ADVERTISEMENT

പുസ്തകങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ചെഴുതി ലോകത്തെ വിസ്മയിപ്പിച്ച എഴുത്തുകാരന് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ അന്ത്യയാത്ര. ഈ നൂറ്റാണ്ടിന്റെ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഷാഡോ ഓഫ് ദ് വിന്‍ഡ് എന്ന കാറ്റിന്റെ നിഴല്‍ എഴുതിയ സ്പാനിഷ് എഴുത്തുകാരന്‍ കാര്‍ലോസ് റൂയിസ് സാഫോണ്‍ ആണ് കാറ്റു പോലെ കടന്നുപോയത്. എന്നാല്‍ അദ്ദേഹം അവശേഷിപ്പിക്കുന്നത് നിഴലല്ലെന്നു മാത്രം. ലോകത്തെപ്പോലും അതിജീവിക്കാന്‍ ശേഷിയുള്ള നോവലുകള്‍.  അവയില്‍ മുന്‍ നിരയിലുണ്ട് കാറ്റിന്റെ നിഴല്‍. 20 മില്യന്‍ കോപ്പികളിലധികം വിറ്റഴിക്കപ്പെട്ട കൃതി. 40-ല്‍ അധികം ഭാഷകളില്‍ പ്രസിദ്ധി നേടിയത്. ഇക്കഴിഞ്ഞ വര്‍ഷമാണ് തൃശൂര്‍ കറന്റ് ബുക്സ്  മലയാളത്തില്‍ നോവല്‍ പ്രസിദ്ധീകരിച്ചത്. പൗലോ കൊയ്‍ലോയുടെ ആല്‍ക്കെമിസ്റ്റ് ഉള്‍പ്പെടെയുള്ള നോവലുകള്‍ തനിമ ചോരാതെ മൊഴി മാറ്റിയ രമാ മേനോന്‍ വിവര്‍ത്തനം ചെയ്ത്. 

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാഫോണ്‍ അകാലത്തില്‍ മരിക്കുന്നത്. 

ജൂണ്‍ 19ന്. 55-ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച്. 

 

19-ാം നൂറ്റാണ്ടിലെ ബാഴ്സലോന പശ്ചാത്തലമാക്കി സാഫോണ്‍ രചിച്ച കാറ്റിന്റെ നിഴല്‍ ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വായനക്കാര്‍ അറിഞ്ഞുതുടങ്ങിയതോടെ പെട്ടെന്നുതന്നെ വിശ്വപ്രസിദ്ധമായി ആ പുസ്തകം. എന്നാല്‍ സ്വകാര്യത സൂക്ഷിച്ച് സ്പെയിനില്‍ നിന്ന് യുഎസിലെ കലിഫോര്‍ണിയയിലേക്കു താമസം മാറ്റി  സാധാരണക്കാരനായി ജീവിക്കുകയായിരുന്നു സാഫോണ്‍. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പെയിനിലാണ് കാറ്റിന്റെ നിഴല്‍ പ്രസിദ്ധീകരിക്കുന്നത്. 2001-ല്‍. പിന്നീട് തുടര്‍ച്ചയായി മൂന്നു നോവലുകള്‍ കൂടി അദ്ദേഹമെഴുതി. 2008 ല്‍ ദ് ഏന്‍ജല്‍സ് ഓഫ് ഹെവന്‍. 2011 ല്‍ പ്രിസണര്‍ ഓഫ് ഹെവന്‍, 2016 ല്‍ ലാബിറിന്റ് ഓഫ് ദ് സ്പിരിറ്റ്സ്. സ്പെയിനില്‍ ഉള്‍പ്പെടെ ബെസ്റ്റ് സെല്ലറുകള്‍ ആയിരുന്നു ഈ നോവലുകളെല്ലാം. 

 

സ്പെയിനിലെ ബാര്‍സലോനയില്‍ സാധാരണ കുടുംബത്തിലായിരുന്നു സാഫോണിന്റെ ജനനം. വിദ്യാര്‍ഥിയായിരിക്കെ 16-ാം വയസ്സില്‍ ആദ്യ നോവല്‍. 600- ല്‍ അധികം പേജുകളുള്ളത്. പ്രതിഭാ സ്പര്‍ശമുള്ളത്. ആ പുസ്തകം അയച്ചുകിട്ടിയ പ്രസാധകന്‍ സാഫോണിന് ജോലി കൊടുത്തു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശാലയില്‍. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ജോലി വിട്ട അദ്ദേഹം പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടി ഒരു നോവല്‍ എഴുതി. ഒരു ത്രില്ലര്‍. മോശമല്ലാത്ത ഒരു പുരസ്കാരവും ഈ പുസ്തകത്തിനു ലഭിച്ചു. . പിന്നീട് വിവാഹം. മാരി കാര്‍മന്‍ ബെല്‍വര്‍. വിവര്‍ത്തക. ജോലി ചെയ്ത പരസ്യ സ്ഥാപനത്തില്‍ വച്ചാണ് കാര്‍മെനെ അദ്ദേഹം പരിചയപ്പെടുന്നത്. കാര്‍മെന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വായനക്കാരി. സഹപ്രവര്‍ത്തക. പങ്കാളി. 

സ്പെയിനിലെ ജീവിതം മതിയാക്കി യുഎസിലെ കലിഫോര്‍ണിയയിലേക്ക് അവര്‍ ജീവിതം പറിച്ചുനട്ടു. ലോക സിനിമയുടെ സ്വപ്നഭൂമിയായ ലൊസാന്‍ജല്‍സില്‍ എത്തി രണ്ടു ചെറിയ നോവലുകള്‍ കൂടി എഴുതിയ അദ്ദേഹം ഹോളിവുഡ് സിനിമയുടെ തിരക്കഥാ രചനയിലേക്കു തിരിഞ്ഞു. എന്നാല്‍ വിജയം അ്രാപ്യമായതോടെ സാഹിത്യത്തിലേക്കു തന്നെ തിരിച്ചുവന്നു. 90- കളുടെ അവസാനത്തില്‍ ഒരു വലിയ പുസ്തകശാല സന്ദര്‍ശിക്കവേ ആണ് കാറ്റിന്റെ നിഴല്‍ എന്ന നോവലിന്റെ ആശയം സാഫോണിന് ലഭിക്കുന്നത്. അത് വഴിത്തിരിവായി. സാഫോണിനും ലോകസാഹിത്യത്തിനും. 

 

2000-നു ശേഷം ദമ്പതികള്‍ സ്പെയിനില്‍ തിരിച്ചുവന്ന് രണ്ടു വര്‍ഷം കൂടി ബാര്‍സലോനയില്‍ താമസിച്ചെങ്കിലും കലിഫോര്‍ണിയയിലേക്കു തന്നെ തിരിച്ചുപോയി. ഒരു വീട് വാങ്ങി. ഡ്രാഗണ്‍ലാന്‍ഡ് എന്നു പേരിട്ടു. എന്നാല്‍ അസുഖം അദ്ദേഹത്തെ തളര്‍ത്തി. മഹത്തായ പുസ്തകങ്ങളുടെ ആശയങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും അവ സഫലമാകുന്നതിനു മുന്നേ ഇതാ സാഫോണ്‍ യാത്രയായിരിക്കുന്നു. അതും അധികമാരുമറിയാതെ. ഇനി കലിഫോര്‍ണിയയിലെ ഡ്രാഗണ്‍ ലാന്‍ഡില്‍ മാരി കാര്‍മന്‍ തനിച്ച്. തനിച്ചല്ല, കാറ്റിന്റെ നിഴലുണ്ട്. ആ നോവല്‍ നെഞ്ചേറ്റിയ ലക്ഷക്കണക്കിനു വായനക്കാരുണ്ട്. 

 

1945 ലെ വേനല്‍ക്കാലത്തെ ബാര്‍സലോനയിലെ ഒരു തെരുവില്‍ പുസ്തകങ്ങളുടെ ശവപ്പറമ്പിലാണ് ഷാഡോ ഓഫ് ദ് വിന്‍ഡ് എന്ന നോവല്‍ ആരംഭിക്കുന്നത്. ഡാനിയേല്‍ എന്ന കുട്ടിയുടെ കൈ പിടിച്ചെത്തുന്ന അച്ഛനില്‍. ആദ്യമായി ആ ശവപ്പറമ്പ് സന്ദര്‍ശിക്കുന്ന ഏതൊരാളും അവിടെ നിന്ന് ഒരു പുസ്തകമെടുക്കണം. അതവര്‍ക്ക് സ്വന്തമായിരിക്കും. എന്നാല്‍ ഒരിക്കലും ആ പുസ്തകം നഷ്ടപ്പെടുത്തുകയില്ലെന്ന് വാക്കുകൊടുക്കണം. അതൊരു കടമയാണ്. ജീവിതം മൂഴുവന്‍ കാത്തുസൂക്ഷിക്കേണ്ട പ്രതിജ്ഞ. ഡാനിയേല്‍ തിരഞ്ഞെടുത്ത പുസ്തകമാണ് കാറ്റിന്റെ നിഴല്‍. 

 

ഭാവിയിലേക്ക് ഒരു പുസ്തകം മാത്രം തിരഞ്ഞെടുക്കാന്‍ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ കാറ്റിന്റെ നിഴല്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒട്ടേറെ വായനക്കാരുണ്ട്. എന്നാല്‍ അവര്‍ പോലുമറിഞ്ഞിട്ടില്ല സാഫോണിന്റെ അന്ത്യയാത്ര. കാറ്റു നിഴലും നിറഞ്ഞ ലോകത്തു നിന്ന് കഥകളുടെ മറ്റൊരു ലോകം തേടിപ്പോയ പ്രിയപ്പെട്ട എഴുത്തുകാരന്  യാത്രാമൊഴി. 

 

English Summary: Carlos Ruiz Zafon, author of ‘The Shadow of the Wind’, dies aged 55

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com