sections
MORE

ഹോളിവുഡിന്റെ അണിയറക്കഥകൾ; മറക്കാനാവാത്ത രാത്രികളുടെ കഥകളുമായി സൂസന്ന

Miss Aluminum: A Memoir
SHARE

ഹരം പിടിപ്പിച്ച കഥകളാല്‍ ലോകത്തെ ആവേശം കൊള്ളിച്ച ഹോളിവുഡിന്റെ അണിയറക്കഥകള്‍ ഏതു ഹോളിവുഡ് സിനിമയേക്കാളും അകാംക്ഷയും അദ്ഭുതവും സൃഷ്ടിക്കുന്നതാണ്. എത്ര എഴുതിയാലും പറഞ്ഞാലും  തീരാത്ത സ്നേഹത്തിന്റെയും വഞ്ചനയുടെയും കഥകള്‍. ചതിയുടെയും കൊള്ളയുടെയും കറുത്ത കഥകള്‍. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം സൃഷ്ടിച്ചവരുടെ ഇതിഹാസ കഥനങ്ങളുണ്ട്. ഒന്നുമാകാതെപോയ സങ്കടങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും വേദനിപ്പിക്കുന്ന ഓര്‍മകളുണ്ട്. എന്നും വായനക്കാരുള്ള ഹോളിവുഡിന്റെ ആരും അറിയാത്ത കഥകളുമായി ഒരു പുസ്തകം കൂടി. ‘മിസ് അലുമിനിയം’ മോഡലും അഭിനേതാവുമായി ഹോളിവുഡില്‍ എത്തി എഴുത്തുകാരിയായി പേരെടുത്ത സൂസന്ന മൂറിന്റെ ആത്മകഥ. 

മറക്കാനാവാത്ത ഒട്ടേറെ രാത്രികളുണ്ട് സൂസന്നയുടെ ജീവിതത്തിലെങ്കിലും ലോസാഞ്ജല്‍സിലെ ആദ്യ രാത്രി മറക്കാന്‍ പോയിട്ട് ഓര്‍മിക്കാതിരിക്കാന്‍ പോലുമാകില്ല. അന്നു സൂസന്നയ്ക്ക് വയസ്സ്് 21. ‘ദ് ആംബുഷേഴ്സ്’ എന്ന കോമഡി സിനിമയില്‍ അഭിനയിക്കാന്‍ ഒരു നിര്‍മാതാവാണ് സെല്ലുലോയ്ഡിന്റെ സ്വപ്നലോകത്ത് എത്തിച്ചത്. അതുവരെ ഫാഷന്‍ മാസികകള്‍ക്കുവേണ്ടി മോഡല്‍ മാത്രമായിരുന്നു. 

ചിക്കാഗോയില്‍ പഠിക്കുന്ന ഭര്‍ത്താവിനെയും സംരക്ഷിക്കേണ്ട ബാധ്യതയുള്ള പ്രാരാബ്ധക്കാരി. ഹോട്ടലില്‍ സൂസന്നയ്ക്ക് മുറി ബുക്ക് ചെയ്തിട്ടില്ല. രാത്രി മറ്റൊരിടത്തേക്ക് പറഞ്ഞയയ്ക്കാനുമാവില്ല. സങ്കടം തോന്നിയ റിസപ്ഷനിസ്റ്റ് നാലാം നിലയിലെ മച്ചിലേക്ക് അയച്ചു. ശുചിമുറി തൂക്കുന്ന ചൂലുകളും  ക്ലീനിങ് ലോഷനുകളും സൂക്ഷിക്കുന്ന ഇരുണ്ട മുറി. തുരുമ്പു പിടിച്ച ചെറിയ കട്ടില്‍. അമോണിയയുടെ രൂക്ഷഗന്ധമുള്ള ആ മുറിയില്‍ ഉറങ്ങാതുറങ്ങി നേരം വെളുപ്പിച്ചു സൂസന്ന. 

പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോഴേക്കും രണ്ടു തീരുമാനങ്ങള്‍ എടുത്തിരുന്നു. ഹോളിവുഡില്‍ ഒരു മേല്‍വിലാസമുണ്ടാക്കുക. ചിക്കാഗോയിലെ ഭര്‍ത്താവിനോട് ബൈ പറയുക. ഇനി ലൊസാഞ്ജല്‍സ് തന്നെ വീട്. 

പിന്നിടുള്ള ജീവിതകാലത്ത് അഭിയനത്തിലല്ല സൂസന്ന ഒരു കൈ നോക്കിയത്. എഴുത്തില്‍. എഴുതിയതിന് വായനക്കാരേറിയതോടെ ആദ്യത്തെ നോവല്‍ പുറത്തിറങ്ങി. ‘മൈ ഓള്‍ഡ് സ്വീറ്റ്ഹാര്‍ട്ട്’. സ്വന്തം ജീവിത ത്തിന്റെ തിരക്കഥയായിരുന്നു ആ നോവല്‍. എന്നാല്‍ സൂസന്നയെ വായനക്കാരുടെ പ്രിയങ്കരിയാക്കിയത് 1995 ല്‍ പുറത്തുവന്ന നോവല്‍- ‘ഇന്‍ ദ് കട്ട്. ജേന്‍ കാംപ്യന്‍’ പിന്നീട് ആ നോവല്‍ പ്രസിദ്ധ സിനിമയുമാക്കി. ഹോളിവുഡില്‍ അവസരം തേടിയെത്തിയ സൂസന്നയുടെ ജീവിതം അക്ഷരങ്ങളില്‍ അനശ്വരമായതിനൊപ്പം ഹോളിവുഡ് സിനിമയുമായ അദ്ഭുതം. 

ഹവായ് നഗരത്തിലായിരുന്നു സൂസന്നയുടെ കുട്ടിക്കാലം. അമ്മയുടെ മരണം. വളര്‍ത്തമ്മയുടെ ദ്രോഹം. അമ്മൂമ്മയുടെ വീട്ടിലേക്കുള്ള ഒളിച്ചോട്ടം. ന്യൂയോര്‍ക്ക്. ചിക്കാഗോ. കലിഫോര്‍ണിയ. ഒടുവില്‍ ലോസാഞ്ജല്‍സില്‍ സ്വപ്നലോകത്തും. 

ഇപ്പോള്‍ 74 വയസ്സുണ്ട് സൂസന്ന മൂറിന്. ദീര്‍ഘ ജീവിതത്തിനിടെ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട് താന്‍ യഥാര്‍ഥത്തില്‍ ആരാണെന്ന്. ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യത്തിന്റെ ഉത്തരങ്ങളാണ് ഓരോ നോവലും. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഓര്‍മക്കുറിപ്പുകളും. ഡിപാര്‍ട്മെന്റ് സ്റ്റോറിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം പ്രമുഖരെ തിരക്കഥ വായിച്ചുകേള്‍പ്പിക്കുന്ന ജോലിയായിരുന്നു.

പ്രശസ്തരുടെ ഷോപ്പിങ് സഹായിയായിട്ടുണ്ട്. കുട്ടിക്കാല സങ്കടങ്ങളില്‍നിന്ന് കൗമാരത്തിന്റെ ആകംക്ഷ കളിലേക്കും യൗവനത്തിന്റെ ആവേശത്തിലേക്കും വളര്‍ന്നുവന്നപ്പോള്‍ അനുഭവിച്ച ഹര്‍ഷോന്‍മാദങ്ങളും ഉള്ളുപൊള്ളിച്ച സങ്കടങ്ങളും ഓര്‍മക്കുറിപ്പുകളിലുണ്ട്. ഒരിടത്തും സെന്‍സറുടെ കത്രിക പ്രയോഗിച്ചിട്ടേയില്ല. 

ഓസ്കര്‍ പുരസ്കാരം നേടിയ പ്രൊഡക്ഷന്‍ ഡിസൈനറുമായുണ്ടായ രണ്ടാം വിവാഹം. ജാക് നിക്കോള്‍സനുമായി കുറഞ്ഞകാലം മാത്രം നീണ്ടുനിന്ന പ്രണയം. തിരക്കഥാ വയനക്കാരിയായി കഴിച്ചുകൂട്ടിയ കാലത്തെ സമ്പന്നമായ അനുഭവങ്ങള്‍. ഒരിക്കല്‍ ഒരു പ്രശസ്ത നടനു തിരക്കഥ വായിച്ചുകൊടുക്കുന്നു. സ്കര്‍ട് കുറച്ച് ഉയര്‍ത്തിവച്ച് ഇരുന്നുകൂടെ എന്നയാള്‍ ചോദിച്ചു. വായനയ്ക്കിടെ എനിക്കു നിന്റെ കാലിന്റെ ഭംഗി ആസ്വദിക്കാമല്ലോ എന്നായിരുന്നു ന്യായീകരണം. പ്രശസ്തരും അപ്രശസ്തരുമായ നടന്‍മാരുടെയും നടിമാരുടെയും സിനിമയ്ക്കു പുറത്തെ ജീവിതം. അപവാദങ്ങള്‍. സംഘര്‍ഷങ്ങള്‍. ഏറ്റുമുട്ടലുകള്‍. മിസ് അലുമിനിയം എന്ന പുസ്തകം ഒരു ഹോളിവുഡ് സിനിമയല്ല, ഒട്ടേറെ സിനിമകളെ ഒരേ സമയം തോല്‍പിക്കുന്ന കഥകളാണ്. 

ഇടയ്ക്കിടെ സ്വന്തം ജീവിതത്തില്‍നിന്നുള്ള അനുഭവങ്ങളും രസകരമായി സൂസന്ന പറയുന്നു. സഹതാപ ത്തോടെയല്ല. സങ്കടത്തോടെയല്ല. കരുതലോടെയല്ല. തന്നെ മറ്റൊരാളായി കണ്ടുകൊണ്ട്. തന്നെത്തന്നെ ഒരു നായികയാക്കിക്കൊണ്ടാണ് ആ കഥ പറച്ചില്‍. അതു തന്നെയാണ് സൂസന്നയടെ ഓര്‍മക്കുറിപ്പുളുടെ മനോഹാരിതയും. ഒരു ഉച്ചയിലെ ഉറക്കത്തില്‍ അമ്മ മരിക്കുന്നതു പറയുമ്പോള്‍ പോലും ആര്‍ദ്രമാകുന്നില്ല ആ വാക്കുകള്‍. കൗമാരത്തില്‍ ഇഷ്ടമില്ലാത്ത ഒരുവന്‍ പീഡിപ്പിച്ച് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞതു പറയുമ്പോള്‍ വിദ്വേഷമില്ല ആ വാക്കുകളില്‍. 

ജീവിതം ഒരു കഥയാണെന്ന് സൂസന്നയ്ക്ക് അറിയാം. കഥ പറയുകയാണ് തന്റെ ജന്‍മദൗത്യമെന്നും. ചിരിക്കുന്നതോ കരയുന്നതോ സഹതപിക്കുന്നതോ വായനക്കാരുടെ ജോലി. അതവര്‍ ചെയ്യട്ടെ ! 

English Summary : Miss Aluminium A Memoir Book By Susanna Moore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;