sections
MORE

ആദ്യമായി ചെയ്ത കാര്യം അടിതെറ്റാതെ ചെയ്ത എത്രപേരുണ്ടാകും?

bulb
പ്രതീകാത്മക ചിത്രം
SHARE

താൻ കണ്ടുപിടിച്ച ബൾബ് കാണാൻ എഡിസൺ എല്ലാവരെയും ക്ഷണിച്ചു. അവരെല്ലാം വന്നപ്പോൾ അദ്ദേഹം തന്റെ സഹായിയോട് അകത്തുപോയി ബൾബ് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. പക്ഷേ, കൊണ്ടുവരുന്നതിനിടെ സഹായിയുടെ കയ്യിൽനിന്നു ബൾബ് താഴെവീണു പൊട്ടി. 

ആഴ്ചകൾക്കു ശേഷം വീണ്ടുമൊരു ബൾബ് നിർമിച്ച എഡിസൺ ആളുകളെ ക്ഷണിച്ചു. അതേ സഹായിയോട് വീണ്ടും ബൾബ് എടുത്തുകൊണ്ടുവരാൻ പറഞ്ഞു. അതു കേട്ട ഒരു കാഴ്ചക്കാരൻ ചോദിച്ചു: നിങ്ങൾ എന്തു മണ്ടനാണ്. കഴിഞ്ഞ തവണ ബൾബ് പൊട്ടിച്ച ആളെത്തന്നെയാണോ വീണ്ടും ആ ജോലി ഏൽപിച്ചത്? എഡിസൺ പറഞ്ഞു: ഇനി അയാൾക്കു പിഴയ്ക്കില്ല. അയാളുടെ അത്രയും ശ്രദ്ധയോടെ ഇനിയാരും ആ ബൾബ് കൊണ്ടുവരില്ല.

തിരുത്താൻ അനുവദിക്കണം. തെറ്റ് തെറ്റല്ലാത്തതു കൊണ്ടല്ല; ശരിയിൽനിന്നു തുടങ്ങാൻ എല്ലാവർക്കും എപ്പോഴും കഴിയാത്തതുകൊണ്ട്. സംഭവിക്കുന്ന അരുതായ്മകളുടെ പേരിൽ ആജീവനാന്തം അകറ്റിനിർത്തപ്പെടുന്നതു കൊണ്ടാണ് പലരും ആരുമാകാതെ അവസാനിക്കുന്നത്. ആദ്യമായി ചെയ്ത കാര്യം അടിതെറ്റാതെ ചെയ്ത എത്രപേരുണ്ടാകും? തെറ്റുപറ്റാൻ സാധ്യതയുണ്ട് എന്നു കരുതി, ഒന്നും ചെയ്യാതെ മാളത്തിൽ ഒളിക്കുന്നവരെക്കാൾ എത്രയോ ഭേദമാണ് തിരുത്തലിന്റെ സാധ്യതയിൽ വിശ്വസിച്ച് ഒട്ടും മടിക്കാതെ ഒരുമ്പെട്ടിറങ്ങുന്നവർ.

തിരുത്താൻ ആഗ്രഹിക്കുന്നവർക്ക് തിളങ്ങാനൊരു വേദിയില്ലാതെ പോയാൽപിന്നെ തെറ്റുപറ്റിയവരുടെ ശ്മശാനഭൂമിയാകും ലോകം. വളരുന്നവരെ അഭിനന്ദിക്കുന്നതിനെക്കാൾ പ്രധാനമാണ് വീണവരെ എഴുന്നേൽപിക്കുന്നത്. വീണവർ പലരും പിന്നീട് എഴുന്നേൽക്കാത്തത് വീഴ്ചയിൽ സംഭവിച്ച മുറിവുകൾ കൊണ്ടല്ല, വീണുകിടന്നപ്പോൾ കേട്ട ശാപവാക്കുകൾ കൊണ്ടാണ്.

തകർന്ന ആത്മവിശ്വാസത്തിന്റെ പേരിൽ താഴെവീണവരെ കരകയറ്റാൻ ഒരാളുണ്ടായാൽ മതി, അവർ സ്വയം താളം കണ്ടെത്തും. ഒരിക്കൽ അബദ്ധം പറ്റിയിട്ടും വിശ്വസിച്ചു കൂടെനിർത്തുന്നവർക്കു വേണ്ടി അവർ അവസാനശ്വാസം വരെ നിലനിൽക്കും, അദ്ഭുതങ്ങൾ ചെയ്യും.

English Summary: Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;