ഉടുത്തൊരുങ്ങിയവര്‍ക്കു മാത്രമല്ല ആഗ്രഹിച്ച ജീവിതം സാധ്യമാകുന്നത്; ഇത് സിൻഡ്രല്ലയുടെ മറ്റൊരു കഥ

cynderella
പ്രതീകാത്മക ചിത്രം
SHARE

സ്നേഹിക്കപ്പെടാത്ത മനസ്സുകള്‍ക്കും മോഹിച്ച ജീവിതം സാധ്യമാകും എന്നു പഠിപ്പിച്ച സിന്‍ഡ്രല്ല കഥയ്ക്ക് പാഠഭേദവുമായി ഒരു കവയത്രി. 

പെൺകുട്ടികൾക്കു നല്ല ഭാവിയെന്നാൽ കുതിരപ്പുറത്തു തിരഞ്ഞു വരുന്ന രാജകുമാരന്മാരാണെന്നാണ് കേട്ട കഥകളുടെയെല്ലാം പ്രമേയം. എന്നാല്‍, ചാൾസ് പെറോൾട്ടിന്റെയും ബ്രദേർസ് ഗ്രിമ്മിന്റെയും സിൻഡ്രല്ലപ്പതിപ്പുകൾക്കു മറ്റൊരു വ്യാഖ്യാനം ചമച്ചു അമേരിക്കൻ കവയിത്രി ആൻ സെക്സ്റ്റൺ. സെക്സ്റ്റന്റെ കവിതയിലെ സിൻഡ്രല്ലക്കഥയ്ക്കു പറയാനുള്ളത് ഭാവനയുടെ ലോകമല്ല. കാല്പനികതയുടെ പുറംമോടിയഴിഞ്ഞാൽ ജീവിതം പച്ചയാണെന്ന യാഥാർഥ്യം.

പന്ത്രണ്ടു മക്കളുള്ള പ്ലംബർ ലോട്ടറിയടിച്ച് പണക്കാരനായ സംഭവം കേട്ടിട്ടില്ലേ. അതുപോലെ വേറെയുമുണ്ട് കുറേ കഥകള്‍. കുട്ടികളെ നോക്കി വളർത്താനെത്തിയ ദരിദ്രയായ ആയ ബംഗ്ളാവ് വാങ്ങുന്നു. പാലും മുട്ടയും വിറ്റു നടന്ന കച്ചവടക്കാരൻ റിയൽ എസ്റ്റേറ്റിലൂടെ ധനികനാകുന്നു. വേലക്കാരി സ്ത്രീ അപകടം സംഭവിച്ചപ്പോള്‍ കിട്ടിയ ഇൻഷുറൻസ് കൊണ്ട് സുഖജീവിതം നയിക്കുന്നു. ഇങ്ങനെയുള്ള ‘കഥ’കളില്‍ നിന്നാണ് സെക്സ്റ്റണ്‍ സിന്‍ഡ്രല്ലക്കഥയിലേക്കു കടക്കുന്നത്. 

മരിച്ചു പോയ അമ്മ, പുനർ വിവാഹിതനായ അച്ഛൻ, ക്രൂരയായ രണ്ടാനമ്മ, ദുഷ്ടകളായ അർദ്ധ സഹോദരിമാർ... അക്കഥയ്ക്കു മാറ്റമില്ല; കരിപിടിച്ച പാതാമ്പുറത്ത് ജീവിതം ഹോമിച്ച പെൺകുട്ടി. പിതാവുണ്ടെങ്കിലും അനാഥ. ടൗണിൽ നിന്നു വാങ്ങുന്ന വിലപിടിപ്പുള്ള  സമ്മാനങ്ങളിൽ സിൻഡ്രല്ലയ്ക്കായി ഒന്നുമില്ല. കിട്ടിയതൊരു വള്ളിച്ചെടി. അമ്മയുടെ ശ്‌മശാനത്തിൽ നൊന്തു നട്ട ചെടി വളർന്നു വളർന്നു മരമായി. അതിലൊരു വെള്ളരിപ്പ്രാവ് കൂടും കൂട്ടി.

അങ്ങനെയിരിക്കെ കൊട്ടാരത്തിലെ വിരുന്ന്. വിവാഹച്ചന്ത. രാജകുമാരനു വധുവിനെ വേണം. ഇല്ലാത്ത ജോലി ചെയ്യാനേൽപ്പിച്ച് രണ്ടാനമ്മ.

കരഞ്ഞിട്ടും കൂടെക്കൂട്ടാതെ സഹോദരിമാര്‍. നല്ലൊരു ഗൗണില്ലാതെ എങ്ങനെ പോകും ! മരച്ചോട്ടിൽ ചെന്നു നിന്നു സങ്കടം പറഞ്ഞ് സിൻഡ്രല്ല. സ്വർണ നിറമുള്ള പുത്തനുടുപ്പും ഒരു ജോഡി ഗ്ലാസ്‌ സ്ലിപ്പറും താഴേക്കിട്ടു കൊടുത്ത് പ്രാവ്.

അതീവ സുന്ദരിയായി രാജകൊട്ടാരത്തിൽ. മുന്നിൽ കണ്ട മാലാഖയോടൊപ്പം രാത്രിമുഴുക്കെ നൃത്തം ചെയ്ത് രാജകുമാരൻ. നേരമിരുട്ടിയപ്പോൾ വീട്ടിലേക്കു മടങ്ങി സിൻഡ്രല്ല. രണ്ടു രാത്രികളങ്ങനെ. വധുവാകേണ്ട പെൺകുട്ടിയെ കണ്ടെത്താൻ മൂന്നാം രാത്രി കൊട്ടാരത്തിന്റെ പടികളിൽ മെഴുകുരുക്കിയൊഴിച്ച് പരീക്ഷണം.

ശ്രമം വിജയം. പടിയിലൊട്ടി സിൻഡ്രല്ലയുടെ സ്വർണചെരുപ്പ്. ചെരുപ്പിന്റെ ഉടമയെ തേടി യാത്ര വീട്ടിലേക്ക്. ഒരുങ്ങിച്ചമഞ്ഞ് സഹോദരിമാർ ; ഷൂ പരുവപ്പെടാൻ പെരുവിരൽ മുറിച്ചു കളഞ്ഞ് മൂത്തയാൾ. ഉപ്പൂറ്റി മുറിച്ച് ഇളയയാൾ. പ്രാവ് കാട്ടിക്കൊടുത്ത ചോര വാർന്നൊഴുകുന്ന പാദങ്ങളെ മടുത്തുപേക്ഷിച്ച് രാജകുമാരൻ.

അവസാനശ്രമത്തിൽ ഉടമയെ കണ്ടെത്തുന്നു. ഒരു പ്രേമലേഖനം കവറിലേക്കു കയറിപ്പോകുന്ന എളുപ്പത്തിൽ ഷൂവിനുള്ളിൽ സിൻഡ്രല്ലയുടെ കാൽ. സ്വപ്നം സഫലമായ സന്തോഷത്തിൽ വരനും വധുവും. ശേഷം വിവാഹം. ചടങ്ങിനു വന്ന രണ്ടു കുശുമ്പികളുടെയും കണ്ണു ചുഴിഞ്ഞെടുത്ത് പ്രാവ്.

സാങ്കല്‍പിക ലോകത്തിന്റെ തിരശ്ശീല മാറുന്നത് കവിതയുടെ ആന്റിക്ലൈമാക്സിൽ. 

അന്ത്യം ശുഭകരമായ യഥാർത്ഥ സിൻഡ്രല്ലപ്പതിപ്പുകളിൽ നിന്നു വ്യത്യസ്തമായി മണവാളന്റെയും മണവാട്ടിയുടെയും 'ജീവനി'ല്ലാത്ത ജീവിതത്തിലേക്കു  വായനക്കാർക്കു ക്ഷണം. കുതിരപ്പുറത്തു തുടങ്ങിയെന്നു തോന്നിപ്പിക്കുന്ന ജീവിതം സത്യത്തിൽ അവിടെത്തന്നെ അവസാനിച്ചെന്നു തിരുത്തിപ്പറയുന്ന അന്ത്യം. സുഖസന്തോഷങ്ങൾ സ്വപ്നം കണ്ട സിൻഡ്രല്ലയെയും മാലാഖയെ മോഹിച്ച രാജകുമാരനെയും കവയത്രി ഉപമിക്കുന്നത് മ്യൂസിയത്തിലെ മെഴുകു പാവകളോട്. കാണാനും കേൾക്കാനും മിണ്ടാനും മണക്കാനും രുചിക്കാനും ശ്വസിക്കാനുമാകാത്ത ജീവനില്ലാ പ്രതിമകള്‍. 

‘‘മാറാല മൂടാതെ, ഉടുതുണി മാറേണ്ടതില്ലാതെ

ചിരിക്കൊരു മാറ്റവുമില്ലാതെ-  

യൊരേ കഥ പിന്നെയും പറയാതെ 

ഒരു നരയുമൊരിക്കലുമേശാതെ

ഒട്ടിയിരുന്നു വഴക്കൊന്നുമടിക്കാതെ , 

'ഹാപ്പിലി എവറാഫ്റ്ററെ' ന്നാരോ പറഞ്ഞ പോലവരുണ്ടവിടെ രണ്ടിരട്ടകളെപ്പോലെ, 

സുന്ദരി സിൻഡ്രല്ലയു-

മവളുടെ രാജകുമാരനും.’’

‘സന്തുഷ്‌ടമായി എന്നെന്നേക്കും’ ചൊല്ലുകളുടെ പൊള്ളത്തരത്തിലേക്ക് വെളിച്ചം വീശുന്ന വരികൾ. കാല്പനികതയും വാസ്തവികതയും തമ്മിലുള്ള വ്യത്യാസം. ഉപഭോക്താക്കളില്‍ 

കുത്തിവെയ്ക്കാൻ ശ്രമിക്കുന്ന സ്വപ്നലോകത്തേക്കുള്ള പലായന പ്രവണതയുടെ അപകടം ചൂണ്ടികാട്ടുകയാണ് കവയിത്രി. 

സങ്കല്പത്തിലെ പങ്കാളിയെ സ്വന്തമാക്കാനുള്ള മോഹത്തിൽ സ്വയം നശിക്കുന്ന യുവതയുടെ ആത്മഹത്യാപ്രവണത. 

കെട്ടുകഥകള്‍ കളകളായി തന്നെ നില്‍ക്കട്ടെ. കൃത്രിമങ്ങളും പൊങ്ങച്ചങ്ങളും മാത്രമല്ല ജീവിതം. ഉടുത്തൊരുങ്ങിയവര്‍ക്കു മാത്രമല്ല ആഗ്രഹിച്ച ജീവിതം സാധ്യമാകുന്നത്; ഉന്നത കുലജാതര്‍ക്കു മാത്രവുമല്ല. കഥ തീരുമ്പോള്‍ ഒരു വാനമ്പാടി പറക്കുന്നു. ആ കൊക്കിലുണ്ട് ജീവന്റെ ചില്ല. ചിറകടിയിലുണ്ട് വേദനയുടെ താളം. കണ്ണുകളിലുണ്ട് ഇനിയും പറന്നെത്താനുള്ള ദൂരം. ദൂരെ..ദൂരെ... 

English Summary: Cinderella poem by Anne Sexton 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;