sections
MORE

മേതിലിനെ മുണ്ടുടുപ്പിച്ച വായനക്കാരൻ

Ezhuthu-1
മേതിൽ രാധാകൃഷ്ണൻ അനന്തരാമനെ എഴുത്തിനിരുത്തുന്നു (ഫയൽ ചിത്രം).
SHARE

വെറും 3 വയസ്സുള്ള അനന്തരാമനെ കാണാൻ 23 വർഷം മുൻപ് എന്തിനാണ് പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ പാലക്കാട്ടുനിന്ന് പുന്നപ്ര ചന്തയ്ക്കു കിഴക്ക് ‘ശിവം’ എന്ന വീട്ടിൽ എത്തിയത്? അതാണ് എഴുത്തുകാരനുമേൽ വായനക്കാരനുള്ള സ്വാധീനമെന്നു പറയും അനന്തരാമന്റെ അച്ഛൻ എറണാകുളം മഞ്ഞുമ്മൽ മുട്ടാർ പാലത്തിനു സമീപം വടക്കുമനയിൽ പി.ഗോപകുമാർ. ഒരെഴുത്തുകാരനെ വായനക്കാരന് എങ്ങനെയൊക്കെ സ്വാധീനിക്കാൻ പറ്റുമെന്നു ചിന്തിച്ചാൽ അയാളെ ജീവിതത്തിലാദ്യമായി മുണ്ടുടുപ്പിക്കാൻ വരെ പറ്റും എന്നു തെളിയിച്ചയാളാണ് ഗോപകുമാർ. കളമശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മേതിലിന്റെ ‘സൂര്യവംശം’ എന്ന നോവൽ വായിച്ച് ഗോപകുമാർ അദ്ദേഹത്തിന്റെ ആരാധകനാവുന്നത്. 

മേതിൽ ഉപയോഗിച്ച ഭാഷയുടെ ഊർജപ്രവാഹം ആ പ്രീഡിഗ്രിക്കാരനെ ആവേശിച്ചു. മേതിലിനെ മാത്രം സ്വപ്നം കണ്ടുറങ്ങിയ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. മേതിൽ തലയ്ക്കു പിടിച്ച നാളുകളിൽ ഗോപകുമാർ എന്ന കോളജ് വിദ്യാർഥി ഒരു തീരുമാനമെടുത്തു, ഭാവിയിൽ തനിക്ക് ഒരു കുട്ടിയുണ്ടാവുകയാണെങ്കിൽ കുട്ടിയെ എഴുത്തിനിരുത്തുക തന്റെ പ്രിയ എഴുത്തുകാരൻ ആയിരിക്കും. ബിഎസ്‌സി കഴിഞ്ഞ് മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി തുടങ്ങിയപ്പോഴും മേതിൽ ‘ത്രിൽ’ ഗോപകുമാറിനെ വിട്ടൊഴിഞ്ഞില്ല. അക്കാലത്താണ് ഗോപകുമാർ പ്രമുഖ കഥാകൃത്ത് ടി.കെ. ശങ്കരനാരായണനെ പരിചയപ്പെട്ടത്. മെഡിക്കൽ റപ്രസന്റേറ്റീവായിരുന്ന ശങ്കരനാരായണനുമായി സൗഹൃദമായി. മേതിലിന്റെ അടുത്ത സുഹൃത്തു കൂടിയായ ശങ്കരനാരായണനോട് ഇടയ്ക്കെപ്പോഴോ ഗോപകുമാർ തന്റെ ആഗ്രഹം പറഞ്ഞു. വിവാഹിതനായി മകനുണ്ടായപ്പോൾ തന്റെ മോഹം നടക്കുമോ എന്ന് ശങ്കരനാരായണനോട് ചോദിച്ചു. അതു താനേറ്റു എന്നായി ശങ്കരനാരായണൻ. 

reader
പി. ഗോപകുമാർ, അനന്തരാമൻ

ശങ്കരനാരായണൻ 1997ൽ വിദ്യാരംഭദിവസത്തിന്റെ തലേന്നു മേതിലിനെയും കൂട്ടി ആലപ്പുഴ പുന്നപ്രയിൽ ഗോപകുമാറിന്റെ വാടകവീട്ടിലെത്തി. ജീവിതത്തിൽ ബർമുഡയും ജീൻസും മാത്രം ധരിച്ചിട്ടുള്ള മേതിൽ അന്നേവരെ മുണ്ടുടുത്തിട്ടില്ലായിരുന്നു. എഴുത്തിനിരുത്തുമ്പോൾ മുണ്ട് ഉടുക്കുന്നതാണ് ഉചിതമെന്നു ഗോപകുമാർ പറഞ്ഞപ്പോൾ മേതിൽ സമ്മതം മൂളി. ഗോപകുമാർ വാങ്ങിവച്ച മുണ്ടുടുത്ത് മേതിൽ, അനന്തരാമനെ എഴുത്തിനിരുത്തി. അന്നാണ് താൻ ജീവിതത്തിൽ ആദ്യമായും അവസാനമായും മുണ്ടുടുത്തതെന്ന് മേതിൽ പിന്നീട് പറഞ്ഞിട്ടുണ്ട്. 

മേതിൽ അതിനു മുൻപും ശേഷവും ബർമുഡയോ ജീൻസോ മാത്രമേ ധരിച്ചിട്ടുള്ളൂ. അമേരിക്കൻ ലുങ്കിയാണ് ജീൻസ് എന്നാണ് മേതിൽ പറയാറ്. 

എൻജിനീയറിങ് ബിരുദധാരിയായ അനന്തരാമൻ ഡൽഹി ആസ്ഥാനമായ ഒരു വിദ്യാഭ്യാസ കമ്പനിയിൽ ഡേറ്റ അനലിസ്റ്റാണ് ഇപ്പോൾ. കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകിയപ്പോൾ നിരസിച്ച മേതിൽ, തന്റെ മകനെ എഴുത്തിനിരുത്താൻ വന്നു എന്നതിൽ ഈ വായനക്കാരന് എന്തായാലും അഭിമാനിക്കാം.

English Summary : Relationship between reader and writer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;