ADVERTISEMENT

പുഴയുടെ ഇരുകരയിലും താമസിക്കുന്നവർക്കുള്ള ഏക യാത്രാമാർഗമാണ് ആ കടത്തുവഞ്ചി. വഞ്ചിക്കാരനൊരു സ്വഭാവമുണ്ട്. വഞ്ചി കരയിലേക്ക് അടുപ്പിക്കില്ല. ആളുകൾ മുട്ടൊപ്പം നനഞ്ഞുവേണം കരയിലെത്താൻ. പലരും ബഹളമുണ്ടാക്കിയെങ്കിലും അയാൾ സ്വഭാവം മാറ്റിയില്ല. 

 

പ്രായമായപ്പോൾ ആ കടത്തുകാരൻ ജോലിവിട്ടു. പകരം മറ്റൊരാൾ വന്നു. അയാൾ കരയിൽനിന്ന് കുറച്ചുകൂടി അകലെയാണു വഞ്ചി നിർത്തുന്നത്! ആളുകൾ അരയ്ക്കൊപ്പം നനഞ്ഞാണിപ്പോൾ കരയിലെത്തുന്നത്. അവർ പറയാൻ തുടങ്ങി: പഴയ കടത്തുകാരൻ എത്ര നല്ല മനുഷ്യനായിരുന്നു!

 

പൂർണദുരിതങ്ങൾ വന്നാൽ പാതിദുരിതങ്ങൾ അപ്രസക്തമാകും. ഓരോ പ്രശ്നം നേരിടുമ്പോഴും അതു ജീവിതാവസാനവും ലോകാവസാനവുമാണെന്നു കരുതിയിരിക്കുമ്പോഴാണ് അതിനെക്കാൾ വലിയ മറ്റൊന്നിനെ അഭിമുഖീകരിക്കേണ്ടി വരിക. അപ്പോൾ ആദ്യ പ്രതിസന്ധിയെ അനുഗ്രഹങ്ങളുടെ പട്ടികയിൽപെടുത്തും.

 

മുട്ടൊപ്പം വെള്ളത്തിൽ നടന്നു ശീലിച്ചവർക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ബാലൻസ് നഷ്ടപ്പെടില്ല. ആദ്യമിറങ്ങുന്നതുതന്നെ ആഴത്തിലേക്കാണെങ്കിൽ അത് അനർഥം വരുത്തിവയ്ക്കും. ചെറിയ അപായവഴികളിലൂടെ നടന്നു ശീലിക്കണം. മുന്നൊരുക്കവും മുൻകരുതലും അവ പഠിപ്പിക്കും.

 

കണ്ടുപഠിക്കുന്നവയെല്ലാം അറിഞ്ഞോ അറിയാതെയോ കൈമാറ്റം ചെയ്യപ്പെടും. സ്ഥിരം കാണുന്നവയുടെ ശരിതെറ്റുകൾ വിവേചിച്ചറിഞ്ഞല്ല ആരും ഒന്നും സ്വാംശീകരിക്കുന്നത്. പരമ്പരാഗതമായി തുടരുന്നവ പലതും എന്തിനാണെന്നു പോലും ആലോചിക്കാതെയാണ് അനുകരിക്കപ്പെടുന്നത്. 

 

പലതവണ കാണുന്നതിന്റെ പേരിൽ പല കാര്യങ്ങളും ശരിയായും നാട്ടുനടപ്പായും വ്യാഖ്യാനിക്കും. എല്ലാവരുടെയും ഓരോ പ്രവൃത്തിയും ആരെങ്കിലുമൊക്കെ പിന്തുടരുന്നുണ്ട്. പിന്നാലെ വരുന്നവർക്കു ശരിയായ കാഴ്ചകളും പാഠങ്ങളും സമ്മാനിക്കാൻ മുൻപേ പോകുന്നവർക്കു കടമയുണ്ട്. തുടർച്ച ഒരു സ്വാഭാവിക സാധ്യതയാണ്. അതു പ്രസക്തവും പ്രയോജനകരവുമാകണമെങ്കിൽ തുടക്കവും ഫലപ്രദമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com