ADVERTISEMENT

ട്രംപ് കുടുംബത്തിന്റെ ചരിത്രം പറയുന്ന ആധികാരിക പുസ്തകത്തിന്റെ പ്രകാശനത്തിനു കരിനിഴലായി കോടതി ഇടപെടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടുംബചരിത്രം പുറത്തുവരാതിരിക്കാന്‍ കഠിന പരിശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണത്രേ. ഇതിന്റെ ഭാഗമായി കുടുംബാംഗം ന്യൂയോര്‍ക്കിലെ കോടതിയെ സമീപിച്ചുകഴിഞ്ഞു. കോടതി തടഞ്ഞാല്‍ പുസ്തകത്തിന്റെ പ്രകാശനം മുടങ്ങിയേക്കാം. 

 

ഡോണള്‍ഡ് ട്രംപിന്റെ സഹോദരന്റെ മകള്‍ മേരി ട്രംപ് എഴുതിയ ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ് വേള്‍ഡ്സ് മോസ്റ്റ് ഡെയ്ഞജറസ്  മാന്‍’ എന്ന പുസ്തകമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സഹോദരന്റെ മരണത്തിന് ഡോണള്‍ഡ് ട്രംപ് എങ്ങനെ കാരണക്കാരനായി എന്നു വിവരിക്കുന്ന പുസ്തകം പുറത്തുവരാതിരിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത് ട്രംപിന്റെ മറ്റൊരു സഹോദരനായ റോബര്‍ട് ട്രംപ്. നിരന്തരമായ മദ്യപാനത്തിനൊടുവില്‍ ഹദയാഘാതത്തെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ ഒരു സഹോദരന്‍ മരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തെ സഹായിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഡോണള്‍ഡ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 

 

കുടുംബത്തിലെ ഓരോ സംഭവങ്ങളും വിശദമായി പ്രതിപാദിച്ച് എങ്ങനെയാണ് അപകടകാരിയായ ഒരു മനുഷ്യന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിപ്പെട്ടതെന്ന ചരിത്രമാണ് മേരി ട്രംപ് എഴുതുന്നത്. കുടുംബാംഗങ്ങളുമായി സംസാരിച്ചും അവരുടെ വാചകങ്ങള്‍ ഉദ്ധരിച്ചും  മേരി എഴുതിയ പുസ്തകം വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ആശങ്കകള്‍ ഉയര്‍ന്നതിനിടെയാണ് പുസ്തകത്തിനെതിരായ നീക്കവും ശക്തിപ്പെട്ടത്. അടുത്തുവരുന്ന പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ പുസ്തകം എതിരാളികള്‍ ആയുധമാക്കിയേക്കുമോ എന്ന ആശങ്കയും പ്രസിഡന്റിനുണ്ട്. അതുകൂടി മുന്നില്‍ക്കണ്ടാണ് എങ്ങനെയും പുസ്തകം പുറത്തുവരാതിരിക്കാനുള്ള നീക്കവും ശക്തിപ്പെട്ടിരിക്കുന്നത്. 

 

തിരഞ്ഞെടുപ്പ് റാലികള്‍ തുടങ്ങാനിരിക്കെ ഇമേജ് വര്‍ധിപ്പിക്കാനുള്ള സജീവ ശ്രമത്തിലാണ് ട്രംപിന്റെ അനുയായികള്‍. ഇതിനിടെയാണ് ഇരുട്ടടിയായി മേരി ട്രംപിന്റെ പുസ്തക വാര്‍ത്ത എത്തുന്നത്. 

ജൂലൈയില്‍ പുസ്തകം പ്രകാശിപ്പിക്കുമെന്നാണ് പ്രസാധകര്‍ അവകാശപ്പെട്ടിരുന്നത്. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതി കേസ്. ഇനി പുസ്തകം പുറത്തുവരുമോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കും; തല്‍ക്കാലത്തേക്കെങ്കിലും. 

 

English Summary: Donald Trump’s family has gone to court to try to block publication of the book ‘Too much and never enough’ by Mary Trump

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com