ADVERTISEMENT

ടി.പത്മനാഭൻ, ആനന്ദ്, സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, ശശി തരൂർ, സീതാറാം യച്ചൂരി എന്നിവർ തങ്ങളുടെ ഇഷ്ടപുസ്തകം പരിചയപ്പെടുത്തുന്നു.

ടി. പത്മനാഭൻ

ഖസാക്കിന്റെ ഇതിഹാസം, അമ്പരപ്പിക്കുക തന്നെ ചെയ്തു. രവിയുടെ ജീവിതസമീപനത്തോട് എനിക്കൊരിക്കലും യോജിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇപ്പോഴും, ആ ഇതിഹാസ ലഹരിയിൽ ഞാൻ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്നു. എന്തൊരനുഭവം! 

ആനന്ദ്

നോർവീജിയൻ എഴുത്തുകാരൻ യോഹാൻ ബോജറുടെ ദ് ഗ്രേറ്റ് ഹംഗർ എന്ന നോവൽ ഓർക്കുന്നു. തന്റെ ഏക ആശ്രയമായിരുന്ന കൊച്ചുമകളുടെ മരണത്തിനു കാരണക്കാരനായ അയൽക്കാരന്റെ വയലിൽ രാത്രി ആരും കാണാതെ വിത്തുവിതയ്ക്കുന്ന നായകൻ! വായിച്ചു കഴിയുമ്പോൾ നമ്മെ ഒരു പടി ഉയർത്തി സ്ഥാപിക്കുന്നു.

സച്ചിദാനന്ദൻ

സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ, അതിന്റെ ഭാഷാഗാംഭീര്യവും ശൈലീവൈവിധ്യവും സൂക്ഷ്മഘടനയും ഗദ്യതാളവും കൊണ്ട് എന്നെ പിടിച്ചുനിർത്തി. തുടർന്ന് പല നോവലുകൾ വായിച്ചിട്ടും ആ വിചിത്രവിസ്മയം ഞാൻ മറന്നതേയില്ല.

kgs-tharoor-yechoori
കെ.ജി.ശങ്കരപ്പിള്ള, ശശി തരൂർ, സീതാറാം യച്ചൂരി

കെ.ജി.ശങ്കരപ്പിള്ള

‘എനിക്ക് ശ്വാസം മുട്ടുന്നു എന്ന ജോർജ്ജ് ഫ്ലോയ്ഡിന്റെ  അവസാനവാക്യം ‘എന്നെ ശ്വാസം മുട്ടിക്കുന്നു’ എന്നും  ‘എന്റെ കഴുത്തു ഞെരിഞ്ഞ് ശ്വാസനാളം പൊട്ടുന്നു’ എന്നത്  ‘എന്നെ കഴുത്തുഞെരിച്ച് കൊല്ലുന്നു’ എന്നും വായിക്കുന്നതാണു ശരിയായ വായന.  വായനയിലെ നൈതികത. ഉണർന്നിരിക്കൽ. അതു ബെൻ ഓക്രി കേട്ടതുപോലെ പ്രാണൻ കിട്ടാൻ പിടയുന്ന  പുതിയ ലോകാവസ്ഥയുടെ  നിലവിളിയായി കേൾക്കുന്നതാണു ഭാഷയുടെ നീതിക്കേൾവി.

ഭാഷ ഇന്ന് ഉന്മത്തമായ കലക്കം. അതിൽ ശോകഹതരായി മുങ്ങിത്താഴുന്ന വാക്കുകളെ നീതിത്തെളിമയോടെ വായിച്ചെടുക്കുമ്പോഴാണു വായന ഇന്ന് വേണ്ടുന്ന സാംസ്കാരിക പ്രതിരോധപ്രവർത്തനമാവുന്നത്.  

ഞാൻ ഹൈസ്‌കൂളിൽ പഠിച്ച 1957-63 കാലത്ത് കൊല്ലം കടമ്പനാട്ടെ രവീന്ദ്രനാഥ ടഗോർ സ്മാരക ലൈബ്രറിയിൽ പ്രിയപ്പെട്ട അലക്‌സാണ്ടർ സാറായിരുന്നു ലൈബ്രേറിയനും  എന്നെപ്പോലുള്ള പിള്ളേരുടെ വായനാ എഡിറ്ററും. മൂല്യങ്ങളുടെയും  നീതിയുടെയും  ദിശയിലേക്ക് ഞങ്ങളുടെ  വായനയെ നയിക്കുന്നതിൽ നിർണായകമായിരുന്നു ആ ഗ്രന്ഥശാലയുടെ പങ്ക്.

ശശി തരൂർ

എന്റെ വായനയെ സഫലമാക്കിയതു കാലാതീത ഇതിഹാസമായ മഹാഭാരതമാണ്. ഏറ്റുമുട്ടലുകളും വഞ്ചനയും അവസരവാദവും ഉന്നതമൂല്യങ്ങളും നിഷ്കാമ കർമവും  നിറഞ്ഞ ലോകമാണതിൽ വർണിക്കുന്നത്. മഹാഭാരതത്തിന്റെ ഏതു പുനർവായനയും നിറവുള്ള വായന സമ്മാനിക്കും. 

സീതാറാം യച്ചൂരി

എന്റെ ചിന്തയെ സ്വാധീനിച്ച ഒട്ടേറെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ വേറിട്ടുനിൽക്കുന്നു. കാരണം, അതെന്റെ ജീവിതഗതിയെയും പ്രവർത്തനങ്ങളെയും രൂപപ്പെടുത്തിയ പുസ്തകം‌കൂടിയാണ്. ചൂഷണമില്ലാത്ത ലോകം  സാധ്യമാണെന്ന് അതു കാണിച്ചുതന്നു. 

English Summary : Writers on their favorite books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com