ADVERTISEMENT

ആകാരത്തെക്കാൾ അർഥവത്താണ് അലിവും അനുകമ്പയും. എത്ര മൃദുലമാണോ അത്രയ്ക്കു മുറിവേൽക്കാനും സാധ്യതയുണ്ട്. കറയും ചെളിയും പുരളും എന്നതിന്റെ അർഥം കർത്തവ്യനിരതമാകുന്നു എന്നുകൂടിയാണ്. ഒരു പരുക്കുപോലും പറ്റാത്ത ഉള്ളംകൈ, ഒരു പണിയും എടുക്കാത്തവരുടേതായിരിക്കും. ഏൽക്കുന്ന മുറിവുകളുടെ എണ്ണമാണ് ഏർപ്പെട്ട പണികളുടെ സാഹസികതയും പ്രവൃത്തി ചെയ്തവരുടെ മനോഭാവവും വ്യക്തമാക്കുന്നത്. 

 

സുരക്ഷിതത്വത്തിന്റെ ചട്ടക്കൂടിൽനിന്നു മാത്രം ക്ഷേമതൽപരരാകുന്നവർക്ക് സുകൃതങ്ങൾ ഒരു ഹൃദ്യാനുഭവമാകില്ല. സ്വന്തം സുഖസംരക്ഷണത്തിനുള്ള മൂടുപടത്തിനുള്ളിൽ അവയുടെ നന്മ നഷ്ടപ്പെടും. മുറിവേൽക്കാതെയും ഉടയാട ഉടയാതെയുമുള്ള കാരുണ്യപ്രവൃത്തികളാണ് എല്ലാവർക്കുമിഷ്ടം. മാറ്റിവച്ചവയിൽനിന്നു മാത്രം നൽകിയ പരോപകാരങ്ങളുടെ കൂടെ ഹൃദയമുണ്ടാകില്ല. എന്തു കൊടുത്തപ്പോഴാണോ വേദനിച്ചത്, എന്തു പങ്കുവച്ചപ്പോഴാണോ പാതി നഷ്ടമായത് അവിടെ മാത്രമായിരിക്കും ഹൃദയത്തിന്റെ പങ്കാളിത്തം ഉണ്ടാകുക. 

 

സൗന്ദര്യസംരക്ഷണത്തെക്കാൾ വൈശിഷ്ട്യം സന്മാർഗസംരക്ഷണത്തിന് ഉള്ളതുകൊണ്ടാണ് വെയിൽ കൊള്ളുന്ന തണൽമരങ്ങളും മഴനനയുന്ന കൂടാരങ്ങളും ഉണ്ടാകുന്നത്. രൂപഭംഗിക്കു കാലാവധിയുണ്ട്, കർമഭംഗി കാലത്തിനുമപ്പുറം നിലനിൽക്കും. മെച്ചപ്പെടുത്തുന്നതിനനുസരിച്ച് നഷ്ടപ്പെടുന്ന ഒന്നാണ് സൗന്ദര്യം. ശരീരസൗന്ദര്യ മത്സരങ്ങളോടൊപ്പം, ഹൃദയസൗന്ദര്യ മത്സരങ്ങളുംകൂടി നടത്തിയിരുന്നെങ്കിൽ മുറിവേറ്റ മനസ്സുകൾക്ക് അതൊരു ലേപനമായേനെ. കൂട്ടിച്ചേർക്കുന്നതെല്ലാമാണു ശരീരത്തെ സംരക്ഷിക്കുന്നത്, നഷ്ടപ്പെടുന്നതെല്ലാമാണ് ഹൃദയത്തെ പരിപാലിക്കുന്നതും ശക്തിപ്പെടുത്തുന്നതും. ഒരാൾക്കുവേണ്ടി നൽകിയതെല്ലാം മറ്റൊരാൾ തിരിച്ചുനൽകും. ഒരാൾ ഏൽപിച്ച മുറിവുകളെല്ലാം വേറൊരാൾ തുന്നിക്കെട്ടും. നൽകലിൽ ഹൃദയമുണ്ടെങ്കിൽ ഒന്നും നഷ്ടമല്ല. എല്ലാം നല്ലതാകുന്നത് ഹൃദയം നൽകുമ്പോഴാണ്. 

 

English Summary: Subhadinam, Food For Thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com