ADVERTISEMENT

വ്യവസായി വിരുന്നൊരുക്കി. നാട്ടുകാരെല്ലാം വിരുന്നിന് എത്തിയെങ്കിലും, അത് എന്തിനു വേണ്ടിയാണെന്ന് ആർക്കും മനസ്സിലായില്ല. ആകാംക്ഷ സഹിക്കാതെ ഒരാൾ വ്യവസായിയോട് അക്കാര്യം ചോദിച്ചു. വ്യവസായി പറഞ്ഞു: 

‘ഇന്നു രാവിലെ എന്റെ കാർ അപകടത്തിൽപെട്ട് തകർന്നു തരിപ്പണമായി.’ എല്ലാവർക്കും അതിശയമായി – ലക്ഷങ്ങൾ വിലയുള്ള കാർ തകർന്നതിന്റെ പേരിൽ ആരെങ്കിലും വിരുന്നു നടത്തുമോ? വ്യവസായി തുടർന്നു: കാർ നശിച്ചതിന്റെ പേരിലല്ല, അത് ഓടിച്ചിരുന്ന ഞാൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു കൊണ്ടാണ് ഈ വിരുന്ന്!  

 

രണ്ടു സാധ്യതകൾക്കിടയിലെ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ ഭാവം തീരുമാനിക്കുന്നത് – ഒന്നുകിൽ നഷ്ടങ്ങളുടെ ഭാരവും പേറി വിലപിക്കാം; അല്ലെങ്കിൽ ശേഷിക്കുന്ന അനുഗ്രഹങ്ങളെയും കൂട്ടുപിടിച്ച് യാത്ര തുടരാം. എല്ലാ നിരാശകൾക്കിടയിലും സാധ്യതകളുടെ ചെറുകണികകൾ അവശേഷിക്കുന്നുണ്ടാകും. അവ കാണാതിരിക്കാൻ മാത്രം കണ്ണിലെ വെളിച്ചം നഷ്ടപ്പെടാതിരുന്നാൽ മതി. 

 

മുറിച്ചുമാറ്റപ്പെടുന്ന മരത്തിന്റെ വേരിൽനിന്നുപോലും പുതുനാമ്പുകൾ മുളയ്ക്കുന്നുണ്ട്; ചിലപ്പോൾ ഫലങ്ങളുമുണ്ടാകും. നേരിയ ശ്വാസമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ, അതു പ്രതികരണത്തിനും പ്രതിപ്രവർത്തനത്തിനുമുള്ള ലൈസൻസാണ്. 

വെട്ടിയൊരുക്കുന്ന ചെടികൾ പറയുന്നത് ചില്ലകളറുത്തതിന്റെ കദനകഥകളല്ല, പുതുരൂപത്തിന്റെയും തുടക്കത്തിന്റെയും സാധ്യതകളാണ്. 

 

ഒരു കാലവും ഒരുപാടു കാലത്തേക്കില്ല – അതു നല്ല കാലമായാലും കഷ്ടകാലമായാലും. എല്ലാറ്റിനെയും അഭിമുഖീകരിക്കാൻ പഠിക്കണം. ചിലതിനെ അതിജീവിക്കണം, ചിലതിനോടു പൊരുത്തപ്പെടണം. 

 

English Summary: Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com