലുള്ളത്. കഥാകൃത്ത് തന്നെയാണ് ഇതിലെ ഒരു കഥാപാത്രം. മറ്റു രണ്ടു കഥാപാത്രങ്ങൾ എഴുത്തുകാരന്റെ കൂട്ടുകാരും. അതിനാൽ ഇത് ആത്മകഥാപരം കൂടിയാണ്.

വലിയ ഒരു മാർലിൻ മീനിനെ പിടിക്കാൻ പോകുന്ന ഹെമിങ്‌വേയും രണ്ടു കൂട്ടുകാരുമാണു ഇതിലുള്ളത്. അവർ ഒരു മാസമായി ക്യൂബയിലെ തുറമുഖ പട്ടണത്തിൽ മീൻപിടിത്തമാണ്. പക്ഷേ ഒരു വമ്പൻ  മാർലിൻ മീനിനെ പിടിക്കാനുള്ള മോഹം കലശലാണ്. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ ചൂണ്ടയിൽ ഒരു കൂറ്റൻ മാർലൻ കുരുങ്ങുക തന്നെ ചെയ്തു. എന്നാൽ അത് അസാമാന്യമായ ഒരു മീനായിരുന്നു. അത് അന്തരീഷത്തിലേക്കു മുപ്പതിലേറെ തവണ കുതിച്ചു ചാടിയതു താൻ എണ്ണിയെന്നാണു ഹെമിങ് വേയുടെ സുഹൃത്ത് പറയുന്നത്.  ചൂണ്ടക്കണ, അവന്റെ കരുത്തിൽ വളഞ്ഞുപോയി. നാലര മണിക്കൂറോളം  ആ വമ്പനു പിന്നാലെ അവർ സഞ്ചരിച്ചു, ചൂണ്ട വലിച്ചും വെയിലേറ്റും ഹെമിങ്‌വേ തളർന്നു. മീൻ നഷ്ടമായ നിരാശയോടെ അവർ കരയിലേക്കു മടങ്ങുന്നതാണു കഥ. ഇതിലെ മീൻപിടിത്ത വിവരണം ഉജ്വലമാണ്. കൂറ്റൻ മീനിനു പിന്നാലെയുള്ള പാച്ചിലിലെ പിരിമുറുക്കം ആ സംഭാഷണങ്ങളിലാണു നാം  അറിയുന്നത്.

ഈ കഥ ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള സമയത്താണു നടക്കുന്നത്. മീൻപിടിത്തക്കാരെ പിഴിയുകയും ദ്രോഹിക്കുകയും ചെയ്യുന്ന പൊലീസിനെ പ്പറ്റി പരാമർശങ്ങൾ കഥയിലുണ്ട്. ഹെമിങ്‌വേയും കൂട്ടുകാരും പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ പങ്കും പൊലീസുകാർ ചോദിച്ചുവാങ്ങുന്നു. വലിയ മീനിനെ പിടിച്ച് അതു കഷ്ണങ്ങളാക്കി ആളുകൾക്കു സൌജന്യമായി വിതരണം ചെയ്യാനാണ് ഹെമിങ് വേയുടെ ആഗ്രഹം. എന്നാൽ കൂട്ടുകാർ ചോദിക്കുന്നുണ്ട്, മീൻ പിടിക്കാൻ പോകാതെ വല്ലതും ഇരുന്ന് എഴുതിക്കൂടേ എന്ന്. താങ്കൾ കഥയെഴുതൂ, ഞങ്ങൾ കടലിൽ പോയി വരാം എന്നാണു അവരുടെ പറച്ചിൽ. താൻ രാവിലെ എഴുന്നേറ്റിരുന്നു കുറച്ച് എഴുതാറുണ്ട്. ഒരു കഥയെഴുതിനോക്കി. പക്ഷേ മീൻപിടിക്കുന്നതാണു കഥയെഴുത്തിനേക്കാൾ സന്തോഷകരം. (പാചകമാണ് എഴുത്തിനേക്കാൾ നല്ലതെന്ന് ബഷീർ!)

വലിയ മീൻ ചൂണ്ട പൊട്ടിച്ചുപോയതിൽ ഖിന്നനായി ബോട്ടിലിരിക്കെയാണു ഒരു കഥ കൂട്ടുകാരൻ പറയുന്നത്. ഒരു ദിവസം രാത്രി ബാറിൽ രഹസ്യപൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തിയ ആളുമായി അയാൾ സംസാരത്തിലാകുന്നു. ഈ ഉദ്യോഗസ്ഥനു ഹെമിങ് വേയുടെ കൂട്ടുകാരന്റെ മുഖം പെരുത്ത് ഇഷ്ടമായി. ഇത്രയും സുന്ദരമായ ഒരു മുഖം താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും കൂട്ടുകാരന്റെ മുഖത്തോടുള്ള ഇഷ്ടം തെളിയിക്കാൻ തനിക്കൊരാളെ കൊല്ലണമെന്നും അയാൾ പറയാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും ഈ ഉദ്യോഗസ്ഥൻ തോക്കെടുത്തു. അയാൾ തോക്കിന്റെ മൂട് വച്ച് അവിടെ മദ്യപിച്ചിരുന്ന ഒരു പാവത്തിന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി. ബാറിലെ സംസാരങ്ങളും കലഹങ്ങളുമാണു ഹെമിങ്‌വേക്ക് ഏറ്റവും പ്രിയങ്കരം. കൊലയും ദുഃഖവും ഏകാന്തതയുമെല്ലാം പാതിരാബാറുകളിൽ, നീണ്ട സംഭാഷണങ്ങളിലൂടെ  നാം ഹെമിങ്‌വേയിൽ വായിച്ചിട്ടുണ്ട്. ഈ കഥയുടെ പുതുമയും നരേഷനാണ്. ഏതു ശോകത്തിൽനിന്നു കരകയറാനാണു എഴുത്തുമേശ വിട്ട് ഹെമിങ്‌വേ കടലിലേക്കു പോകുന്നത്, ഒരിക്കലും പിടിക്കാനാവാത്ത ആ വലിയ മീനിനു പിന്നാലെ പോകുന്നത്? ഒരിക്കലും കിട്ടാത്ത ആനന്ദമാണോ ആ വലിയ മീൻ, ഒരിക്കലും നമുക്കു പിടിതരാതെ, നമ്മുടെ സമ്പാദ്യമാകാത്ത ഏതോ അസാധാരണ  കഥയാണോ ചൂണ്ട പൊട്ടിക്കുന്ന മീനുകൾ ?‌

സംഭാഷണം എന്നു പറയുമ്പോഴെല്ലാം സോക്രട്ടീസിനെ ഓർമ വരും. പ്രാചീന ഗ്രീസിൽ എഴുത്തല്ല സംഭാഷണമാണു തത്വചിന്ത കൊണ്ടുവന്നിരുന്നത്. സോക്രട്ടീസ് ഒന്നുമെഴുതിയില്ല. പകരം സംസാരിച്ചുകൊണ്ടേയിരുന്നു. തനിക്കു വധശിക്ഷ വിധിച്ച അതൻസ് കോടതിക്കു മുൻപാകെ സോക്രട്ടറി നീണ്ട സംസാരമാണു നടത്തിയത്. വധശിക്ഷാവിധിക്കുശേഷം ജയിലിൽ സോക്രട്ടീസ് ശിഷ്യരോടു വ‍ർത്തമാനം തുടർന്നു. പ്ലേറ്റോ, ഇതെല്ലാം എഴുതി വച്ചു. സംഭാഷണം എഴുത്തിലേക്കു കൊണ്ടുവന്ന പ്ലേറ്റോ പിന്നീടു  സംഭാഷണത്തിന്, സംവാദത്തിനു തന്നെ എതിരായി തീർന്നുവെന്നും കാണാം.  ജനാധിപത്യം ബുദ്ധികുറഞ്ഞവരുടെ ഇടപാടാണെന്നാണു പ്ലേറ്റോ വാദിച്ചത്.

thakazhi-sivasankara-pillai-writer-malayalam
തകഴി ശിവശങ്കരപ്പിള്ള

സാഹിത്യത്തിലെ സംഭാഷണങ്ങളിലേക്കു മടങ്ങിവരാം. വിവരണങ്ങളിലെ വിരസത തടയാനാണു സാധാരണനിലയിൽ കഥയിലെ സംഭാഷണം. എന്നാൽ, ആഖ്യാനം തന്നെ സംഭാഷണങ്ങളായി വളരുന്ന സന്ദർഭങ്ങളുമുണ്ടാവും. അപ്പോൾ സംസാരങ്ങൾ ഉള്ളു തൊടുന്നതാവും. കമ്യൂണിസ്റ്റ് പാർട്ടിക്കു നിരോധനമുണ്ടായിരുന്ന കാലത്തെ കേരളത്തിൽ നടന്ന ഒരു കഥയാണു തകഴിയുടെ ‘തികച്ചും ലൈംഗികം’.  പൊലീസിൽനിന്ന് ഒളിച്ച് രാത്രി പാർക്കാൻ ഇടം തേടി നടക്കുന്ന ഒരുത്തൻ, ഒരു കൂരയിലെത്തുകയാണ്. മറ്റൊരാൾ അവിടെ ആക്കിക്കൊടുക്കുന്നതാണ്. ഒരു രാത്രിക്ക് അഞ്ചു രൂപ വേണം, അത് അഡ്വാൻസ് ആയി  ഇടനിലക്കാരൻ വാങ്ങുന്നു. പണം കൊടുത്തശേഷം അയാൾ കുടിലിനുള്ളിൽ കയറുന്നു. ആ പെണ്ണിനു പതിനെട്ടു വയസ്സു കാണുമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ അവൾ എന്തെല്ലാം പറയും എന്നറിയാൻ അവളെയും നോക്കി അയാൾ ചുമ്മാ നിൽക്കുകയാണ്.  പിന്നെ ഓരോന്നു പറഞ്ഞുതുടങ്ങുന്നു. കുറേക്കഴിഞ്ഞപ്പോൾ അവൾക്കു മടുത്തു. ഇങ്ങനെ സമയം കളയാനാണോ വന്നത് എന്നു ചോദിച്ച് പായ വിരിക്കുന്നു. ഇരുവരും ഒരുമിച്ചു കിടന്നാണു പിന്നീടു സംസാരം.  

ഹെമിങ് വേയുടെ ‘ഹിൽസ് ലൈക് വൈറ്റ് എലിഫന്റ്സി’ൽ രണ്ടുപേരുടെ സംസാരത്തിലൂടെയാണ് നാം സ്നേഹവും വേദനയും അറിയുന്നത്. സംഭാഷണത്തിലൂറുന്ന വൈകാരികമായ ബന്ധനം തകഴിയിൽ ഇങ്ങനെ:

‘ഞാൻ ഒരു കാര്യം ചോദിക്കാം. നിനക്കു ദേഷ്യം തോന്നുമോ?’

‘ഇല്ല’

എന്നെ ചുറ്റിയ കരം ഒന്നു മുറുകിയതുപോലെ തോന്നി. അവളുടെ മുഖം എന്റെ മുഖത്തോട് അടുത്തു. അവൾ പറ‍ഞ്ഞു.  

‘എന്തും ചോദിച്ചുകൊള്ളൂ’

‘ഇതു നിനക്ക് ഇഷ്ടപ്പെട്ട തൊഴിലാണോ?’

മറുപടി പെട്ടെന്നായിരുന്നു,

‘അല്ലെങ്കിലെന്തു ചെയ്യാനാ, എനിക്കു ജീവിക്കണ്ടേ?’

‘നിനക്ക് ഇഷ്ടപ്പെട്ട പുരുഷനെ നീ കണ്ടുമുട്ടിയിട്ടുണ്ടോ?’

‘ഇല്ല. കണ്ടുമുട്ടിയാലും അയാളും പോകും’

എന്തൊരു  രാത്രിയാണത്. പുറത്തു പൊലീസുകാരുണ്ടാവും.അയാൾ പുലരും മുൻപേ പോകുകയാണ്. അതുവരെ അവർക്കിടയിൽ ചേർന്നതു വാക്കുകൾ മാത്രമാണ്. ആ സംസാരം ഒരു കവിതയാണെന്നും നമുക്കു വിചാരിക്കാം. എന്നാൽ ഹെമിങ് വേ ചെയ്യാത്ത ഒരു കാര്യം ഇവിടെ  തകഴിയിലുണ്ട്  മാറി നിൽക്കുന്ന എഴുത്തുകാരൻ ചാടിക്കേറി വന്നു സാമൂഹിക പ്രബോധനം നടത്തുന്നതാണത്. ഈ കഥയിൽ സ്ത്രീപുരുഷബന്ധം, പ്രേമം, ദാമ്പത്യം,  ലൈംഗികത്തൊഴിൽ എന്നിവയെല്ലാം സംസാരവിഷയമായി. അതിൽ എഴുത്തുകാരന്റെ നിലപാടുകളും വിശദമായി പറഞ്ഞു. എന്നാൽ ഹെമിങ്‌വേ ഇത്തരം ധാർമികരോഷങ്ങളിൽനിന്നു  വിട്ടുനിന്നു. പകരം കഥകളിൽ അപൂർണമായ, ദുരൂഹമായ സംഭാഷണവാക്യങ്ങൾ പടർത്തി. അതിനാൽ ഓരോ കഥയ്ക്കുശേഷവും വായനക്കാർ തങ്ങൾക്കു ലഭിച്ച അപൂർണതകളുടെ പൊരുൾ തിരഞ്ഞ് അതിനു പിന്നാലെ യാത്രയാവും.

English Summary : Unknown Hemingway short story 'Pursuit As Happiness' published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com