ADVERTISEMENT

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ വിട വാങ്ങിയിട്ട് ഇന്ന് നാല് വർഷം തികയുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു.  കാവാലം നാരായണപ്പണിക്കരുടെ ഏറ്റവും ജനസമ്മതി നേടിയ നാടകമായിരുന്നു അവനവൻ കടമ്പ. അതിന്റെ സംവിധാനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. സാക്ഷി, കരിങ്കുട്ടി, ഒറ്റയാൻ, ദൈവത്താർ, കരിവേഷം തെയ്യത്തെയ്യം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കർത്താവായിരുന്നു അദ്ദേഹം.  ഇന്ത്യൻ നാടകത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സോപാനം തിയറ്റർ ലോകമെമ്പാടും  നാടകാവതരണം നടത്തിയിട്ടുണ്ട്.  തനതുനാടകം എന്ന സങ്കല്പത്തിന്റെ പ്രയോക്താക്കളിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കാളിദാസ് സമ്മാൻ പുരസ്കാരം ലഭിച്ചു. 

 

‘രതിനിർവ്വേദം’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതി അദ്ദേഹം സിനിമാ രംഗത്തെത്തി. തുടർന്ന്  വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.  2007ൽ പദ്മഭൂഷൺ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ചരമദിനത്തിൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിലെ സെന്റർ ഫോർ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ് വിഭാഗത്തിന്റെ മേധാവിയും പ്രശസ്ത നാടകകൃത്തുമായ ഡോ. രാജാവാര്യർ തന്റെ ഗുരുതുല്യനായ നാടകാചാര്യനെ ഓർത്തെടുക്കുന്നു.

 

വൈദേശിക നാടകാവതരണങ്ങളുടെ വ്യാകരണങ്ങളിലധിഷ്ഠിതമായി, കൊളോണിയൽ ആധിപത്യത്തിന്റെ അനുരണനങ്ങളായി കേരളത്തിലെ നാടകപ്രസ്ഥാനം വഴിമാറി സഞ്ചരിച്ച വേളയിൽ സ്വന്തം മണ്ണിന്റെ ചൂരും ചുരുക്കും അരങ്ങിന്റെ ജീവനാഡിയിൽ ഒഴുക്കിക്കൊണ്ട് സ്വതബോധമുള്ള അരങ്ങൊരുക്കങ്ങൾക്ക് മൺചെരാതുകളിൽ നെയ്ത്തിരി തെളിച്ച തനിമയുടെ ഏകതാരകമായിരുന്നു കാവാലം നാരായണപ്പണിക്കർ. 2016 ജൂൺ 26ന് പകൽ ഇരവിനോട് വിട പറഞ്ഞപ്പോൾ ആദിത്യശോഭയോടൊപ്പം പൊലിഞ്ഞടങ്ങിയത് വർത്തമാനകാലത്തിന്റെ സ്വത്വബോധമുള്ള തിയറ്ററിന്റെ അർത്ഥാന്വേഷണങ്ങളുടെ ദീപപ്രഭ കൂടിയായിരുന്നു.

 

ആഗോളവൽക്കരണത്തിന്റെ പേമാരിയിൽ, കച്ചവടസംസ്കാരങ്ങളുടെ തമോകാനനങ്ങളിൽ, യന്ത്രവത്കരണത്തിന്റെ ഇടിമുഴക്കങ്ങളിൽ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളെ നമ്മളിലേക്ക് തിരിഞ്ഞുനോക്കാനും സ്വപ്രകൃതിയിലേക്ക് വിലയം പ്രാപിക്കുവാനും കാവാലത്തിന്റെ നാടകങ്ങൾ പ്രേരിപ്പിച്ചു. വില കുറഞ്ഞതും തരം താഴ്ന്നതുമായ പ്രകടന ചപലതകൾ പൊതുവായി നാടക തട്ടകത്തെ തീണ്ടി നശിപ്പിച്ചപ്പോൾ രംഗഭൂമിയിൽ ശുദ്ധികലശം നടത്തുകയാണ് കാവാലം ചെയ്തത്.  വൈദേശികസംസ്കാരസ്ഫടികങ്ങളുടെ  മുത്തുകൊണ്ടും പവിഴം കൊണ്ടും നമ്മുടെ മുറങ്ങളും പറകളും നിറഞ്ഞപ്പോൾ അവയിൽ അതൃപ്തനായി, “നിറയാത്തത് ഒരു പാത്രം മനസ്സുമാത്രം” എന്നുപറഞ്ഞുകൊണ്ട് സ്വന്തം മനസ്സാക്ഷിയെ പ്രതിയാക്കി കാവാലം തികച്ചും മൗലികവും ആർദ്രവും മൂല്യവത്തുമായ നാടകസൃഷ്ടികൾ മെനഞ്ഞെടുത്തു.  

 

ഇതുകുറിക്കുമ്പോഴുള്ള എന്റെ അർദ്ധനിമീലിത നയനങ്ങളിൽ മഞ്ഞുതുള്ളികൾ ഘനീഭവിക്കുമ്പോൾ, അതിലൊന്നിൽപോലും പുഞ്ചിരിക്കുന്ന ഈ പ്രപഞ്ചം കുടികൊള്ളുന്നുണ്ടെന്ന തിരിച്ചറിവ് പകരാൻ ഈ ഗുരുസ്ഥാനീയന് കഴിഞ്ഞു.  മുത്തണിപ്പാടത്ത് മാനം തുടുത്തപ്പോൾ മൂകാംബരമാകെ തുടിമുഴക്കിക്കൊണ്ട് സോപാനപ്പടികളിറങ്ങി കാവാലം മടങ്ങി, മറ്റൊരു തിരുവരങ്ങിലേക്ക്.  ആ തുടിമുഴക്കത്തിന്റെ പ്രതിധ്വനികൾ നിലയ്ക്കാതിരിക്കട്ടെ ഒരിക്കലും, സ്വസ്തി…

English Summary: Remembering Kavalam Narayana Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com