sections
MORE

ഏതു നാട്ടിലും വിരിയുന്നു അമ്മമലയാളത്തിന്റെ തണൽ

class room
SHARE

‘എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം, 

മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെ, 

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം’

–  ഒഎൻവി കുറുപ്പ്

എഴു കടലിനക്കരെ പോയാലും മലയാളി നെഞ്ചോടു ചേർത്തുപിടിക്കുന്ന സ്നേഹങ്ങളിലൊന്നാണ് മാതൃഭാഷയുടെ നാട്ടുപച്ചത്തണുപ്പ്. അതുകൊണ്ടുതന്നെ അവരുടെ വലിയ വേവലാതി, അന്യനാട്ടിൽ വളരുന്ന മക്കൾക്കു മലയാളമറിയില്ല എന്നതാണ്. ലോകമെമ്പാടുമുള്ള പുതുതലമുറ മലയാളികൾക്ക് മലയാള ഭാഷയും സാഹിത്യവും അന്യമാകാതിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമമാണ് മലയാളം മിഷൻ. 23 ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിലുമായി പടർന്നു പന്തലിച്ച പ്രസ്ഥാനം. മലയാളം മിഷന്റെ റേഡിയോ മലയാളം ലോകമെങ്ങുമുള്ള മലയാളികളുടെ കാതോരത്ത് അമ്മമലയാളത്തിന്റെ തണുപ്പായി വീശുന്നു. 

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച മലയാളം മിഷൻ 2009 ഒക്‌ടോബർ 22ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഭാഗമായി ലോകമെമ്പാടുംനിന്ന് ഇന്ന് നാൽപതിനായിരം വിദ്യാർഥികളുണ്ട്. മലയാളം മിഷന്റെയും അതിനു കീഴിലുള്ള റേഡിയോ മലയാളത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസന്‍ ജോര്‍ജും റേഡിയോ മലയാളത്തിന്റെ പ്രോജക്ട് ഹെഡ്, കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് എബ്രഹാമും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

പൂത്തുവിടരട്ടെ മലയാളം

തിരുവനന്തപുരം തൈക്കാടാണ് മലയാളം മിഷന്റെ കേന്ദ്ര ഓഫിസ്. നിലവിൽ നാല് കോഴ്‌സുകളാണുള്ളത് – കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. തുടർന്ന് സൂര്യകാന്തി എന്ന ഡിപ്ലോമ കോഴ്‌സ്. ഇതും രണ്ടു വർഷമാണ്. ആമ്പല്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് 3 വർഷമാണ്. നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്) 3 വർഷം. പത്താം ക്ലാസിനു തുല്യമായുള്ള സർട്ടിഫിക്കറ്റ് കോഴ്സാണിത്.

Suja-Susan-George
മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസന്‍ ജോർജ്

മലയാളം മിഷന്റെ വിദഗ്ധ സമിതി അടങ്ങുന്ന കരിക്കുലം കമ്മിറ്റിയാണ് പുസ്തകങ്ങൾ തയാറാക്കുന്നത്. നാലു കോഴ്സും പൂർത്തിയാക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് നൽകുക. കേന്ദ്ര ഓഫിസിൽനിന്നു നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് വിദേശ രാജ്യങ്ങളിൽ അധ്യാപകർ മലയാള ഭാഷ പഠിപ്പിക്കുന്നു. ഈ കോഴ്സ് ചെയ്യുന്ന വിദേശത്തുള്ള ഒരു വിദ്യാർഥിക്ക് ഇവിടെ വന്ന് പിഎസ്‌സി പരീക്ഷ വരെ എഴുതാനുള്ള അംഗീകാരവും സർക്കാർ നൽകിയിട്ടുണ്ട്. 

റേഡിയോ മലയാളം

മലയാളം മിഷനു കീഴിലുള്ള പദ്ധതിയാണ് റേഡിയോ മലയാളം. ഒരു സംസ്ഥാന സർക്കാർ തുടങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ റേഡിയോ എന്ന പ്രത്യേകതയുമുണ്ട് റേഡിയോ മലയാളത്തിന്. 2020 ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ മലയാളം ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ പ്രചാരണം, പഠനം, വികാസം എന്നിവയാണ് റേഡിയോ മലയാളത്തിന്റെ ലക്ഷ്യം. www.radiomalayalam.in എന്ന വെബ്സൈറ്റിലൂടെയും മലയാളം മിഷൻ ആപ്പിലൂടെയും യു ട്യൂബിലൂടെയും ആഴ്ചയിൽ ആറുമണിക്കൂർ പരിപാടികളാണ് റേഡിയോ മലയാളം പ്രക്ഷേപണം ചെയ്യുന്നത്. ഏഴു ദിവസം കൂടുമ്പോൾ പരിപാടികൾ പുതുക്കി നൽകുന്ന രീതിയിലാണ് ഇപ്പോൾ അവലംബിച്ചിരിക്കുന്നത്. 24 മണിക്കൂറും പരിപാടികൾ ലഭ്യമാണ്.

മാതൃഭാഷാ പഠനം റേഡിയോയിലൂടെ നടത്തുക, കേരള സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുക, ലോകമെങ്ങുമുള്ള മലയാളികളെ മലയാളത്തിലൂടെ കോർത്തിണക്കുക, പ്രവാസികളുടെ ഭാവിതലമുറയെ ഭാഷയിലൂടെ കേരളവുമായി ബന്ധിപ്പിക്കുക, പുത്തൻ സാങ്കേതിക വിദ്യയിലൂടെയുള്ള ഭാഷാപഠനം ഉറപ്പാക്കുക, മലയാളം മിഷൻ വിദ്യാർഥികൾക്ക് കരിക്കുലം പഠനം സാധ്യമാക്കുക, എഴുത്തുകാർ, സാസ്കാരിക പ്രവർത്തകർ, ഭാഷാ പ്രവർത്തകർ എന്നിവർക്കായി ഒരു ഭാഷാ റേഡിയോ സൃഷ്ടിക്കുക എന്നിവയാണ് റേഡിയോ മലയാളത്തിന്റെ ലക്ഷ്യങ്ങൾ.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നൽകുന്ന ഒരു സാംസ്കാരിക റേഡിയോ എന്ന രീതിയിലാണ് റേഡിയോ മലയാളം വിഭാവനം ചെയ്തിക്കുന്നത്. ഗോത്രഭാഷയെയും ഗോത്ര സാഹിത്യത്തെയും ഗോത്ര കവികളെയും മുഖ്യധാരയിൽ സജീവമാക്കാനായി പയമെ പണലി (മാവിലായ സമുദായ ഭാഷ) എന്ന പേരിൽ ഗോത്ര തനിമയുള്ള ഒരു പരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ഓഡിയോ ബുക്സ് എന്ന പേരിൽ ഓഡിയോ പുസ്തകങ്ങളും ലഭ്യമാണ്.

malayalam-mission

സംഗീത സംവിധായകൻ ബിജിബാലാണ് റേഡിയോ മലയാളത്തിന്റെ ജിംഗിൾ തയ്യാറാക്കിയിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികൾ. കഥയമ്മ, കിളിവാതിൽ, എഴുത്തുമുറി, വഴിത്താര, ഓഡിയോ ബുക്ക്, കഥോത്സവം, കാവ്യോത്സവം, പായ്ക്കപ്പൽ, ബാലകവിതകൾ, കേരളത്തിന്റെ ശബ്ദങ്ങൾ, മലയാളം മാഷ്, മലയാള ഭാഷയുടെ ചരിത്രം, പ്രിയ പുസ്തകങ്ങൾ എന്നിവയാണ് റേഡിയോ മലയാളം പ്രക്ഷേപണം ചെയ്യുന്ന പ്രധാന പരിപാടികൾ

ഒപ്പമുണ്ട്, ഭാഷാ സ്നേഹികൾ

മലയാളം മിഷനും റേഡിയോ മലയാളത്തിനും ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതു നൽകുന്നത് നല്ല പ്രതീക്ഷകൾ കൂടിയാണ്. ഭാഷയോടും സാഹിത്യത്തോടും നല്ല ആശയങ്ങളോടും താൽപര്യമുള്ളവരുടെ മികച്ച പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും മികച്ച പിന്തുണയുമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളി സംഘടനകളുമായി ചേർന്നുകൊണ്ട് നിരവധി പഠനകേന്ദ്രങ്ങൾ മലയാളം മിഷൻ നടത്തുന്നു. ഇന്ത്യയിൽ ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നീ മൂന്നു ചാപ്റ്ററുകൾക്ക് കീഴിലാണ് മറ്റ് പഠനകേന്ദ്രങ്ങൾ. ഭാഷയിൽ താൽപര്യമുള്ളവർക്ക് അധ്യാപകരാകാനും മലയാളം മിഷൻ അവസരമൊരുക്കുന്നുണ്ട്. അതിനായി മിഷന്റെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

മലയാളം മിഷന്റെ കീഴിലുള്ള കുട്ടികൾക്കായി വിവിധ മൽസരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഭാഷാ പഠനമാർഗം എന്നതിനപ്പുറം സജീവമായ സാമൂഹിക ഇടപെടലുകളും മിഷൻ നടത്തുന്നുണ്ട്. കോവിഡ് വ്യാപനകാലത്ത് വിവിധ രാജ്യങ്ങളിലായി 30 ഹെൽപ് ഡെസ്കുകളാണ് മലയാളി സംഘടനകളെ ഏകോപിപ്പിച്ച് മലയാഴം മിഷൻ തുറന്നത്. അവിടെയുള്ള മലയാളികൾക്കു സഹായമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. 

പുതുതലമുറയില്‍നിന്ന് മാതൃഭാഷ അകലുന്നുവോ?

പുതുതലമുറ ഭാഷയിൽനിന്ന് അകന്നുപോകുന്നത് ഒരു യാഥാർഥ്യമാണ്. അതിൽ പ്രവാസികളായ കുട്ടികളാണ് മലയാളത്തിൽ നിന്ന് ഏറ്റവും അധികം അകന്നു പോകുന്നത്. മുൻപ് പ്രവാസികൾ ഇംഗ്ലിഷായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. മലയാളം പറഞ്ഞാൽ അടികൊടുക്കുക പോലുള്ള ശിക്ഷകളും നൽകിയിരുന്നു. പക്ഷേ ഇന്ന് നമ്മുടെ സ്വത്വത്തെപ്പറ്റി എല്ലാവരും ബോധവാന്മാരാണ്. കുട്ടികളെ മലയാളികളായിത്തന്നെ വളർത്തണമെന്നും മലയാളമറിയുന്ന കുട്ടികളായി വളരണമെന്നും പ്രവാസികൾക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലിഷിനൊപ്പം മലയാളം പഠിപ്പിക്കാനും മലയാളവുമായി ബന്ധിപ്പിക്കാനും അവർ ശ്രമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;