ADVERTISEMENT

കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ, കേരളത്തിൽ നഷ്ടം ഉൽപാദിപ്പിച്ചു മികവു കാട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 43 ആണ്. 2018–19ലെ മൊത്തം നഷ്ടം കേട്ടാൽ ആരുമൊന്നു കോടിപ്പോകും: 2666 കോടി രൂപ. 

 

രാവിലെ എഴുന്നേറ്റു വരാന്തയിൽനിന്നു പുറത്തേക്കു നോക്കുമ്പോൾ കണ്ണിൽപെടുന്ന എല്ലാറ്റിനുവേണ്ടിയും നമുക്കിവിടെ പൊതുമേഖലാ സ്ഥാപനമുണ്ട്: കോഴി, തേങ്ങ, കശുവണ്ടി, തൂമ്പ, മഴു, മുള, ഈറ്റ, കയർ എന്നിങ്ങനെ സ്വന്തമായി പൊതുമേഖലാ സ്ഥാപനമില്ലാത്ത സ്ഥാവര ജംഗമങ്ങൾ നമുക്കു കുറവാണ്. 

 

ഒന്നും നഷ്ടമുണ്ടാകാൻ വേണ്ടി തുടങ്ങിയതല്ലെന്ന് നമുക്കറിയാം. അങ്കത്തിൽ തോറ്റു വഴിയിൽ വീണുപോയ രാഷ്ട്രീയക്കാരെ പുനരധിവസിപ്പിക്കാൻ, തൊഴിലില്ലാതെയും തൊഴിൽ ചെയ്യാനറിയാതെയും ഭരണ രാഷ്ട്രീയത്തിൽ ചാരിനിൽക്കുന്ന ശുഭ്രവസ്ത്രധാരികളെ സഹായിക്കാൻ, ഇല്ലാത്ത ജോലി എങ്ങനെ ചെയ്യാതിരിക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുക്കാൻ എന്നിങ്ങനെ പോകും പൊതുമേഖലയുടെ ലക്ഷ്യങ്ങൾ. 

 

ഓരോ വർഷവും കോടികൾ നഷ്ടം വരുമ്പോൾ ധൂർത്ത്, തോന്ന്യാസം, കൊള്ള എന്നിങ്ങനെയുള്ള പദങ്ങൾ നാം ഉപയോഗിക്കുകയേയില്ല. രാഷ്ട്രനിർമാണത്തിന്റെ ചെലവായി അതെല്ലാം എഴുതിത്തള്ളാനാണ് നമുക്കിഷ്ടം. 

ഈ നഷ്ടക്കണക്കിൽനിന്ന് പ്രിയ വായനക്കാരെ അപ്പുക്കുട്ടൻ ക്ഷണിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളജിലേക്കാണ്. 

കോവിഡ്കാലം. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രാപകലില്ലാതെ കഠിനാധ്വാനം ചെയ്യുന്നു; കഷ്ടപ്പെടുന്നു. 

 

ഇതിനിടയിലാണ് മേൽപടി ആശുപത്രിയിലെ കോവിഡ് ഒപി വിഭാഗത്തിൽനിന്ന് ഒരു ഇസിജി യന്ത്രം കാണാതായത്. 

പൊലീസിൽ ആരും പരാതി നൽകിയില്ല; ഒരന്വേഷണവും നടന്നതുമില്ല. പകരം, ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചു നഴ്സുമാരിൽനിന്ന് 6600 രൂപ വീതം ഈടാക്കാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചത്. 

 

ഹൃദയം തൊട്ടറിയുന്ന യന്ത്രത്തിന്റെ പേരിൽ ആ അഞ്ചു നഴ്സുമാരെയും ഒരുപോലെ മോഷ്ടാക്കളാക്കാൻ ആർക്കും ഒരു ഹൃദയവ്യഥയും തോന്നിയില്ല. 

 

പൊതുമേഖലാ സ്ഥാപനങ്ങളിൽ 2666 കോടി രൂപയുടെ നഷ്ടം വന്നപ്പോൾ ആരിൽനിന്നും അത് ഈടാക്കിയതായി അപ്പുക്കുട്ടൻ ഒരു പത്രത്തിലും വായിച്ചില്ല. ഇസിജി യന്ത്രത്തെക്കാൾ വിലയുള്ള എത്രയെത്ര സാധനങ്ങൾ കാണാതെ പോകുന്ന മാതൃകാ സ്ഥാപനങ്ങളാണവ. 

 

എന്നിട്ടാണ്, ആലപ്പുഴയിലെ പാവപ്പെട്ട നഴ്സുമാരിൽനിന്ന് 6600 രൂപ വീതം ഈടാക്കിയത്. 

മോശമാണു സർ; അപമാനമാണു സർ. അന്വേഷിക്കാതെ ആരെയെങ്കിലും മോഷ്ടാക്കളാക്കുന്നതും ശിക്ഷിക്കുന്നതും ഏതു നിയമപ്രകാരമാണു സർ?

 

ആലപ്പുഴയുടെ മന്ത്രിമാരായ തോമസ്ജി ഐസക്ജിയോടും സുധാകരൻ കവിയോടും തിലോത്തമൻ അവർകളോടും അവരുടെ പ്രിയപ്പെട്ട ഹൃദയങ്ങളോടും അപ്പുക്കുട്ടൻ അപേക്ഷിക്കുകയാണ്: പ്ലീസ്, സാറന്മാരേ, ആ നഴ്സുമാരിൽനിന്നു പിടിച്ച തുക തിരിച്ചു നൽകണം. നിങ്ങളുടെ മനസ്സാക്ഷിയുടെ ഇസിജി നോർമലാകാൻ അതാവശ്യമാണ്. 

 

കള്ളനെ പിടിക്കാൻ ആലപ്പുഴയിൽ പൊലീസില്ലേ? അവർ പിടിക്കട്ടെ.

കള്ളനു ഹൃദയമുണ്ടെങ്കിൽ സ്വന്തം ഇസിജി എടുത്തതിനു ശേഷം യന്ത്രം ആശുപത്രിവരാന്തയിൽ ഉപേക്ഷിക്കാനും മതി. 

English Summary : Tharamgangalil Panachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com