ADVERTISEMENT

അച്ഛനെക്കുറിച്ചുള്ള ഓർമകൾ തുടങ്ങുന്നതു തന്നെ വായനയിലൂടെയാണ്. എന്നും രാത്രി കുടുംബം ഒരുമിച്ചിരുന്നുള്ള പത്രവായന ശീലമായിരുന്നു. രാവിലത്തെ പത്രവായനയുടെ തുടർച്ചയാണ് ഈ ‘കുടുംബ പാരായണം’. എഡിറ്റോറിയലാണ് എന്നെയും ചേച്ചിമാരെയും കൊണ്ട് അച്ഛൻ ഉറക്കെ വായിപ്പിക്കുക. അതുവഴി ലോകത്തു നടക്കുന്നതു മനസ്സിലാക്കാം എന്നാണ് ഉപദേശം. മറ്റുള്ളവരെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവരുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു എന്നും അച്ഛൻ.

സ്വദേശമായ കോട്ടയം നീലംപേരൂർ ദേവീക്ഷേത്രത്തിനു മുന്നിലെ ആലിൻചുട്ടിലിരുന്ന് എട്ടാം വയസ്സു മുതൽ മറ്റുള്ളവർക്കു കൂടി വേണ്ടി ഉറക്കെ പത്രം വായിച്ചു തുടങ്ങിയതാണ് അച്ഛന്റെ ആ ഹരം. അതിനായി ഒരു ‘മലയാള മനോരമ’ പത്രം സൗജന്യമായി സംഘടിപ്പിക്കാൻ 12-ാം വയസ്സിൽ കോട്ടയം മനോരമ ഓഫിസിലേക്ക് 15 കിലോമീറ്റർ നടന്നുപോയ അനുഭവം പങ്കുവച്ചിട്ടുണ്ട്. അന്നത്തെ മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാപ്പിളയെക്കണ്ടു കാര്യം പറഞ്ഞു. ആ കുട്ടിക്ക് വായനയോടുള്ള ഹരം കണ്ടറിഞ്ഞ് അദ്ദേഹം അന്നത്തെ മനോരമ പത്രം സമ്മാനിച്ചു, നാട്ടിൽ തുടർന്നു മനോരമ സൗജന്യമായി ലഭ്യമാക്കാൻ ഏർപ്പാടും ചെയ്താണു മടക്കിയത്. ഈ വായനക്കൂട്ടം വിപുലീകരിച്ചാണ് അച്ഛൻ അവിടെ സനാതനധർമ ഗ്രന്ഥശാല സ്ഥാപിച്ചത്. 

പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ വിവാഹശേഷം അമ്മയുടെ നാടായ അമ്പലപ്പുഴയിലേക്കു സ്ഥലം മാറിയപ്പോൾ അവിടെയും സ്ഥാപിച്ചു ഗ്രന്ഥശാല. കേരളം മുഴുവൻ വായനയുടെ ലോകം വിപുലീകരിക്കണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് 1945ൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ലൈബ്രേറിയൻമാരെ വിളിച്ചുകൂട്ടി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിനു തുടക്കം കുറിച്ചത്. സർക്കാർ അച്ഛനെ ഗ്രന്ഥശാല സംഘത്തിന്റെ കൺവീനറായി ഡപ്യൂട്ടേഷനിൽ നിയമിച്ചതോടെ തട്ടകം തിരുവനന്തപുരമായി. 

രാഷ്ട്രീയ ഇടപെടലിനെത്തുടർ‍ന്നു സംഘത്തിൽനിന്നുള്ള ‘സുഖകരമല്ലാത്ത’ പടിയിറക്കം മറ്റൊരു വലിയ പ്രസ്ഥാനത്തിന്റെ തുടക്കമായി. എല്ലാവർക്കും സാക്ഷരത ലക്ഷ്യമാക്കി കാൻഫെഡ് ആരംഭിക്കുന്നത് അങ്ങനെയാണ്. പിന്നീട് കേന്ദ്ര സഹായത്തോടെയുള്ള കേരളത്തിലെ സാക്ഷരതാ യജ്ഞത്തിന്റെ നേതൃത്വം കാൻഫെഡിനായി. 1975ൽ യുനെസ്കോയുടെ സാക്ഷരതാ പുരസ്കാരവും തേടിയെത്തി. 

അച്ഛന്റെ 25-ാം ചരമവാർഷികമാണിന്ന്. ഒന്നാം ചരമവാർഷികം മുതൽ അതു വായനദിനമായി സംസ്ഥാനം ആചരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഈ ദിവസം ദേശീയതലത്തിലും വായനാദിനമായി എന്നത് അദ്ദേഹത്തിനുള്ള വലിയ അംഗീകാരമാണ്.

English Summary : N. Balagopal remembering his father P.N. Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com