‘‘ശബ്ദങ്ങള്‍’’ (ലോകം വീണ്ടും തുറക്കുന്നതിനു തൊട്ടുമുമ്പ്)

karunakaran
കരുണാകരൻ
SHARE

കഴിഞ്ഞ ദിവസം കലാചിന്തകന്‍ സി.എസ്. വെങ്കിടേശ്വരനുമായി രാവിലെ ഫോണില്‍ സംസാരിക്കുമ്പോള്‍ കാക്കയുടെ ശബ്ദവും കേട്ടു. അന്ന്, മകളുമായി സംസാരിക്കുമ്പോള്‍ കുയിലിന്റെ ശബ്ദം കേട്ടു. കാക്കയുടെ ശബ്ദം കേള്‍ക്കുന്നുവല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ വെങ്കിടി ഇവിടെ നിറച്ച് പക്ഷികളാണ് എന്ന് പറഞ്ഞു. 

മകള്‍ പറഞ്ഞത്, അവളെ അഭിമുഖം ചെയ്യാന്‍ എന്നും രാവിലെ ഒരു കുയില്‍ ഈ മരക്കൊമ്പില്‍ വന്ന് ഇരിക്കുമെന്നാണ്.

‘‘ഹോസ്റ്റലിന്റെ ജനലിലേക്ക് മരത്തിന്‍റെ ഒരു കൊമ്പ് നീളും, അതില്‍ അവള്‍ ഇരിക്കും, ഈ ഞാന്‍ ജനാലയ്ക്കലും.’’

പക്ഷികളുടെ ശബ്ദത്തിലാണ് ഇപ്പോള്‍ ദിവസങ്ങളുടെ തുടിപ്പുകള്‍ കലരുന്നത്. ഒരുപക്ഷേ ലോകമെങ്ങും ഇപ്പോള്‍ അങ്ങനെയായിരിക്കും.

നമ്മുടെ ദിവസങ്ങളിലേക്ക് അല്ലെങ്കില്‍ ഇതുവരെ അപൂര്‍വമായാണ് ഈ ശബ്ദങ്ങള്‍ എത്തിയിരുന്നത്. നമ്മുടെ ശബ്ദമാണ് നമ്മള്‍ എപ്പോഴും കേട്ടിരുന്നത്. എന്‍ജിനുകളില്‍, റോഡുകളില്‍, ഉത്സവങ്ങളില്‍, വാദ്യങ്ങളില്‍ എല്ലാം നമ്മുടെ ശബ്ദം മാത്രം ഉയര്‍ന്നു. നമുക്ക് ചുറ്റും നമ്മുടെ ശബ്ദങ്ങളുടെതന്നെ വിവിധ രൂപങ്ങളും ആകൃതികളുമായിരുന്നു വലം വച്ചത്. ശരിക്കും ലോകം ഒരു വലിയ യന്ത്രം തന്നെയായിരുന്നു. ഷേവ് ചെയ്യാന്‍ കണ്ണാടിക്കു മുമ്പില്‍ എല്ലാ രാവിലെയും നിന്നപ്പോഴും യന്ത്രമാകാന്‍ ഞാന്‍ ഒരുങ്ങുകയായിരുന്നു.

ഒരു മാസത്തോളമായി, ലോകത്ത് പല രാജ്യങ്ങളിലും ഉള്ളപോലെ, കുവൈത്തിലും ലോക്ഡൗണ്‍ ആണ്. ഇപ്പോള്‍ എന്‍ജിനുകളുടെ ശബ്ദങ്ങള്‍ അല്ല ഇവിടെയും കേള്‍ക്കുന്നത്. തെരുവും വീടുകളും നിശബ്ദമാവുമ്പോള്‍, മരുഭൂമിയുടെ വലിയ അവതരണങ്ങളില്‍ ചെറിയ ചെറിയ ശബ്ദങ്ങളും ഉണ്ടെന്ന വിധം ചെറിയ ചെറിയ പക്ഷികളുടെ ഒച്ചയും കേള്‍ക്കാന്‍ പറ്റുന്നു. 

ഒരു പകലിലും ഇതുവരെ ഇങ്ങനെയൊരു എളിയ ശബ്ദം കലര്‍ന്നിരുന്നില്ല. 

അപൂര്‍വം പക്ഷികളേയുള്ളൂ കുവൈത്തില്‍. വലിയ കെട്ടിടങ്ങളുടെ ചുമരുകളില്‍നിന്ന് ചുമരുകളിലേക്ക് ചെറിയ ദൂരങ്ങള്‍ മാത്രം പറക്കുന്ന പ്രാവുകള്‍ ഉണ്ട്. ചില പ്രഭാതങ്ങളില്‍ അവ ഒന്നിച്ച് ആകാശത്തേക്ക് ഉയരുന്നതു കാണുമ്പോള്‍ വലിയ മരങ്ങളുടെ തലപ്പുകള്‍ കൂടി ഞാന്‍ ഉള്ളില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ കാക്കകള്‍ ഇല്ല. ഉണ്ടെങ്കില്‍ത്തന്നെ മുമ്പിലൂടെ ഇതുവരെയും വേച്ചു വേച്ചു നടന്നിട്ടില്ല. കുയില്‍ കൂവിയതൊക്കെ ഓര്‍മയിലായിരുന്നു. ഓര്‍മയില്‍ ഒരു കാടും ഒപ്പം നാടുവിട്ടതൊഴിച്ചാല്‍ വലിയ മരങ്ങളും ഇവിടെ ഇല്ല. ലോകത്തെ വിജനമായ റോഡുകളില്‍ ഇപ്പോള്‍ വന്യമൃഗങ്ങള്‍തന്നെ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതുവരെയും കാണാന്‍ പറ്റാതിരുന്ന പര്‍വത ശിഖരങ്ങളുടെ ഫോട്ടോകള്‍ ദൂരെനിന്ന് ആളുകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ലോകം പലതവണ കൈ മാറുന്നു. എൻജിന്‍ നിശബ്ദമാവുമ്പോള്‍ വരുന്ന മിടിപ്പുകള്‍ ഇപ്പോള്‍ ചെവി ഓര്‍ത്താല്‍ കേള്‍ക്കാന്‍ പറ്റുന്നു. 

എങ്കിലും, ഈ നിശബ്ദത നമ്മള്‍ അര്‍ഹിക്കുന്നതല്ല എന്ന് വിശ്വസിക്കുകയാണ് ഞാന്‍. അഹന്തയുടെയും അധികാരത്തിന്‍റെയും കുഴഞ്ഞു വീഴല്‍ ഓരോ ദിവസവും ഞാനും കടന്നുപോകുന്നുണ്ട്‌. എങ്കിലും ഇങ്ങനെയാവേണ്ടതല്ല മനുഷ്യരുടെ ജീവിതം എന്ന് ഓര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. അതിനാല്‍, ഭൂമിയോട് നമ്മള്‍ ഇതുവരെയും ചെയ്ത ‘പാപ’ത്തിന് വിലയിട്ടിരിക്കുകയാണ് ഈ ‘മഹാമാരി’എന്ന് വാദിക്കുകയേ ഇല്ല. രോഗം നമ്മെ ശരീരത്തിന്‍റെ സാന്നിധ്യം ഓർമിപ്പിക്കുന്നു. ജീവിതങ്ങളുടെ കാവല്‍ ഓർമിപ്പിക്കുന്നു. അപ്പോഴും, ഈ പക്ഷികളുടെ എളിയ ശബ്ദം, ഏകാന്തതയുടെ മറുകരയില്‍ നിന്നെന്നപോലെ വരുമ്പോള്‍, എനിക്ക് പ്രിയതരമാകുന്നു. 

ലോകം ഇനി കൊവിഡ്‌ - 19 കഴിയുമ്പോള്‍ എങ്ങനെയായിരിക്കുമെന്നു നമ്മള്‍ കാണാന്‍ ഇരിക്കുന്നതേ ഉള്ളൂ. നല്ലതും ചീത്തയും ഇനിയും നമ്മുടെയൊക്കെ കൂടെ ഉണ്ടാവും. എല്ലാ മഹാമാരിയും മനുഷ്യര്‍ ഇതുവരെയും കടന്നുപോന്നത് ഒരിക്കല്‍ നിര്‍ത്തിയിട്ട ജീവിതത്തെ വീണ്ടും ‘പുറപ്പെടുവിച്ചു’കൊണ്ടത്രേ. ജീവിക്കുക. വേറെ വഴിയില്ല. രോഗം നമ്മുടെ ശരീരത്തില്‍ ജീവിക്കുന്നു. നമ്മുടെ ജീവിതത്തില്‍ത്തന്നെ ചിലപ്പോള്‍ ശമിക്കുന്നു. അപ്പോഴും നമ്മള്‍ ജീവിതത്തെ, അതിന്റെ ദൈനംദിന രൂപത്തെ വരിക്കുന്നു. അല്ലെങ്കില്‍, ജീവിതംകൊണ്ടു മാത്രമേ നമുക്ക് രോഗങ്ങളിലും ജീവിക്കാന്‍ കഴിയുന്നുള്ളൂ. അതിനാല്‍, ഏകാന്തതയിലും ആള്‍ക്കൂട്ടത്തിലും നമ്മള്‍ ആ വഞ്ചി ഇറക്കുന്നു. മറുകര തേടുന്നു.

ഏകാന്ത തടവറയില്‍ കഴിയുന്ന നാളുകളില്‍ ഒരു രാവിലെ തനിക്ക് എന്നെന്നേക്കുമായി ഒച്ച നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഭയപ്പെട്ടതിനെ പറ്റി കെ. വേണു ഒരിക്കല്‍ എന്നോടു പറഞ്ഞത് ഓര്‍ക്കുന്നു. ആ ഭയം വേണു അവസാനിപ്പിച്ചത് അന്നുമുതല്‍ എന്നും ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞുകൊണ്ടായിരുന്നുവത്രേ. ചുറ്റുമുള്ള ചുമരിനോട്, ഒരേയൊരു കാഴ്ചയോട് സംസാരിച്ചുകൊണ്ടിരിക്കുക.

ഇപ്പോള്‍ എന്റെ ഒറ്റമുറി ഫ്ലാറ്റില്‍ ദിവസങ്ങള്‍ കഴിക്കുമ്പോള്‍ നമ്മള്‍ ഭൂമിയില്‍ നിർമിച്ച കോടിക്കണക്കിന് ജയിലുകളും ഓര്‍ക്കുന്നു. മിഷേല്‍ ഫൂക്കോ പോലുള്ള മഹാചിന്തകര്‍ ജയിലുകളെപ്പറ്റി ആലോചിച്ചുകൂട്ടിയതൊക്കെ ഓര്‍മ വരുന്നു. ചിലപ്പോള്‍ കലാപവും ചിലപ്പോള്‍ രോഗവും പടരുന്ന ജയിലുകള്‍ നമ്മള്‍ പരിഷ്കൃതരായ ദിവസങ്ങളെ കൂടി ഓർമിപ്പിക്കുന്നു. അങ്ങനെയാണ് അത്: കുറ്റവും, മഹാമാരിപോലെ, മനുഷരുടെ ശരീരങ്ങളില്‍ പാര്‍ക്കുന്നു. 

തൊടുന്ന പാത്രങ്ങളിലും ഇരിക്കുന്ന കസേരയിലും വായിക്കുന്ന പുസ്തകത്തിലും ഈ ദിവസങ്ങളില്‍ നമ്മള്‍ തൊടുന്ന നിശബ്ദത വമ്പിച്ച ഒരു ഒച്ചനഷ്ടത്തിന്‍റെയാണ്. നമ്മള്‍ നിര്‍ത്തിയ നമ്മുടെതന്നെ എന്‍ജിനുകളുടെ നിശബ്ദതയാണ് അത്. ആ നിശബ്ദതയിലേക്കാണ് ഇപ്പോള്‍ ഈ എളിയ ശബ്ദങ്ങളുടെ വരവ്. അതെന്നെ സന്തോഷവാനാക്കുന്നു. ചിലപ്പോള്‍ എന്റെ കണ്ണ് നനയിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മതിലുകള്‍’ എന്ന ചലച്ചിത്രത്തില്‍ വലിയ മതിലിനുമുകളില്‍ പ്രത്യക്ഷപ്പെടുന്ന അണ്ണാന്‍, പെരുകുന്ന അതിന്‍റെ ജീവിതം കാണുന്ന നായകന്‍, ഇപ്പോള്‍ ഏകാന്തതയുടെ എന്നപോലെ ശബ്ദങ്ങളുടെയും ജീവിതം അനുഭവിക്കുന്നു. സ്വാതന്ത്ര്യത്തെ അനിവാര്യതയായല്ല, മറിച്ച് യാദൃച്ഛികതയുടെ നേരങ്ങള്‍ എന്ന് തീര്‍പ്പാക്കുന്നു. 

വാസ്തവത്തില്‍, കാക്കയും കുയിലും ഉള്ള ഒരു കാട് മുറിയിലെ പൂച്ചട്ടിയില്‍, മുമ്പേ, ഉണ്ടായിരുന്നു. ചെറിയ ഉറുമ്പുകളും. 

English Summary: Writer Karunakaran shares his thoughts on lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;