ADVERTISEMENT

ഇഷ്ടപ്പെട്ടു സൂക്ഷിച്ച പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയാലോ? അത്തരം ഓർമകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ

 

ആഞ്ചമ്മത്താത്തി തന്ന പുസ്തകം

പി.എഫ്. മാത്യൂസ്

 

കൗമാരത്തിൽ അവിചാരിതമായി എനിക്കൊരു പുസ്തകം കിട്ടി. പടിഞ്ഞാറെ വീട്ടിൽ താമസിക്കുന്ന ആഞ്ചമ്മത്താത്തിയെ കാണാൻ ചെന്നതാണ്. അവരുടെ ഓലപ്പുരയുടെ മേൽക്കൂരവാരികളിലൊന്നിൽ തിരുകിവച്ചിരുന്ന മഞ്ഞനിറമുള്ള കടലാസുകണ്ട് എടുത്തുനോക്കിയപ്പോൾ അതൊരു പുസ്തകമായിരുന്നു. തുടക്കവും ഒടുക്കവുമെല്ലാം കീറിപ്പോയ പഴഞ്ചൻ പുസ്തകം. ഒന്നുരണ്ടു പേജുകൾ വായിച്ചു നോക്കിയപ്പോൾ രസം കയറി.

 

‘അയ്യോ, അതെടുക്കല്ലേട ചെക്കാ...’ എന്ന് ആഞ്ചമ്മത്താത്തി ഒച്ചയിട്ടു. ചോർച്ച തടയാൻ വച്ചിരുന്നതായിരുന്നു അവരാ പുസ്തകം. പേരുപോലുമറിയാത്ത ആ പുസ്തകം വിട്ടുകളയാൻ തോന്നിയില്ല. ഓടിപ്പോയി വീട്ടിൽനിന്നു പഴയ നാലഞ്ചു വാരികകൾ എടുത്തുകൊണ്ടുവന്ന് ചോർച്ചയുള്ളിടത്തു പകരം വച്ചു. കാറൽസ്മാൻ രാജാവിന്റെ ജീവിതമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ പേജിലും ഹരം കൊള്ളിക്കുന്ന ആവേശം നിറഞ്ഞുനിന്നു. ആ വായന എന്നെ സ്തംഭിപ്പിച്ചു. 

subash-chandran

 

വീട്ടിൽ വന്നിരുന്ന പല കൂട്ടുകാരും അതു വായിക്കാൻ ചോദിച്ചെങ്കിലും കൊടുത്തില്ല. ചില പുസ്തകങ്ങൾ അങ്ങനെയാണ്. എപ്പോഴും അവ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കും. കുറച്ചുനാൾ കഴിഞ്ഞ്, വീണ്ടും വായിക്കാനായി തിരഞ്ഞപ്പോൾ അതു മേശപ്പുറത്തുണ്ടായിരുന്നില്ല. എങ്ങനെയോ നഷ്ടപ്പെട്ടു. പണ്ടേ നോട്ടമിട്ടിരുന്ന കൂട്ടുകാരിലാരെങ്കിലും കടത്തിയതാവാനാണു സാധ്യത. അതിന്റെ നോവ് ഇന്നുമുള്ളിലുണ്ട്.

 

ഓരോരോ വീണ്ടെടുപ്പുകൾ!

സുഭാഷ് ചന്ദ്രൻ

 

santhosh-echikanam

ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്ത് ആലുവ കടുങ്ങല്ലൂർ സഹകരണ ബാങ്ക് നടത്തിയ കഥാമത്സരത്തിൽ ഞാനും പങ്കെടുത്തു. ഒന്നാം സമ്മാനം എനിക്കു കിട്ടി. ‘സോവിയറ്റ് ചെറുകഥകൾ’ എന്ന പുസ്തകമായിരുന്നു സമ്മാനം. തിളങ്ങുന്ന മഞ്ഞപ്പുറഞ്ചട്ടയുള്ള, കാപ്പിപ്പൊടിനിറത്തിൽ പേരെഴുതിയ ഒരു പുസ്തകം. അതുവരെയുള്ള എന്റെ വായനകളെ മാറ്റിപ്പണിതു അതിലെ കഥകൾ. നന്ത്യാർവട്ടത്തിന്റെ ഇലകൾ പോലെ തെളിഞ്ഞ താളുകളിലിരുന്ന് ടോൾസ്റ്റോയി, തുർഗനേവ്, ദസ്തയേവ്സ്കി തുടങ്ങിയ മഹാരഥന്മാർ പുതിയ ലോകങ്ങൾ കാട്ടിത്തന്നു. 

 

ആവർത്തിച്ചു വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഞാനതെടുത്തുവച്ചു.

തൃശൂരിൽ ജോലി കിട്ടിയ ശേഷം എന്റെ ട്രെയിൻ യാത്രയിലെ പതിവു ചങ്ങാതിയായിരുന്നു ആ പുസ്തകം. ഒരിക്കൽ യാത്രയ്ക്കിടയിൽ പുസ്തകം നഷ്ടപ്പെട്ടു. ആ പുസ്തകത്തോടുള്ള ഹൃദയബന്ധം അളവറ്റതായിരുന്നു. അതിന്റെ ആദ്യ താളിലെ ‘ചെറുകഥാ മത്സരം, ഒന്നാം സ്ഥാനം സുഭാഷ് ചന്ദ്രൻ’ എന്ന എഴുത്ത് എനിക്കു കിട്ടിയ സർട്ടിഫിക്കറ്റ് കൂടിയായിരുന്നല്ലോ.

വിവാഹശേഷം ഭാര്യ ജയശ്രീയുടെ വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നു ചെറു പുസ്തകശേഖരം. നോക്കിയപ്പോൾ അതാ ഇരിക്കുന്നു ‘സോവിയറ്റ് ചെറുകഥകൾ’. അതിന്റെ ആദ്യ താളിൽ ഇങ്ങനെ എഴുതിയിരുന്നു: ‘കവിതാലാപന മത്സരം, ഒന്നാം സ്ഥാനം കെ.കെ.ജയശ്രീ.’ ഓരോരോ വീണ്ടെടുപ്പുകൾ!

 

ചിതലുകൾ തിന്ന നാലുകെട്ട്

സന്തോഷ് ഏച്ചിക്കാനം

 

എട്ടിൽ പഠിക്കുമ്പോൾ ഞാൻ കാസർകോട് കീപ്പാടിയിലാണു താമസിച്ചിരുന്നത്. അച്ഛന്റെ കൃഷിയിടത്തോടു ചേർന്നുള്ള ചെറിയ വീട്ടിൽ. പുസ്തകങ്ങളോ വാരികകളോ കിട്ടാൻ മാർഗമില്ല. വലിയ പാറ കയറിയിറങ്ങി അപ്പുറത്തെത്തിയാൽ ചായക്കടയുണ്ട്. അവിടെ പത്രം വരും. ഏക വായന അതായിരുന്നു. ചായക്കടയോടു ചേർന്ന് യുവാക്കളുടെ സംഘം പാട്ടും നാടകവുമൊക്കെയായി കൂടും. അക്കുറി നാടകം കളിക്കാനായിരുന്നു തീരുമാനം. അച്ഛനുമുണ്ടായിരുന്നു വേഷം. റിഹേഴ്സലിന് അച്ഛൻ എന്നെയും കൂട്ടും. ഒരു ദിവസം നാടകക്കൂട്ടത്തിലുണ്ടായിരുന്ന ദാമോദരൻ ചേട്ടൻ പറഞ്ഞു: ‘‘നാളെ വരുമ്പോ, ഒരു പുസ്തകം തരാം. വേഗം വായിച്ചു തിരികെത്തരണം...’’

 

പുസ്തകമെത്തി – എംടിയുടെ നാലുകെട്ട്. ഞാൻ ആദ്യമായി വായിക്കുന്ന നോവൽ. ഒരു ദിവസം വായനകഴിഞ്ഞ് അടുക്കളയിലെ മേശയിലാണു പുസ്തകം വച്ചത്. തറ സിമന്റിട്ടിരുന്നില്ല. എവിടെയും ഈർപ്പം. പിറ്റേന്നു പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ ‘നാലുകെട്ട്’ മുക്കാലും ചിതലുകൾ വായിച്ചു തീർത്തിരുന്നു. ആധിയായി... ദാമോദരൻ ചേട്ടനോട് എന്തു പറയും? റിഹേഴ്സൽ രാത്രികളിൽനിന്നു പതിയെ വലിഞ്ഞു. ദാമോദരേട്ടൻ വീട്ടിലെത്തി. എന്തൊക്കയോ നുണകൾ പറഞ്ഞ് ആ പാവത്തിനെ മടക്കിവിട്ടു. കീപ്പാടിയിൽനിന്നു ഞങ്ങൾ പോകും വരെ ആ മനുഷ്യൻ ‘നാലുകെട്ട്’ തേടി ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. നാലുകെട്ട് പോയിട്ട് ഒരു കഴുക്കോലു പോലും തിരികെക്കൊടുക്കാൻ ആവില്ലെന്ന് എനിക്കു മാത്രമല്ലേ അറിയൂ...

 

English Summary : Writers on their favorite books that were lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com