ADVERTISEMENT

ഒരു കൊലപാതകത്തെക്കുറിച്ചു വിവരം ലഭിച്ചയുടൻ ഷെർലക് ഹോംസും വാട്സണും അന്വേഷണത്തിനു ട്രെയിനിൽ യാത്ര തിരിച്ചു. ഹോംസ് ജനാലയ്ക്കരികിൽ പുറംകാഴ്ചകളിൽ മതിമറന്നിരിക്കുകയാണ്; വാട്സണാകട്ടെ, ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്തത്തെക്കുറിച്ചോർത്ത് മാനസിക സമ്മർദത്തിലും. അദ്ദേഹം ഹോംസിനോടു ചോദിച്ചു: കേസന്വേഷണത്തിനു പോകുകയായിട്ടും എങ്ങനെയാണു താങ്കൾക്ക് ഇങ്ങനെ ഉല്ലാസവാനായിരിക്കാൻ കഴിയുന്നത്? ഹോംസ് പറഞ്ഞു: താങ്കൾക്കോ എനിക്കോ ആ കേസിനെക്കുറിച്ച് ഒന്നുമറിയില്ല. അവിടെ എത്താതെ ഒരു വിവരവും ലഭിക്കില്ല. വരാൻ പോകുന്ന കാര്യമോർത്ത് ഇപ്പോഴേ എന്തിനാണു മനസ്സമാധാനം കളയുന്നത്? ഇവിടെ വന്നിരുന്ന് കാഴ്ചകൾ ആസ്വദിക്കൂ. 

 

വന്നുപോയവയും വരാനിരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കരുത്. ഓർമകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർക്കാഴ്ചകൾ ആസ്വദിക്കാനാകില്ല. ഒന്നുകിൽ സ്മരണകൾ പിറകോട്ടു തള്ളും, അല്ലെങ്കിൽ സങ്കൽപങ്ങൾ മുന്നോട്ടു വലിക്കും. ഓർമകളിലൂടെ ഊളിയിടുന്ന ഒരാളും മധുരനിമിഷങ്ങളിലൂടെയാകില്ല സഞ്ചരിക്കുക. നൊമ്പരങ്ങളെ കുത്തിമുറിവേൽപിച്ച് ആ വേദന വീണ്ടും അനുഭവിക്കുക എന്നത് ഒരു വിനോദം തന്നെയാണ്. 

 

ഭാവനകളിൽ ജീവിക്കുന്നവർക്കാകട്ടെ, നടക്കാതെ പോയ കാര്യങ്ങൾ സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിക്കുന്നതിന്റെ കൃതാർഥതയാണ്. നേരിടുന്ന സംഭവത്തിന്റെ ഭീകരതയെക്കാൾ അവ ഉണർത്തുന്ന ചിന്തകളുടെ ഭയാനകതയിലാണ് ആളുകളുടെ താളംതെറ്റുന്നത്. പരിഹരിക്കാനാകാത്തവിധം വലുതല്ല ഒരു പ്രതിസന്ധിയും. ഓരോന്നിനെയും അതതിന്റെ സമയത്തും സാഹചര്യത്തിലുമാണു നേരിടേണ്ടത്. 

 

മുൻധാരണകളോ വിചിന്തനങ്ങളോ ഉള്ളതിന്റെ പേരിൽ മാത്രം എല്ലാ കാര്യങ്ങളെയും നേരിടാൻ കഴിയില്ല. ഓരോന്നിനെയും അതിനെ അഭിമുഖീകരിക്കുന്ന സമയത്ത് അതിന്റെ എല്ലാ മികവോടും പൂർണതയോടും നേരിട്ടാൽ മതി. കളിക്കാർ പരിശീലനം നേടുന്നത് പന്തടക്കത്തിലും കളിയുടെ തന്ത്രങ്ങളിലുമായിരിക്കും. ഒരു കളിയും മുൻകൂട്ടി പ്രവചിച്ചു പരിശീലിക്കാനാകില്ല. ഓരോ സമയത്തും ആ സമയത്തിന്റെ സന്തോഷങ്ങളും സമ്മർദങ്ങളും മതി. 

English Summary: Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com