sections
MORE

ചാരം മൂടിയൊരു വേളിസത്യം

wedding
പ്രതീകാത്മക ചിത്രം
SHARE

കേരള ചരിത്രത്തിലെ ആദ്യ ബ്രാഹ്‌മണവിധവാവിവാഹം നടന്നത് എന്നാണ്? 1934 സെപ്‌റ്റംബർ 13ന് ഉമ അന്തർജനവും എംആർബിയും തമ്മിൽ നടന്നതാണ് നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹമെന്നാണു നിലവിലുള്ള ധാരണ. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട് സാക്ഷരകേരളം ആവർത്തിച്ചുറപ്പിച്ച ഈ വിശ്വാസത്തിന്. ‘സമുദായ ചരിത്രം തിരുത്തിയ പ്രഥമ വിധവാവിവാഹ’മെന്ന് ഇഎംഎസ് നമ്പൂതിരിപ്പാടും ഈ വേളിയെ വിലയിരുത്തിയിട്ടുണ്ട്. 

എന്നാൽ, 19–ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തിരുവിതാംകൂറിൽ അഗ്നിസാക്ഷിയായി ഒരു ബ്രാഹ്‌മണവിധവാവിവാഹം നടന്നതിനു ചരിത്രം സാക്ഷി. ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുൻപു ജ്വലിച്ച ആ സ്‌ഫുലിംഗം ഒരു വിദേശ മിഷനറി രചിച്ച അപൂർവ ഗ്രന്ഥത്തിൽ ചാരം മൂടിക്കിടക്കുന്നു. 

മൂന്നു പതിറ്റാണ്ടോളം തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ച എൽഎംഎസ് മിഷനറിയാണ് റവ. സാമുവൽ മെറ്റീർ. കാൽനൂറ്റാണ്ടു നീണ്ട ഗവേഷണപഠനങ്ങൾക്കൊടുവിലാണു മെറ്റീർ ‘നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ’ (1883) എന്ന ഗ്രന്ഥം രചിച്ചത്. പ്രദേശത്തിന്റെ യഥാർഥ ചരിത്രം മനസ്സിലാക്കുന്നതിനുവേണ്ട വിവരങ്ങളും ആധുനികതയുടെയും ക്രിസ്‌തീയ മിഷനറിമാരുടെയും ശ്രമഫലമായി അതിവേഗം മാറിത്തുടങ്ങിയ വിചിത്ര സമ്പ്രദായങ്ങളുടെ നേർച്ചിത്രവും നൽകാനാണു താൻ ശ്രമിച്ചിട്ടുള്ളതെന്ന് പുസ്‌തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം കുറിക്കുന്നു. ഈ ഗ്രന്ഥത്തിലെ വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന 17ാം അധ്യായത്തിലാണ് അക്കാലത്ത് കോളിളക്കം സൃഷ്‌ടിച്ച ബ്രാഹ്‌മണവിധവാവിവാഹത്തെക്കുറിച്ചു പരാമർശമുള്ളത്. 

‘1872ൽ ഭർത്താവു മരിച്ചു നാമമാത്ര വിധവയായിത്തീർന്ന കന്യകയായ മകളെ ഒരു ബ്രാഹ്‌മണൻ ധീരതയോടെ പുനർവിവാഹം ചെയ്‌തുകൊടുത്തു. ഇതിനെത്തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽനിന്നും സ്വന്തം സമുദായത്തിൽനിന്നും ഔപചാരികമായി ഭ്രഷ്‌ടനാക്കപ്പെട്ടു. അദ്ദേഹം പ്രവേശിച്ചതിനാൽ അശുദ്ധമായിത്തീർന്ന ക്ഷേത്രത്തിൽ വലിയ ചെലവിൽ ശുദ്ധികലശം നടത്തി.’ 

സാമുവൽ മെറ്റീർ തിരുവിതാംകൂറിൽ മിഷനറിയായി പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ സംഭവം നടന്നത്. ബ്രാഹ്‌മണവിധവകൾക്കു പുനർവിവാഹം അനുവദിക്കാത്ത വിചിത്രമായ സാമൂഹികനീതി ആ മിഷനറിയെ അമ്പരപ്പിച്ചു. വിധവയായ മകളെ പുനർവിവാഹം ചെയ്‌തുകൊടുത്ത ശുദ്ധ ബ്രാഹ്‌മണനു നേരിടേണ്ടിവന്ന ഭ്രഷ്‌ടിനെ ‘തിരുവിതാംകൂർ ചരിത്രത്തിലെ മായ്‌ക്കാനാകാത്ത കളങ്കം’ എന്നാണു പുരോഗമനവാദിയായ മെറ്റീർ വിശേഷിപ്പിച്ചത്. 

തന്റെ ഗവേഷണ ഗ്രന്ഥത്തിലെ വിവരണം കേരളചരിത്രത്തിലെ ആദ്യ ബ്രാഹ്‌മണവിധവാവിവാഹത്തിന്റെ അമൂല്യരേഖയായി മാറുമെന്നു മെറ്റീർ സ്വപ്‌നത്തിൽപോലും ചിന്തിച്ചുകാണില്ല. അതുകൊണ്ടുതന്നെയാകാം വിധവാവിവാഹത്തിലെ വിപ്ലവനായികയുടെയോ അവരെ വിവാഹം ചെയ്യാൻ തയാറായ ധീരപുരുഷന്റെയോ പേര് അദ്ദേഹം രേഖപ്പെടുത്താതിരുന്നതും. എംആർബി ഉമ ദമ്പതികൾക്കു മുൻപേ നടന്ന അജ്‌ഞാതരായ ആ ദമ്പതികൾക്കു പിന്നീട് എന്തു സംഭവിച്ചു? ചരിത്രം മൗനിയാകുന്നു. 

(2009 സെപ്റ്റംബർ 13 ന് മലയാള മനോരമയുടെ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)

English Summary: World widows day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;