ADVERTISEMENT

കത്തുന്ന തീയിലേക്ക് കവിത വലിച്ചെറിഞ്ഞപ്പോള്‍ ആശ്വസിച്ച ഒരു കവയത്രി - അന്ന അഹ്മത്തോവ. കവിതയെഴുതിയ പേപ്പറുകള്‍ നാമാവശേഷമായെങ്കിലും വരികള്‍ ഹൃദിസ്ഥമായിരുന്നു അന്നയ്ക്ക്. കവിത കത്തിയപ്പോള്‍ ഉയർന്നു പൊങ്ങിയ പുകയ്ക്ക് വിപ്ലവത്തിന്റെ ഗന്ധം. അവശേഷിച്ച ചാരത്തിനു പ്രതിഷേധത്തിന്റെ നിറം. 

 

എഴുതിക്കൂട്ടിയതൊക്കെ നശിക്കപ്പിക്കപ്പെടുമെന്ന ഭയത്തില്‍ നിന്നാണ് റഷ്യന്‍ കവയത്രി അന്ന അഗ്നിക്ക് പ്രിയപ്പെട്ട സൃഷ്ടികള്‍ സമ്മാനിച്ചത്. ഏതു നിമിഷവും തടവിലായേക്കുമെന്ന ഭീതി അവരെ പിന്തുടര്‍ന്നിരുന്നു. സ്റ്റാലിന്റെ രഹസ്യപൊലീസ് തൊട്ടുപിന്നിലുണ്ടെന്ന് അന്നയ്ക്ക് അറിയാം; പിടി വിടാതെ മരണവും. രക്ഷപെടാന്‍ കണ്ടെത്തിയ ഒരേയൊരു വഴിയായിരുന്നു അന്നയുടെ അഗ്നിപൂജ. 

 

അച്ചടിമഷി കാണിക്കാതെ അക്ഷരങ്ങൾക്കു വിലങ്ങിടാം. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഏതു കവിതയാണ് ആർക്കെങ്കിലും കവർന്നെടുക്കാനാകുക. ഉള്ളിലുറച്ചു പോയ വരികൾ പിഴുതു മാറ്റാൻ ശേഷിയുള്ള ഏത് ആയുധമാണുള്ളത്. 

Anna-Akhmatova
ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്

 

'റെക്വീം' എന്ന കവിത ഏറ്റവുമടുത്ത സുഹൃത്തുക്കളെക്കൊണ്ട് അന്ന മനഃപാഠമാക്കിച്ചു. മരണശേഷവും 'റെക്വീം' അതിജീവിക്കാന്‍ അവര്‍ കണ്ടെത്തിയ വഴി അതുമാത്രമായിരുന്നു. പ്രത്യക്ഷത്തിൽ മൗനം, പരോക്ഷമായി കലാപം. സ്റ്റാലിൻ അധിഷ്ഠിത സോവിയറ്റ് റഷ്യക്കെതിരെ പോരാടാൻ അന്ന അഹ്മതോവ കണ്ടെത്തിയ വഴി.

 

റഷ്യയിൽ അത്ര കടുത്ത രാഷ്ട്രീയ സാഹചര്യം. ഭരണ കൂടത്തിനെതിരെ തൂലികയെടുത്താൽ ജീവൻ അപകടത്തിലാകുമെന്ന അവസ്ഥ. പ്രിന്റിംഗ് പ്രെസ്സ് കണ്ടു പിടിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്ന കാലഘട്ടം. പ്രതിരോധത്തിനു നാവു മാത്രം. പ്രതിവിപ്ലവത്തിന്റെ വാമൊഴി. 

 

രാജ്യത്തെ ജനതയുടെ മേൽ സാഹിത്യത്തിനുള്ള സ്വാധീനം നന്നായി അറിയുമായിരുന്നു സ്റ്റാലിന്. രാഷ്രീയ ഭാവിയ്ക്ക് അപകടകമാകുന്ന സാഹിത്യസൃഷ്ടികളെ ഭയന്ന ഭരണാധികാരി. റഷ്യൻ സാഫോ എന്ന വിളിപ്പേരിൽ വളർന്ന അന്നയെ സ്റ്റാലിനും പേടിച്ചു.

 

വിപ്ലവാനന്തര കാലത്തെ റഷ്യയിൽ കവികള്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടു.  

 

ഭരണരീതികളോട് പൊരുത്തപ്പെടാൻ അന്ന ശ്രമിച്ചെങ്കിലും അവരിലെ കവയിത്രിയ്ക്കു വിലക്കു വീണു. എഴുത്തുകാരോടു  നിർവികാരമായി പെരുമാറുന്ന ഭരണവാഴ്ചകളെക്കാൾ ഭയാനകം അവരെ ഉപദ്രവിക്കുന്ന വ്യവസ്ഥിതിയാണെന്നു തിരിച്ചറിഞ്ഞ നിമിഷം.

 

ഏകാധിപത്യത്തിന്റെ ഭീകരതകളെക്കുറിച്ച് തുറന്നെഴുതിയ കവിതയായിരുന്നു റെക്വീം. അടിച്ചമർത്തപ്പെടലിന്റെ, അനീതിയുടെ കഥ പറഞ്ഞ കാവ്യം. തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടോയെന്നറിയാൻ തടവറയ്ക്കു പുറത്തു മണിക്കൂറുകളോളം കാത്തു നിൽക്കുന്ന ദയനീയ മുഖങ്ങൾ വരച്ചിട്ട കവിത; സംഭാഷണങ്ങളുടെ, സന്ദർഭങ്ങളുടെ, പ്രതീകങ്ങളുടെ രൂപത്തിൽ. കാത്തു നിന്നവരിൽ അന്നയും ഉണ്ടായിരുന്നു; പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യയായി, മകനെ നഷ്ടപ്പെട്ട അമ്മയായി.

 

റഷ്യൻ രഹസപൊലീസ് മേധാവിയുടെ പേരു വരെ അന്ന റെക്വീമിൽ വെളിപ്പെടുത്തി. മനുഷ്യത്വ രഹിതമായ ഇടപെടലുകളെ വെളിച്ചത്തേക്കു വലിച്ചിട്ടു. സ്റ്റാലിന്റെ മരണ ശേഷവും റെക്വീമിന് വിലക്ക് തുടർന്നു. 

 

കവിതകളുടെ പകർപ്പുകളോ കയ്യെഴുത്തു പ്രതികളോ സൂക്ഷിക്കാനാകാത്ത അന്ന വരുത്തുന്ന ഓരോ തിരുത്തും ഓർമ്മിക്കുവാൻ ബാദ്ധ്യസ്ഥരായി സുഹൃത്തുക്കൾ. കുത്തും കോമയും പോലും തോന്നുമ്പോൾ തിരുത്തി സൂക്ഷിക്കാനേൽപ്പിച്ച മനസ്സുകളിൽ  വിശ്വാസമുണ്ടായിരുന്നു അന്നയ്ക്ക്. ഒടുവില്‍ ആത്യന്തിക വിജയം അന്നയ്ക്ക്. വിമത കവിയെന്ന നിലയില്‍ ലോകം അന്നയെ അറിഞ്ഞു. ആരാധിച്ചു. വാഴ്ത്തിപ്പാടി. 

 

1980 വരെ കാത്തിരിക്കേണ്ടി വന്നു റെക്വീം റഷ്യയിൽ പ്രസിദ്ധീകരിക്കാന്‍. അതു കാണാന്‍ അന്നയില്ലായിരുന്നെങ്കിലും ഏറ്റുപാടാന്‍ ഒരു ജനതയുണ്ടായിരുന്നു. വിപ്ലവത്തിന്റെ ചങ്ങലയില്‍ നിന്നു രക്ഷപ്പെട്ട ജനത അന്നയുടെ കവിത പാടി തെരുവുകളിലൂടെ അവര്‍ കൈ കോര്‍ത്തു നടന്നു. ആ മുഖങ്ങളില്‍ ആശ്വാസമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഈരടികള്‍ സമ്മാനിച്ച സന്തോഷമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഉണര്‍ത്തുപാട്ടായി അന്ന അഹ്മത്തോവ. സ്റ്റാലിന്‍ ഇന്ന് അടിച്ചമര്‍ത്തലിന്റെ പര്യായമാണെങ്കില്‍ അന്ന മോചനത്തിന്റെ പ്രതീകമാണ്. വിപ്ലവം ഇന്ന് കറുത്ത അധ്യായമാണെങ്കില്‍ അന്നയുടെ കവിത സ്വാതന്ത്ര്യത്തിന്റെ വെളുപ്പാണ്. 

 

അടിയറവു പറയാത്ത പെൺകരുത്തിന്റെ ചിത്രമായ അന്നയുടെ കവിതകള്‍ക്ക് സ്നേഹത്തിന്റെ താളം. സാഹോദര്യത്തിന്റെ ഈണം. സ്വപ്നങ്ങളുടെ ശ്രുതി. 

 

English Summary : Anna Akhmatova Russian-Soviet poet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com