ADVERTISEMENT

മലയാളത്തിലെ പ്രശസ്ത ജനപ്രിയ നോവലിസ്റ്റായിരുന്ന കാനം ഇ.ജെ. മൺമറഞ്ഞിട്ട് മുപ്പത്തിമൂന്നു വർഷം. സ്നേഹവാനായ പിതാവിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് കാനത്തിന്റെ മകൾ സേബ ജോയ് കാനം.

 

ജൂൺ പതിമൂന്ന്:, മലയാളത്തിന്റെ പ്രിയങ്കരനായിരുന്ന സാഹിത്യകാരൻ കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് മുപ്പത്തിമൂന്നു വർഷങ്ങളാകുന്നു. മിന്നി മാഞ്ഞ ആ താരകം ഇന്നും ആരാധകരുടെ ഓർമയിൽ പൂത്തുലഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ കൈ കോർത്തു പിടിച്ച്, നിർഗളമായി ഒഴുകി കടലിൽ ചേരുന്ന പുഴപോലെ ജനങ്ങളുടെ ഹൃദയ നദിയിലേക്കൊഴുകിയൊഴുകിയെത്തിയ ഒരാൾ! പാടത്തും പറമ്പിലും പുലരുമ്പോൾ മുതൽ സന്ധ്യവരെ വിയർപ്പൊഴുക്കി പണിയുന്നവരുടെ കൂട്ടുകാരൻ! അവർ ജോലിയും കഴിഞ്ഞു വരുമ്പോൾ കടകൾക്കു മുൻപിൽ കാത്തുനിൽക്കും. ആളുകൾ പൈങ്കിളി കഥകളും അവ വന്നിരുന്ന വാരികകളും ഇഷ്ടപ്പെട്ടിരുന്ന കാലം. കാനത്തിന്റെയും മുട്ടത്തുവർക്കിയുടെയും കഥകൾക്കായി അവർ അക്ഷമയോടെ കാത്തു നിൽക്കുന്നത് പതിവു കാഴ്ചയായിരുന്നു.

 

കാനം എന്ന ഗ്രാമത്തെപ്പറ്റി പുറംലോകം ആദ്യമായി അറിഞ്ഞുതുടങ്ങിയത് കാനം ഇ.ജെ എന്ന എഴുത്തുകാരനിലൂടെയാണ്. കാനം എന്ന തൂലിക നാമം സ്വീകരിച്ച് അദ്ദേഹം ഈ ഗ്രാമത്തിന്റെ ശില്പി ആയിത്തീർന്നു. പേരുപോലെ തന്നെ കാനനഭംഗി നിറഞ്ഞ ഈ സ്ഥലം - കോട്ടയം ജില്ലയിൽ മണർകാട്, പാമ്പാടി, വാഴൂർ പ്രദേശങ്ങൾ കഴിഞ്ഞാണ്. പച്ച പുതച്ചുറങ്ങുന്ന മരങ്ങൾക്കിടയിലൂടെ മഞ്ഞുപെയ്തിറങ്ങിയിരുന്ന ഈ സ്ഥലം  ഫലവൃക്ഷലതാദികളാൽ തളിർചൂടി നിൽക്കുന്ന മനോഹാരിയാണ്! ഇന്നിപ്പോൾ കാലാവസ്‌ഥയാകെ മാറിക്കഴിഞ്ഞു.

 

സഹധർമ്മിണി പി.ഐ. ശോശാമ്മ എന്ന ശോശാമ്മ ടീച്ചർ മല്ലപ്പള്ളി, ആനിക്കാട് പാറയ്ക്കൽ കുടുംബാംഗമാണ്. ഇവർക്ക് നാല് പെൺമക്കളും ഏക മകനും. കാനം എന്ന എഴുത്തുകാരൻ ആദ്യം പട്ടാളത്തിൽ ചേർന്നെങ്കിലും തിരികെപ്പോന്നു. സാഹിത്യവിശാരദൻ പഠനം പൂർത്തിയാക്കിയിരുന്ന അദ്ദേഹം മുണ്ടക്കയം, കുമ്പളാംപൊയ്ക, കാനം സിഎംഎസ് സ്കൂളുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു, എങ്കിലും കഥാരചനകളിൽ മുഴുകിയിരുന്നതിനാൽ ജോലി രാജിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യാപകൻകൂടിയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ പാതയിൽ തത്പരനായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പു പ്രചരണാർത്ഥം ഗാനങ്ങൾ രചിച്ചിരുന്നു. സ്വന്തമായി ആരംഭിച്ച ‘മനോരാജ്യം വാരിക’ പിന്നീട് ജോർജ് തോമസ് -റേച്ചൽ തോമസ് ദമ്പതികൾക്ക് കൈമാറ്റം ചെയ്തു.

 

ദുഃഖിതരോടും നിർദ്ധനരോടും വലിയ കൂറായിരുന്നു, സത്ക്കാരപ്രിയനായിരുന്നു. പ്രസിദ്ധ സാഹിത്യകാരന്മാരും കലാകാരന്മാരും സുഹൃത്തുക്കൾ ആയിരുന്നു. ഡിക്റ്റക്ടീവ് നോവലിസ്റ്റുകളായ ബാറ്റൺ ബോസ്, തോമസ് ടി. അമ്പാട്ട് തുടങ്ങി നിരവധിപേർ അക്കൂട്ടത്തിലുണ്ട്. അതിഥി ദേവോ ഭവഃ എന്ന മനോഭാവമുള്ള ശോശാമ്മ ടീച്ചറിന്റെ കൈപ്പുണ്യം ആസ്വദിച്ച്, മണൽ വിരിച്ച വലിയ മുറ്റത്തെ വെള്ളച്ചാമ്പയുടെ ചുവട്ടിൽ അവർ കൂട്ടംകൂടിയിരിക്കും. പ്രസിദ്ധ കാർട്ടൂണിസ്റ്റ് ടോംസ് ആത്‌മസുഹൃത്തായിരുന്നു. മുറ്റം നിറയെ ഫലവൃക്ഷങ്ങൾ നിറഞ്ഞ കുളിർമയുടെ തണുത്ത സ്പർശം! തിരുവനന്തപുരത്തെ മെരിലാൻഡ് സ്റ്റുഡിയോയിലും ഉമാ സ്റ്റുഡിയോയിലും പോയി മടങ്ങി വരുമ്പോൾ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച വിവിധതരം ചാമ്പമരങ്ങൾ, പേര, സപ്പോട്ട, മാവുകൾ എന്ന് വേണ്ട പലതരം മരങ്ങളും ചെടികളും മുറ്റം നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന തെറ്റിയും ചെമ്പകവും റോസയും രാത്രിയിൽ മാത്രം വിരിയുന്ന നിശാഗന്ധിയും ഓറഞ്ചുതണ്ടും വെളുത്ത ഇതളുകളും ഉള്ള മനോഹരമായ പാരിജാതപ്പൂക്കളും കുടമുല്ലയും കാറ്റിലൊഴുകിയെത്തുന്ന പിച്ചിപ്പൂവിന്റെ മനം മയക്കുന്ന സൗരഭ്യവും!.

 

വിവിധയിനം വാഴകൾ ശേഖരിച്ച് അവയെല്ലാം പരിപാലിച്ചിരുന്നു. കദളി, റോബസ്റ്റ, ചിങ്ങൻ, കണ്ണൻ, ഏത്തവാഴ, പൂവൻ ഇവയെല്ലാം പുരയിടത്തിൽ നിറഞ്ഞുനിന്നിരുന്നു. മൃഗസ്നേഹിയായ അദ്ദേഹം ലക്ഷണമൊത്ത കന്നുകാലികളെ മാത്രമേ വീട്ടിൽ വളർത്തിയിരുന്നുള്ളു. വാങ്ങിക്കൊണ്ടു വരുന്ന എരുമകളെയും മറ്റും ഇഷ്ടപ്പെട്ടില്ലങ്കിൽ നഷ്ടത്തിൽത്തന്നെ മാറ്റി വാങ്ങും. വാഹനങ്ങളിലും നന്നേ കമ്പമുണ്ടായിരുന്നു. അതും ഇഷ്ടമായില്ലെങ്കിൽ അടുത്ത ആഴ്ച തന്നെ നഷ്ടത്തിൽ വിറ്റ് പുതിയത് തരപ്പെടുത്തുമായിരുന്നു.

 

ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തിന് സ്വന്തം ആരോഗ്യകാര്യങ്ങളിൽ തീരെ ശ്രദ്ധ ഇല്ലായിരുന്നു. ദോശക്കല്ലിൽനിന്ന് ചട്ടുകം വഴി നേരേ ദോശ പ്ലെയിറ്റിലേക്ക് എന്നതായിരുന്നു രീതി. ആദ്യത്തെ ഹാർട്ട് അറ്റാക്കിന്ശേഷം ആശുപത്രിയിൽ കിടക്കുമ്പോൾ ടോയ്‌ലറ്റിന്റെ എയർഹോളിനുള്ളിൽ ക്ലീനർമാരെകൊണ്ട് ബീഡി വാങ്ങിച്ചു വയ്ക്കുമായിരുന്നു. ഡോക്ടർ ചെമ്മനം വർഗീസ് സ്നേഹത്തോടെ ശാസിച്ചു വിളിക്കുമായിരുന്നു– ഡിസ്ഒബീഡിയന്റ് പേഷ്യന്റ് !

 

ഗ്രാമഫോണിൽ നിന്ന് ഒഴുകിയെത്തുന്ന സംഗീതം ആസ്വദിച്ചു ചാരുകസേരയിൽ ചാമ്പമരത്തിന്റെ തണലിൽ കണ്ണുകൾ പൂട്ടി ഭാവനയുടെ തേരിൽ മണിക്കൂറുകളോളം ലയിച്ചു കിടക്കും. തൊട്ടടുത്ത് തെറുത്തെടുത്ത ദിനേശ് ബീഡിയുടെ കെട്ടുകളും ഉണ്ടാകും. ദൂരെ -അടുക്കളയിൽ നിൽക്കുന്ന പ്രിയതമയെ അദ്ദേഹം ഉറക്കെ വിളിക്കും.: ‘ശോശം... ശോശം...’ അവർ ഓടി അടുത്തെത്തും ആലോചനയിലാണ്ട്‌ ഇരിക്കുന്നതിനാൽ അദ്ദേഹം ഭാര്യ അടുത്തെത്തിയത് അറിയാറില്ല. അപ്പോൾ അവർ പതിയെ വിളിക്കും: ‘കേട്ടോ’. അങ്ങനെയാണ് അവർ ഭർത്താവിനെ ബഹുമാനപൂർവ്വം സംബോധന ചെയ്യുന്നത്.

 

‘ആ ബീഡിയിങ്ങെടുത്തേ’ അദ്ദേഹത്തിന്റെ തൊട്ടടുത്തിരിക്കുന്ന ബീഡിയെടുത്തു കൊടുക്കാൻ ഒരു ദിവസം തന്നെ അവർ പല തവണ ഓടേണ്ടതായിവരും. ബീഡി വലിച്ചുകഴിയുമ്പോൾ ചൂടുള്ള അര ഗ്ലാസ്സ് ചായയും നിർബന്ധമാണ്. ഒരു പുകയുടെ ലഹരിയിലായിരിക്കും പലപ്പോഴും സൃഷ്ടിയുടെ ആരംഭം കുറിക്കുന്നത്. സംഗീതം വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നന്നായി ഓടക്കുഴൽ വായിച്ചിരുന്നു, നല്ലൊരു പ്രസംഗകൻ ആയിരുന്നു. രാത്രിയുടെ നിശബ്ദതയിൽ കഥാതന്തുക്കൾ വെളിച്ചം കണ്ടു. സംസ്‌കൃതത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. പ്രഭാതത്തിൽ മുറി നിറയെ ബീഡിക്കുറ്റികളും ഒഴിഞ്ഞ  ഗ്ലാസ്സും പതിവുള്ള കാഴ്ചകൾ ആയിരുന്നു.

 

ആരാധികമാരുടെ കത്തുകൾ എല്ലാ ദിവസവും ഏറെയുണ്ടാകും. ചിലതൊക്കെ വായിച്ച് ഞാൻ ഊറിച്ചിരിക്കും, ചിലത് അമ്മയെ വായിച്ച് കേൾപ്പിക്കും. ‘ഇതെന്റെ കഥയാണല്ലോ’ എന്ന് ചിലർ എഴുതാറുണ്ട്, എന്റെ കഥകൂടി എഴുതുമോ എന്ന് ചോദിച്ച് ചിലർ കഥാതന്തുക്കൾ അയച്ചുതരും. ചില കത്തുകൾക്കെല്ലാം ഞാൻ ആശ്വാസവാക്കുകൾ എഴുതി അയയ്ക്കും. നീറുന്ന ആ കദനകഥകൾ വായിച്ചാൽ ആരും കരഞ്ഞുപോകും!

 

അവൾ വിശ്വസ്ത ആയിരുന്നു, ഭാര്യ, അധ്യാപിക, മനസ്സൊരു മഹാസമുദ്രം, ഏദൻതോട്ടം തുടങ്ങി നൂറ്റിമുപ്പതോളം നോവലുകൾ എഴുതി. ഇരുപത്തിമൂന്ന് നോവലുകൾ ചലച്ചിത്രമാക്കിയിട്ടുണ്ട്. ഗാനരചനകളിൽ തിരയും തീരവും, ചക്രവാളം ചാമരം വീശും, സ്വയംവര കന്യകേ, സുരവല്ലി വിടരും, മുത്തുമണികൾ മാറിൽചാർത്തി തുടങ്ങിയവ ഹിറ്റായി. ഷൂട്ടിങ്ങിനു പോകുമ്പോൾ ചിലപ്പോൾ ഞങ്ങളെയും കൂട്ടാറുണ്ടായിരുന്നു. ജാനകിയമ്മയുടെ പാട്ടുകേട്ട് ഞാൻ കണ്ണുമിഴിച്ചിരുന്നിട്ടുണ്ട്. സംസാരിക്കുമ്പോഴും പാടുമ്പോഴും ഒരേ സ്വരം. മിക്ക ഗാനങ്ങളുടെയും സംഗീത സംവിധാനം അർജുനൻ മാഷായിരുന്നു. 

 

അദ്ദേഹം നാടകങ്ങളിലും ബൈബിൾ ആസ്പദമാക്കി എഴുതിയ കഥകളിലും മികവ് കാട്ടിയിരുന്നു. അഞ്ചു സിനിമകൾക്ക് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. ഞാൻ സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ എഴുതുന്ന കഥകൾ വായിച്ച് അദ്ദേഹം ഊറിച്ചിരിക്കും.

ഒരിക്കൽ കാനത്തിന്റെ കഥകൾ സിനിമയാക്കിയ ഒരു സുഹൃത്ത്‌ അദ്ദേഹത്തോട് ആവശ്യപ്പെട്ടു: ‘എന്റെ പേരിൽ ഒരു സിനിമാഗാനം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’. മുസൽമാനായ അദ്ദേഹത്തിന് സമുദായത്തനിമയുള്ള പാട്ടാണ് വേണ്ടത്. ‘ശരി, ഞാൻ നിങ്ങൾക്കായി പാട്ടെഴുതിത്തരാം’ എന്ന് പറഞ്ഞ് കാനം എഴുതിക്കൊടുത്ത സിനിമാഗാനം അനേകായിരങ്ങൾ ഇന്നും ഏറ്റുപാടുന്നു. ആ ഗാനം പ്രശസ്തിയുടെ ഉന്നതതലങ്ങളിൽ എത്തപ്പെട്ടു.

 

വിമർശനങ്ങളെ വിലയ്ക്കെടുത്തിരുന്നില്ല. ജനങ്ങൾ നൽകുന്ന ആദരവുകൾ അവാർഡുകളായി സ്വീകരിച്ചു. ‘ഭാര്യ’ എന്ന സിനിമ തിരുവല്ല അമ്മാളുകുട്ടി കൊലക്കേസ് ആസ്പദമാക്കി എഴുതിയാണെന്ന വാദത്തിന് കലാകാരന്റെ ഭാവനയാണ് എന്നായിരുന്നു മറുപടി. നോവലുകളും കഥകളും എഴുതുമ്പോൾ ചിലരൊക്കെ ഭീഷണിക്കത്തുകൾ അയച്ചിരുന്നു. അവരുടെ കഥയാണ്, അതെഴുതരുത് എന്ന ആവശ്യത്തിന് ചെവികൊടുത്തിരുന്നില്ല. തൂലിക കലാകാരന്റെ ആയുധമാണ് എന്നായിരുന്നു മറുപടി!

 

മംഗളം, മനോരമ, മനോരാജ്യം, സഖി, ജനനി, മാമാങ്കം തുടങ്ങിയ വാരികകളിൽ ഒരേ സമയം ആറും ഏഴും നീണ്ടകഥകൾ എഴുതിക്കൊടുത്തിരുന്നു. കഥ കൊടുക്കാൻ താമസിച്ചാൽ അവർ രാവിലെതന്നെ വീട്ടിലെത്തി വാങ്ങിക്കൊണ്ടു പോയിരുന്നു.

 

തന്റെ ജാതകത്തിൽ ആയുസ്സ് അറുപതു വരേയുള്ളു എന്നു പറഞ്ഞിരുന്നു. അറുപതു തികഞ്ഞാൽ ശുക്രദശയാണെന്നും പറഞ്ഞു. പക്ഷേ ജാതകം കുറിച്ച ജോത്സ്യൻ എഴുതി, അറുപതിനു മുകളിൽ എഴുതാൻ സാധിക്കുന്നില്ലത്രേ. ആ പ്രവചനം ശരിയായി ഭവിച്ചു. അറുപതു തികയുന്ന ജന്മദിനത്തിൽ ആ സ്‌നേഹവാൻ വിടവാങ്ങി. ജനിച്ചതും മരിച്ചതും പതിമൂന്നാം തീയതി. ആയിരത്തി തൊള്ളായിരത്തിഇരുപത്തിയാറ് ജൂൺ പതിമൂന്നിനു ജനിച്ച അദ്ദേഹം ആയിരത്തി തൊള്ളായിരത്തി എൺപത്തേഴ് ജൂൺ പതിമൂന്നിനു വിടവാങ്ങി. ജ്വലിക്കുന്ന ആ സ്മരണകൾക്കുമുൻപിൽ ആദരവോടെ...

English Summary: Remembering Kanam EJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com