sections
MORE

സൗഹൃദത്തിനായുള്ള അലച്ചിലുകള്‍, ജീവിക്കാനായുള്ള പോരാട്ടങ്ങള്‍, ഇത് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതകഥ

the-pink-line
SHARE

പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ ഹൃദയവുമായി ജീവിതം. കടലോര ഗ്രാമത്തില്‍ ഒരു ദേവാലയത്തെ ചുറ്റിപ്പറ്റിയാണു ദിവസങ്ങള്‍. പ്രാര്‍ഥനയില്‍ ഉദിക്കുന്ന പകലുകള്‍. അവസാന വിളക്കും കെടുമ്പോള്‍ അവസാനിക്കുന്ന സന്ധ്യകള്‍. അറ്റമില്ലാത്ത രാത്രിയുടെ ഇരുട്ടിലെ ഏകാന്തമായ ചിന്തകള്‍. ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇങ്ങനെയൊരു വ്യക്തിയെ കണ്ടെടുത്തത് മാര്‍ക് ഗെവിസ്സര്‍. ആ കഥ പറയുന്ന പുസ്തകമാണ് ദ് പിങ്ക് ലൈന്‍. ലോകത്തെ വിവിധ രാജ്യങ്ങളിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങളിലൂടെ നടത്തിയ യാത്രയുടെ സാഹസികവും വിജ്ഞാനപ്രദവും രസകരവുമായ പുസ്തകം. 

അമേരിക്ക ഉള്‍പ്പെടെ ലോകത്തെ ഒട്ടേറെ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തും പത്തുവര്‍ഷത്തോളം ഗവേഷണം നടത്തിയുമായാണ് ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഗവിസ്സര്‍ പുസ്തകം രചിച്ചത്. 21-ാം നൂറ്റാണ്ടിലെ ആദ്യ രണ്ടു ദശകങ്ങളിലെ ലോകമെങ്ങുമുള്ള ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതകഥ. അവരുടെ പോരാട്ടങ്ങള്‍. സൗഹൃദത്തിനുവേണ്ടിയുള്ള തീരാത്ത അലച്ചിലുകള്‍. രഹസ്യസ്ഥലങ്ങളിലെ കണ്ടുമുട്ടലുകള്‍. അപൂര്‍വമായി ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷം. 

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലെ നഗരത്തില്‍ ഒരു പുരുഷന്‍. അയാള്‍ സ്വവര്‍ഗ്ഗ സ്നേഹിയാണ്. ഒരു സുഹൃത്തിനെ എവിടെ, എങ്ങനെ കണ്ടുപിടിക്കുമെന്നറിയാതെ വിഷമിച്ചു അയാള്‍. ഇതേ മാനസിക ലോകം പങ്കുവയ്ക്കുന്ന  വേറെയും ആളുകള്‍ അടുത്തുതന്നെയുണ്ടെന്നു പറഞ്ഞപ്പോള്‍ ആദ്യമൊന്നും അയാള്‍ വിശ്വസിച്ചില്ല. ഗ്രിന്‍ഡര്‍ എന്ന ആപ്പ് അയാളെ പരിചയപ്പെടുത്തി. വിലാസം ടൈപ്പ് ചെയ്തു. ഉടന്‍ തന്നെ സ്ക്രീനില്‍ തെളിഞ്ഞത് ആയിരക്കണക്കിനു വിലാസങ്ങള്‍. അടുത്തും അകലെയുമുള്ളവ. അയാളുടെ മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെയാകെ ജീവിതത്തെ മാറ്റിമറിച്ച ഗ്രിന്‍ഡര്‍ ആപ്പ്. 2017 ആയപ്പോഴേക്കും 192 രാജ്യങ്ങളില്‍ 27 ദശലക്ഷം ട്രാന്‍സ്ജന്‍ഡറുകളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സൗഹൃദവേദിയായി മാറി ഗ്രിന്‍ഡര്‍. ഈജിപ്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അധികാരികള്‍ കണ്ടെത്തുന്നത് ആപ്പിന്റെ സഹായത്തോടെയാണ്. പൊലീസിന്റെ ജോലിയും ഗ്രിന്‍ഡര്‍ എളുപ്പമാക്കിയിട്ടുണ്ട്. 

ചൈനയില്‍ ആപ്പിന്റെ പേര് ബ്ലൂഡ്. 40 ദശലക്ഷം പേരാണ് അംഗങ്ങള്‍. ഈജിപ്ത്, കെനിയ, റഷ്യ, നൈജീരിയ. ഗവിസ്സര്‍ സഞ്ചരിച്ച രാജ്യങ്ങള്‍ക്കു കണക്കില്ല. കയ്റോ. നയ്റോബി. കംപാല. റാമല്ല, ഇസ്താംബുള്‍. ലഹോര്‍. ഗവിസ്സര്‍ ആഴ്ചകളും മാസങ്ങളും ജീവിച്ച നഗരങ്ങള്‍ക്കു കണക്കില്ല. ഓരോ രാജ്യത്തും ഒരോ നഗരത്തിലും ദിവസങ്ങളോളം ജീവിച്ചും സ‍ഞ്ചരിച്ചുമാണ് ദ് പിങ്ക് ലൈന്‍ യാഥാര്‍ഥ്യമായത്. ട്രാന്‍സ്ജെന്‍ഡര്‍ ഗ്രൂപ്പുകള്‍ക്കൊപ്പവും അദ്ദേഹത്തിനു ജീവിക്കേണ്ടിവന്നു. അവരിലൊരാളായി. അവരെപ്പോലെ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മനസ്സിലാക്കി. 

ദ പിങ്ക് ലൈന്‍ ഗവേഷണം നടത്തിയും വ്യാപകമായി യാത്ര ചെയ്തും കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങളുടെ സമാഹാരമാണ്. കണ്ണു നനയിക്കുന്ന കഥകളുടെ കൂട്ടമാണ്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ അധ്യായങ്ങളാണ്. ഈ നൂറ്റാണ്ടിന്റെ ഏറ്റവും മഹത്തായ പുസ്തകങ്ങളിലൊന്ന് എന്നു കീര്‍ത്തികേട്ടത്. അരികുകളിലെ, അദൃശ്യ ജീവിതങ്ങളുടെ ദൃശ്യ വ്യാഖ്യാനം. ഇവരുടെ കഥ കൂടിയാണ് നമ്മുടെ ലോകത്തിന്റെ ചരിത്രവും വര്‍ത്തമാനവും. ഇവരുടെ കഥ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രം പൂര്‍ണമാകുന്ന ഭാവി. എന്നിട്ടും നമുക്കെങ്ങനെ കഴിഞ്ഞു ഇവരെ മറക്കാന്‍... 

English Summary: The Pink Line by Mark Gevisser

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;