sections
MORE

കൊറോണയെക്കാളും പേടി രാഷ്ട്രീയക്കാരെ; രോഗത്തെ വരവേറ്റ് കെനിയൻ കവി

samuel-mangera-kenyan-poet
സാമുവേൽ മംഗേര.
SHARE

‘പ്രിയ കൊറോണ വൈറസ്, കെനിയയിലേക്കു സ്വാഗതം.ഒരു കാര്യം മനസ്സിലാക്കൂ. ഇവിടെ ഞങ്ങൾ പനി വന്നു മരിക്കാറില്ല. താങ്കൾ തോറ്റു പോയാൽ ഞെട്ടരുത്, കെനിയയിൽ എല്ലാം പരാജയപ്പെടാറാണു പതിവ്’ - കോറോണയ്ക്ക് കത്തെഴുതുന്നത് കെനിയൻ യുവകവി സാമുവേൽ മംഗേര. ആക്ഷേപഹാസ്യ ശൈലിയിൽ എഴുതിയ കത്തിൽ നിറഞ്ഞുനിൽക്കുന്നതു കെനിയയിലെ ദുരിത ജീവിതം. തീരാത്ത യാതനകൾ. കഷ്ടപ്പാടിന്റെ ദൃശ്യങ്ങൾ. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനതയുടെ നീറുന്ന ഹൃദയ വ്യഥകൾ. കോറോണ കെനിയയിൽ പുതിയതാണ്. എന്നാൽ, മറ്റു ദുരിതങ്ങളളെല്ലാം തുടർക്കഥ. മറ്റു രാജ്യങ്ങൾ സുരക്ഷിതമായിരുന്നപ്പോൾ എബോള എന്ന നരകാഗ്നിയിലൂടെ കടന്നുപോയ നാടാണത്.

മംഗേര തുടരുന്നു: കൊറോണ, താങ്കളെ സൽക്കരിക്കാൻ ഞങ്ങൾക്ക് ആകാംക്ഷ ഇല്ല. മുന്നേ വന്നിറങ്ങിയ വെട്ടുക്കിളികൾക്കാണു ഇപ്പോൾ മുൻഗണന. ക്യൂ തെറ്റിച്ചു വരാൻ കഴിയുമെങ്കിൽ, നോക്കാം. നർമഭാവനയ്ക്കുള്ളിലും രോഗമേൽപിച്ച ആഘാതം പ്രകടം. അറുപതു ശതമാനവും ചേരികളാണ് കെനിയൻ തലസ്ഥാനമായ നൈറോബിയിൽ. രണ്ടര മില്യൺ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരികൾ. പലതും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. മഞ്ഞിലും മഴയിലും മേൽക്കൂരയില്ലാതെ ആയിരങ്ങൾ. അരക്ഷിതത്വത്തിന്റെ നേർച്ചിത്രം. 

‘സാനിടൈസറിനും ടിഷ്യൂ പേപ്പറുകൾക്കും വേണ്ടി ഞങ്ങൾ പോരിടുമെന്നു കരുതരുത്. പാവങ്ങളല്ലേ... സോപ്പും വെള്ളവും മതി ഞങ്ങൾക്ക്. പുറത്തു താങ്കളുണ്ടെന്ന് അറിയാം, പക്ഷേ പുറത്തിറങ്ങാതെ എങ്ങനെ. ജോലി ചെയ്തില്ലെങ്കിൽ അന്നം മുടങ്ങില്ലേ. അല്ലെങ്കിലും ഞങ്ങളെ അകത്തിരുത്താൻ ഒരു കൂട്ടർക്കേ കഴിയൂ. പോലീസുകാർക്കും രാഷ്ട്രീയക്കാർക്കും; അതും തെരഞ്ഞെടുപ്പിനു ശേഷം..’

രാഷ്ട്രീക്കാരെക്കുറിച്ചു പറയുമ്പോൾ മേഗേരയുടെ വാക്കുകൾക്ക് മൂർച്ച. വികസനമെത്താത്ത കെനിയൻ ചേരികൾക്കു ഭീതിയൊഴിയുന്നില്ല. പട്ടിണി മരണങ്ങൾ ഒട്ടേറെ. 

ലോക്‌ഡൗണിൽ മറ്റു രാജ്യങ്ങൾ ജനക്ഷേമം ലക്ഷ്യമാക്കുമ്പോൾ കെനിയ ഭക്ഷ്യവസ്തുക്കൾ പലതിനും നികുതി കൂട്ടി. ഭരണകൂടത്തോടുള്ള അസംപ്തൃത്തിയും നിരാശയും മേഗേരയുടെ കത്തിലുടനീളം കാണാം. അക്രമവും അഴിമതിയും കണ്ടു മടുത്ത മനസ്സിന്റെ രോഷപ്രകടനം. 

‘ഞങ്ങളുടെ സമ്പദ് വ്യവസ്ഥ തകർത്തു കളയാമെന്നു പ്രതീക്ഷിക്കുന്നുണ്ടോ. വ്യാമോഹമാണ്. ഇവിടെ വർഷങ്ങളായി ആ ജോലി സർക്കാരാണു ചെയ്യുന്നത്. എന്നിട്ടും ഞങ്ങൾ ബാക്കിയാണല്ലോ!..’

നാടു കാണാൻ വരുന്നവരോടും മംഗേരയ്ക്കു പറയാനുണ്ട്. 

‘സന്ദർശകരേ,  കെനിയയിലേക്കു സ്വാഗതം. ഞങ്ങളെ കണ്ടു മടങ്ങുമ്പോൾ ഒരപേക്ഷ. കഴിയുന്നത്ര രാഷ്ട്രീയക്കാരെ കൂടി ഇവിടെ നിന്നു കൊണ്ടു പോകണം. അവർക്കു കറങ്ങി നടപ്പാണല്ലോ പ്രിയം. ഉന്നം തെറ്റുന്ന പോലീസ് ബുള്ളറ്റുകൾ രാജ്യത്തിനു പുതുമയല്ല. കെനിയയിലെ അപകടമരണ കണക്കുകളുടെ സ്ഥിതി അറിഞ്ഞിരുന്നെങ്കിൽ, ദിനംപ്രതി മരിക്കുന്ന ഞങ്ങളെ കണ്ടിരുന്നെങ്കിൽ, കൊറോണ, താങ്കളിവിടെ ബദ്ധപ്പെട്ട് വന്നിറങ്ങില്ലായിരുന്നു. താങ്കൾക്കു കീഴടങ്ങുന്നതിനു മുന്നേ ഞങ്ങൾ കോളറ വന്നു മരിക്കാനാണു സാധ്യത. ഓരോ ദിവസവും മരണത്തിൽ നിന്നു രക്ഷപെടാനുള്ള ഓട്ടമാണ്. നിഴൽ പോലെയതു കൂടെയുണ്ട്; പൊക്കിൾക്കൊടി മുറിച്ചുമാറ്റി വീടിനു പിന്നിൽ കുഴിച്ചു മൂടുന്ന ദിവസം മുതൽ... ജീവനില്ലാത്ത മാംസപിണ്ഡങ്ങളുടെ സംസ്കാര ചടങ്ങുകൾക്കു പിരിവിടുന്നതു വരെ. കെനിയ പോലൊരു രാജ്യത്ത് ജീവിക്കാൻ ആവശ്യമതു തന്നെയാണ്. അതിജീവനശേഷി...’

മരണം മുന്നിലുണ്ടെങ്കിലും കെനിയയുടെ പ്രതീക്ഷകൾക്ക് അവസാനമില്ല; മഗേരയുടെ ശുഭപ്രതീക്ഷയ്ക്കും. 

മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഞങ്ങൾക്കു പേടിയില്ല...

അതു വരുമ്പോൾ വരട്ടെ.

നിയന്ത്രിക്കാൻ കഴിയാത്തതിനെ പേടിച്ചിട്ടെന്തിനാണ്. 

എല്ലാവരും മരിക്കണമല്ലോ.

കൊറോണ, ഒരിക്കൽ നീയും...!

English Summary : Kenyan Poet Samuel  Mangera writes letters to coronavirus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;