sections
MORE

'സ്വകാര്യതയിൽ കൈകടത്താതിരിക്കാനുള്ള മാന്യത പാലിക്കണം, വീണയ്ക്കും റിയാസിനും ആശംസകൾ'

HIGHLIGHTS
  • ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്.
benyamin
ബെന്യാമിൻ, വീണ, റിയാസ്
SHARE

ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. അപരന്റെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കാനുള്ള മാന്യത മലയാളി കാണിക്കണമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും പി.എ. മുഹമ്മദ് റിയാസും വിവാഹിതരാകുന്നു എന്ന വാർത്തയോട് മോശമായി പ്രതികരിച്ചവരെ വിമർശിച്ച എഴുത്തുകാരൻ റിയാസിനും വീണയ്ക്കും വിവാഹ ആശംസകൾ നേർന്നു.  

ബെന്യാമിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യർക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ ആ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ പൊതുസമൂഹത്തിന് ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ ജീവിതത്തിനുമേൽ മാന്യതയില്ലാതെ കൈകടത്താൻ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണം. ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരു ബീച്ചിൽ പോയിരുന്നാൽ പോലും പിന്നാലെ പമ്മിച്ചെന്നു നോക്കുന്ന ഒരു വിഭാഗം മലയാളിയല്ലാതെ മറ്റാരും ഈ ലോകത്തിൽ തന്നെ കാണില്ല. വിദ്യാഭ്യാസപരമായി നാം കുറെ വളർന്നിട്ടുണ്ടവാം. പക്ഷേ മാനസികമായി നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ഓരോ അനുഭവങ്ങളും നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വളരെ അടുത്തറിയാവുന്ന ചിലരുടെ പോലും ഫേസ് ബുക്ക് പോസ്റ്റുകൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് പറയേണ്ടി വരുന്നത്. വിഷയം: മുഹമ്മദ് റിയാസും വീണയും വിവാഹിതരാകുന്നു. ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? അഞ്ച് വർഷം മുൻപ് വിവാഹമോചനം നേടിയ ഒരു പുരുഷൻ. നാലു വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവർക്കിഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുൻ പങ്കാളികൾക്ക് അതൊരു വിഷയവുമല്ല. പുനർ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തിൽ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്.

എന്നാലും അതിനു ‘ഞങ്ങളുടെ അനുവാദം’ വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങൾ. ആ വാർത്ത കേട്ട് ഹാലിളകിപ്പോയ ചിലരാവട്ടെ അധിഷേപവും പരിഹാസവും കൊണ്ട് പൊതു ഇടങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ചിലർ അതിൽ ജാതിയും മതവും കലർത്തുന്നു. ചിലരാവട്ടെ അതിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് ഗൂഡാലാചന സിദ്ധാന്തം ചമക്കുന്നു. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യം! ഈ ദുരന്തകാലത്തിലും നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണല്ലോ. അതിൽ നിന്ന് കണ്ണെടുക്കാൻ നിന്റെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ.

അപരന്റെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഈ വൈകൃതങ്ങൾ കണ്ട് ഇതര സമൂഹങ്ങൾ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്കാരിക വളർച്ചയെ അവർ ചോദ്യം ചെയ്യും.

റിയാസിനും വീണയ്ക്കും ആശംസകൾ.

English Summary: Writer Benyamin congratulates Veena and Riyas for their wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;