sections
MORE

കോവിഡ് ദുരന്തം ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യണം: രോഗത്തെ അതിജീവിച്ച മൈക്കല്‍ റൂസൻ

michael-rosen2
മൈക്കല്‍ റൂസന്‍
SHARE

എഴുത്തിന്റെ ലോകത്തുനിന്ന് ചെറിയൊരു ഇടവേള പോലും സ്വപ്നം കണ്ടിട്ടേയില്ലാത്ത ഒരു മനുഷ്യന് അങ്ങേയറ്റം കഠിനമാണ് 24 മണിക്കൂറും കിടപ്പ്. അതും മരുന്നു മണക്കുന്ന ആശുപത്രി മുറിയില്‍. ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍. വേദനകളും വിലാപങ്ങളും ഇടവിട്ടു കേള്‍ക്കുന്ന ഇടനാഴികളില്‍. ആഗ്രഹിച്ചില്ലെങ്കിലും, വന്യമായ സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ലെങ്കിലും ആശുപത്രി വാസത്തിലൂടെ കടന്നുപോകേണ്ടിവന്നു കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മൈക്കല്‍ റൂസനും. കോവിഡ് ലോകം പിടിച്ചടക്കിയ രോഗാതുര കാലത്ത്. എഴുത്തില്‍നിന്നും വായനയില്‍ നിന്നും അവധിയെടുത്ത് ഒന്നരമാസത്തോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജീവിതത്തിലേക്കു തിരിച്ചെത്തെയിരിക്കുകയാണ് ബ്രിട്ടിഷ് എഴുത്തുകാരനായ റൂസന്‍. 140-ല്‍ അധികം പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവ്. കോവിഡ് തന്നെയാണ് അദ്ദേഹത്തെയും കീഴടക്കാനെത്തിയത്. എന്നാല്‍ കുടുംബത്തിന്റെ അതിശയകരമായ പരിചരണത്തില്‍, വൈദ്യശാസ്ത്രത്തിന്റെ അതിജീവനശേഷിയില്‍ വിശ്വാസമര്‍പ്പിച്ച് റൂസന് ഇത് വിജയകരമായ തിരിച്ചുവരവ്. മരണത്തില്‍ നിന്നു ജീവിതത്തിലേക്ക്. 

47 ദിവസം കോവിഡുമായുള്ള പോരാട്ടത്തിലായിരുന്നു മൈക്കല്‍ റൂസന്‍. ചോക്കളേറ്റ് കേക്ക് എന്ന കവിതയുടെ ശില്‍പി. വി ആര്‍ ഗോയിങ് ഓണ്‍ എ ബിയര്‍ ഹണ്ട് എന്ന ബെസ്റ്റ് സെല്ലറിന്റെ സ്രഷ്ടാവ്. ട്വിറ്ററില്‍ രാഷ്ട്രീയത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമെല്ലാം നിരന്തരമായി പ്രതികരണങ്ങളുമായി സജീവമായിരുന്ന അതേ റൂസന്‍. 

സമൂഹമാധ്യമങ്ങളിലെ റൂസന്റെ അസാന്നിധ്യം സുഹൃത്തുക്കള്‍ ശ്രദ്ധിക്കുന്നത് ഒന്നരമാസം മുന്‍പ്. റൂസന്‍ എവിടെ എന്ന ചോദ്യത്തിന് തുടക്കത്തില്‍ ഒരു മറുപടിയും ലഭിച്ചില്ല. ഒടുവില്‍ കുടുംബം പ്രതികരണവുമായി എത്തി. റൂസന്റെ ആരോഗ്യ നില തീരെ മോശം എന്നായിരുന്നു ഞെട്ടിക്കുന്ന വാര്‍ത്ത. ഭാര്യ എമ്മയാണ് വാര്‍ത്ത പുറത്തുവിട്ടത്. സാഹിത്യലോകം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഐസിയുവിലായിരുന്നു ദിവസങ്ങളോളം റൂസന്‍. പിന്നീട് വാര്‍ഡിലേക്കു മാറ്റി. കോവിഡ് കവര്‍ന്ന ജീവതങ്ങളുടെ വാര്‍ത്തകളായിരുന്നു ദിവസവും എത്തിക്കൊണ്ടിരുന്നത്. ലോകമെങ്ങും കോറോണ വൈറസ് ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭീകര കഥകളും. 

ഒരു മാസത്തിനു ശേഷം  എമ്മ വീണ്ടും റൂസന്റെ ആരോഗ്യ വിവരവുമായി എത്തി. അദ്ദേഹം തിരിച്ചുവരുന്നു എന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഉടനെയൊന്നും റൂസന്‍ സജീവമായി എഴുത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും എമ്മ അറിയിച്ചു. 

ഒടുവില്‍ ഈ മാസം ആറിന് പ്രതീക്ഷിച്ച വാര്‍ത്തയെത്തി: റൂസന്‍ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി. 

തൊട്ടുപിന്നാലെ സമൂഹമാധ്യമത്തില്‍ അദ്ദേഹം സജീവമായി. 

‘ ഈ പോരാട്ടത്തിലെ മുന്നണിപ്പോരാളികള്‍ എമ്മയും എന്റെ മക്കളുമാണ്. അവരാണ് എല്ലാ സംഘര്‍ഷങ്ങളും ഏറ്റുവാങ്ങിയത്. എന്നെ പൂര്‍ണമായി പിന്തുണച്ച്, എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങി അവര്‍ എന്റെ കൂടെ നിന്നു. വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ. ഞാനിതാ വീണ്ടും എത്തിയിരിക്കുന്നു. എമ്മയോടും കുട്ടികളോടും ഞാന്‍ എങ്ങനെ നന്ദി പറയും: ഇക്കഴിഞ്ഞ വ്യാഴാഴ്ച റൂസന്‍ എഴുതി. 

രണ്ടു മാസത്തോളം കുടുംബം കടുത്ത അനിശ്ചിത്വത്തിലായിരുന്നെന്ന് റൂസന്‍ പറയുന്നു. എന്തു സംഭവിക്കുമെന്നറിയില്ല. എന്തും സംഭവിക്കാം. ദുരന്തം ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യണം. ദിവസം 24 മണിക്കൂറും പോരാതെ വന്ന ദിവസങ്ങള്‍: കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചു പറയുമ്പോള്‍ റൂസന്‍ വാചാലനാകുന്നു. 

സമൂഹമാധ്യമങ്ങളില്‍ സഹ എഴുത്തുകാര്‍ റൂസനു പിന്തുണയും ആശംസയും നേരുകയാണ്. റൂസനു മാത്രമല്ല, കഠിന കാലത്തു പിടിച്ചു നിന്ന എമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൂടി. എല്ലാ സന്ദേശങ്ങള്‍ക്കും സന്തോഷത്തോടെ റൂസന്‍ മറുപടി നല്‍കുന്നു: നന്ദി... സുഹൃത്തുക്കളേ നന്ദി. നിങ്ങള്‍ക്ക്... എന്റെ എമ്മയ്ക്കും. 

English Summary: Michael Rosen recovers from Covid-19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;