ADVERTISEMENT

വെളുത്ത പീറ്റർ പാൻ കോളറും ചുവന്ന മാലാഖപ്പുള്ളികളുമുള്ള കറുത്ത ഫ്രോക്ക്. നക്ഷത്രചിഹ്നത്തിൽ മുദ്രകുത്തിയ മഞ്ഞ ബാഡ്ജ്. കഴുത്തിൽ വെള്ളിച്ചരടിൽ ഞാന്നു കിടക്കുന്ന ഉരുളൻ ലോക്കറ്റ്. തോൾ തൊട്ട് ചെമ്പൻ മുടി. ക്യാമറ മുകളിലേക്ക്.

നാണം പൂത്ത കണ്ണുകൾ. കുസൃതി പരന്ന ചിരി. വിവരിക്കാനാകാത്ത സന്തോഷം.

 

1942 ജൂൺ 12. പതിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന പെണ്‍കുട്ടി. ജന്‍മദിന സമ്മാനമാണ് ക്യാമറ. ആദ്യമായി ക്യാമറയില്‍ സ്വന്തം മുഖം കണ്ട കൗതുകം മുഖത്ത്.

 

"ആൻ", ഒരു വിളി. ചെറു ചിരിയോടെ ക്യാമറ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും മുഖത്തേക്ക് ചലിപ്പിക്കുന്നു. ആൻ ഫ്രാങ്ക്. രണ്ടാം ലോക മഹായുദ്ധകാലത്തെ നിരാധാര ബാല്യങ്ങളുടെ മുഖചിത്രം.

 

നാസി ജർമനിയിലെ വംശശുദ്ധീകരണത്തിന് ഇരയായി ഉന്മൂലനം ചെയ്യപ്പെട്ട കുടുംബങ്ങളിലൊന്നായിരുന്നു ആൻഫ്രാങ്കിന്റേത്. ആൻ ജീവിച്ചിരുന്നതു വെറും പതിനഞ്ചു വർഷങ്ങൾ. എന്നാൽ യുദ്ധഭീകരതയുടെ നോവുന്ന ചിത്രമായി ഇന്നും വിശ്വഹൃദയങ്ങളിൽ തെളിയുന്ന ആദ്യ മുഖം ആൻഫ്രാങ്ക് തന്നെ. അനുഭവിച്ച വേദനകളെ ലോകത്തിനു പറഞ്ഞു കൊടുക്കാൻ ആൻ എഴുതി സൂക്ഷിച്ച ഡയറിക്കുറിപ്പുകൾക്ക് ഇരുപതാം നൂറ്റാണ്ടിലും വായനക്കാരേറെ.

 

ഒട്ടേറെത്തവണ ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആൻ ഫ്രാങ്കിന്റെ ജീവിതം വീണ്ടും യാഥാർഥ്യത്തോടടുത്ത് തീവ്രമായും തീക്ഷ്ണമായും ആനിന്റെ ജീവിതത്തെ പുതിയ കാലത്തേക്കു പറിച്ചു നടുകയാണ് ആംസ്റ്റർഡാമിലെ 'ആൻ ഫ്രാങ്ക് ഹൗസ്'. ജീവിതം തുറന്നെഴുതിയ കടലാസു താളുകൾക്കു പകരം വീഡിയോ ഡയറിയുമായാണ് 2020 ൽ ആനിന്റെ വരവ്. കിറ്റിയ്ക്കു പകരം കയ്യിലെ ക്യാമറയോടാണ് കഥ പറച്ചിൽ.

 

'ആൻ ഫ്രാങ്ക് വിഡിയോ ഡയറി' എന്ന പേരിൽ പുറത്തിറങ്ങിയ സീരിസിൽ 15 എപ്പിസോഡുകൾ. അഞ്ചും പത്തും മിനുറ്റ് ദൈര്‍ഘ്യമുള്ളവ. അറുപതു രാജ്യങ്ങളിൽ റിലീസ്. അഞ്ച് ഭാഷകളിൽ വിവർത്തനം. സംവിധാനം റൊണാൾഡ് ലിയോപോൾഡ്. ആൻഫ്രാങ്കായി ഡച്ച് ബാലതാരം ലൂണ ക്രൂസ് പെരെസ്.

 

ക്യാമറ കണ്ട ആനിന്റെ ആദ്യ സന്തോഷം പതിയെ മാഞ്ഞു. മനസ്സിൽ ഭാവിയെക്കുറിച്ചുള്ള ആകുലതകൾ. "നാളെ ഞങ്ങൾ ഒളിവിലേക്കു പോകുന്നു. എനിക്ക് പേടിയാകുന്നുണ്ട്", ആൻ പറയുന്നു. അച്ഛൻ ഓട്ടോ ഫ്രാങ്കിന്റെ കമ്പനിയോട് ചേർന്ന രഹസ്യ മുറിയിലേക്ക് കൂടുമാറ്റം.

 

പുതിയ സ്ഥലത്തും ക്യാമറ തന്നെ ആനിനു കൂട്ട്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, സങ്കടങ്ങൾ, ഭയങ്ങൾ, രഹസ്യങ്ങൾ... എല്ലാം കണ്ടും കേട്ടും കൂടെയുള്ള ചങ്ങാതി. പീറ്ററിനോടുള്ള പ്രണയം, അവർക്കിടയിലെ നിശബ്ദത, സ്വകാര്യ നിമിഷങ്ങൾ. കൗമാരക്കാരിയുടെ പകൽക്കിനാവുകളും പേടികളും ഒപ്പിയെടുത്ത് രാവും പകലും ക്യാമറ ആനിനൊപ്പം. 

 

നാസികൾ പിടിച്ചടക്കിയ നെതർലാൻഡിന്റെ ദുരിതജീവിതം ആനിന്റെ മനസ്സുലയ്ക്കുന്നുണ്ട്. വെടി വെച്ചും വിഷ വാതകം ശ്വസിപ്പിച്ചും ഇല്ലാതാക്കിയ മനുഷ്യർ... അവരെപ്പറ്റിയുള്ള ചർച്ചകൾ... ഓർക്കുമ്പോൾ തന്നെ മരവിപ്പ്. പുറത്ത് കൊടുമ്പിരികൊള്ളുന്ന യുദ്ധഭീതികൾ താങ്ങാനാകാതെ ആ ഹൃദയം. പൊട്ടിയൊഴുകാറുണ്ട് ആ കണ്ണുകളും ഇടയ്ക്കിടെ.

 

ചുറ്റും വട്ടമിട്ടു പറക്കുന്ന വിമാനങ്ങളുടെ ശബ്ദങ്ങളും ഭീതിപ്പെടിത്തുന്ന സൈറനുകളും. എന്നാൽ ആൻ തനിച്ചല്ല. കണ്ണും കാതും കൊടുത്ത് സ്വന്തം ക്യാമറയുണ്ട് കൂടെ. "കാര്യങ്ങൾ പതിവിലും ഭയാനകമാണ്, അവർ ഞങ്ങളെ കണ്ടെത്തിയാൽ എന്തു ചെയ്യും", ആൻ വേദന പങ്കു വയ്ക്കുന്നതും അതിനോടു തന്നെ.

 

വീട്ടിൽ ഒതുങ്ങിപ്പോയ അമ്മയെപ്പോലെ ആകേണ്ടെന്നും തനിക്കു പഠിച്ചു മിടുക്കിയാകണമെന്നും കിനാവു കാണുന്നുണ്ട് ആൻ. "ജനലോരമിരുന്നു കാണാറുള്ള ആകാശക്കീറാണ് ഏക ആശ്വാസം: ഈ തെളിമാനം കാണുമ്പോൾ എല്ലാം ശുഭമായി അവസാനിക്കുമെന്ന് മനസ്സു പറയുന്നു. ശാന്തിയും സമാധാനവും ഉറപ്പായും തിരികെ വരും". 

 

പ്രതീക്ഷ മാത്രമായി അവസാനിച്ച സ്വപ്നം. 1944 ഓഗസ്റ്റ് 4 ന് നാസിരഹസ്യപൊലീസ് ആൻ ഫ്രാങ്കിനെയും കുടുംബത്തെയും കണ്ടെത്തുന്നു. 25 മാസങ്ങൾ നീണ്ട ഒളിവുകാലത്തിനു വിരാമം. ആനിന്റെ കയ്യിൽ നിന്നു താഴെ വീണ ക്യാമറ അപ്പോഴും ചലിക്കുന്നുണ്ട്. ഒളിത്താവളം വിട്ട് എങ്ങോട്ടെന്നറിയാതെ പോകേണ്ടി വരുന്ന ആവലാതികൾ അപ്പോഴുമത് പകർത്തുന്നു. അവസാന എപ്പിസോഡിന്റെ ഒടുവിലത്തെ നിമിഷങ്ങളിൽ പേടിയും നോവും കലർന്ന ഒച്ചകൾ മാത്രം. തീരാനൊമ്പരമായി അവശേഷിച്ച ജീവിത ചിത്രം.

 

2017 ൽ തുടങ്ങിയതാണ് 'ആൻ ഫ്രാങ്ക് വീഡിയോ ഡയറി' യ്ക്കുള്ള ഒരുക്കങ്ങൾ. എന്നാൽ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങിയപ്പോൾ കോവിഡ്. ആൻ ഫ്രാങ്കിന്റെ ജീവിതത്തെ അത്ര തന്നെ ആഴത്തിൽ ഉൾക്കൊള്ളാൻ ഇതിലും ഉചിതമായ കാലഘട്ടം വേറെയില്ലെന്ന് സംവിധായകന്റെ വാക്കുകൾ. ആനിനെ സ്വാഭാവികതയോടെ അവതരിപ്പിച്ച ലൂണയും രണ്ടു മാസമായി സ്കൂളിൽ പോകാനാകാതെ വീട്ടിലുണ്ട്. മറ്റാരേക്കാളും ലൂണയ്ക്കു മനസിലാകുമല്ലോ ആൻ ഫ്രാങ്കിനെ. പുതിയ കാലത്തിനു ചേർന്ന രീതിയിലെ അവതരണത്തിൽ താനും സന്തുഷ്ടയാണെന്ന് ആനിന്റെ 91 വയസ്സുള്ള കൂട്ടുകാരി ജാക്ക്വിലിനും.

 

'ആൻ ഫ്രാങ്ക് വിഡിയോ ഡയറിയിലെ' എപ്പിസോഡുകള്‍ തുടങ്ങുന്നത് ആനും കുടുംബവും ഒളിച്ചിരുന്ന പുസ്തക ഷെൽഫിന്റെ മറ നീക്കിക്കൊണ്ട്. ഈ ലോകം തന്നെ ഓർമ്മിക്കണമെന്ന് ആഗ്രഹിച്ച ആൻ ഫ്രാങ്കിന്റെ മനസ്സിലേക്കുള്ള വാതില്‍ തുറക്കുന്നു. സ്വാഗതം; ആ കാണാക്കാഴ്ചകളിലേക്ക്. 

English Summary: Anne Frank video diary by Anne Frank House

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com