പ്രതിസന്ധി കാലത്ത് ട്രംപ് കുടുംബത്തെ കൈവിട്ടു, കുടുംബചരിത്ര പുസ്തകവുമായി മേരി ട്രംപ്

HIGHLIGHTS
  • ഡോണള്‍ഡ് ട്രംപിന്റെ സഹോദരന്റെ മകളാണ് മേരി ട്രംപ്.
  • പുസ്തകം ട്രംപ് കുടുംബത്തിന്റെയും രാജ്യത്തിന്റെയും ചരിത്രമാണ്
Trump
ഡോണള്‍ഡ് ട്രംപ്, മേരി ട്രംപ്
SHARE

അടുത്തുവരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് പുതിയൊരു എതിരാളി. ഒരു പുസ്തകം. എതിര്‍ പാര്‍ട്ടിക്കാരോ രാഷ്ടീയ ശത്രുക്കളോ അല്ല പുസ്തകവുമായി ട്രംപിനെ എതിരിടാന്‍ എത്തുന്നത്. പകരം സ്വന്തം അനന്തരവള്‍ മേരി. 'ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്' എന്നാണ് പുസ്തകത്തിന്റെ പേര്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന് ഏതാനും ദിവസം മുന്‍പ് ഓഗസ്റ്റ് 11 നായിരിക്കും പ്രകാശനം. 

ഡോണള്‍ഡ് ട്രംപിന്റെ അന്തരിച്ച സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളാണ് മേരി ട്രംപ്. പുസ്തകം ട്രംപ് കുടുംബത്തിന്റെയും രാജ്യത്തിന്റെയും ചരിത്രമാണ്. ഒപ്പം ഇപ്പോഴത്തെ പ്രസിഡന്റ് പ്രതിസന്ധി കാലത്ത് എങ്ങനെ കുടുംബത്തെ കൈവിട്ടു പ്രവര്‍ത്തിച്ചു എന്ന നിര്‍ണായക വിവരവും ഉണ്ടായിരിക്കും. ഇതാണ് പ്രസിഡന്റ് ട്രംപിനെ ഇപ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതും. പുസ്തകത്തിലെ പല വെളിപ്പെടുത്തലുകളും ട്രംപിനെ പ്രതിരോധത്തിലാക്കുമെന്നാണ് ഇപ്പോള്‍ തന്നെ പലരും കരുതുന്നത്. 

ട്രംപിന്റെ വിവാദമായ നികുതി ഇടപാടുകളില്‍ പല പത്രങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ ലഭിച്ചത് മേരിയില്‍ നിന്നാണെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് പ്രസിഡന്റ് അക്കമിട്ട് മറുപടി പറയേണ്ടിവരും. 

ഡോണള്‍ഡ് ട്രംപിന്റെ സഹോദരിയും ഫെഡറല്‍ ജഡ്ജിയായി വിരമിച്ച മേരിയനാ ട്രംപ് ബാരിയുമായുള്ള സംഭാഷണവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തന്റെ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ ഡോണള്‍ഡിനെക്കുറിച്ചുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഈ സംഭാഷണത്തിന്റെ ഭാഗമാണ്. 

പുസ്തകത്തിന്റെ രചയിതാവായ മേരിയുടെ പിതാവ് ഫ്രെഡ് ജൂനിയര്‍ 1981 ല്‍ അമിത മദ്യപാനത്തെ തുടർന്നുള്ള ഹൃദയാഘാതത്തിന്റെ ഭാഗമായാണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഫ്രെഡ് സീനിയറും സഹോദരന്‍ ഡോണള്‍ഡ് ട്രംപുമാണ് അകാല മരണത്തിന്റെ കാരണക്കാര്‍ എന്നു പുസ്തകം ആരോപിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. മദ്യപാനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹോദരന്‍ കിണഞ്ഞു പരിശ്രമിച്ച കാലത്തുപോലും സഹോദരനായ ഡോണള്‍ഡ് തിരഞ്ഞുനോക്കിയില്ലത്രേ. 

തന്റെ സഹോദരന്റെ മരണത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ സഹോദരന് സമ്മര്‍ദ്ദം ഉണ്ടാക്കിയത് ശരിയായില്ലെന്നും ഡോണള്‍ഡ് അടുത്തുകാലത്ത് പറയുകയുണ്ടായി. 

ഫെഡ്ര് സീനിയറിന്റെ വില്‍പത്രം തയാറാക്കുമ്പോള്‍ ഡോണള്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അമിതമായി ഇടപെട്ടു എന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മക്കള്‍ 2000- ല്‍ ഒരു കേസും കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. 

പൊതുവെ, മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിമുഖയായ മേരി തനിക്കു പറയാനുള്ളതെല്ലാം പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന ആയുധമായി മേരിയുടെ പുസ്തകം മാറും. അത് അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനും തുടക്കമിടും. 

English Summary: Donald Trump's niece Mary set to publish explosive book about her family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;