മരണത്തിലും അവസാനിക്കാത്ത പ്രണയത്തിന്റെ പ്രലോഭനം

Anna-Karenina
SHARE

തീവണ്ടികളുടെ ചൂളംവിളികള്‍ക്കിടയിലായിരുന്നു അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. പറയാതെ അറിയാതെ പരസ്പരം കവർന്ന രണ്ടു ഹൃദയങ്ങൾ. അന്നാ കരേനിനയും അലക്സി വ്റോൺസ്കിയും. കംപാർട്മെന്റ് ഡോറിൽ നിന്നു പുറത്തേക്കിറങ്ങാൻ തിടുക്കം കൂട്ടുന്ന അന്നയ്ക്കു വഴിയൊഴിഞ്ഞു കൊടുക്കുന്ന അലക്സി വ്റോൺസ്കി. അതൊരു തുടക്കമായിരുന്നു. അപൂര്‍വമായ ഒരു ഹൃദയബന്ധത്തിന്റെ. ലോക സാഹിത്യത്തിലെ അത്യുജ്ജലമായ ഒരു ക്ലാസ്സിക്കിലെ അനശ്വര പ്രണയത്തിന്റെ. എന്നാല്‍, തന്റെ ദുരന്ത നായികയെ ലിയോ ടോള്‍സ്റ്റോയ് കണ്ടെത്തിയത് ഒരു റെയില്‍വേ ട്രാക്കില്‍നിന്നാണെന്നത് ഇന്നും അധികമാര്‍ക്കുമറിയാത്ത രഹസ്യം. 

‘‘ദുരൂഹ മരണം. ഇക്കഴിഞ്ഞ ജനുവരി നാലിന് രാത്രി ഏഴു മണിക്ക് മോസ്കോ യസെങ്കി റെയിൽവേ സ്റ്റേഷനിൽ എത്തിയ അജ്ഞാതയായ ഒരു യുവതി. നന്നായി വസ്ത്രധാരണം ചെയ്ത, കാഴ്ചയിൽ ഉന്നതകുലജാതയായ സ്ത്രീ. 77 ആം നമ്പർ ഗുഡ്സ് ട്രെയിൻ വരുന്നതും കണ്ട് പ്ലാറ്റ്ഫോമിൽ നിന്നു പാളത്തിലേക്ക് എടുത്തു ചാടി, ട്രെയിനിനടിയിൽ പെട്ടു ദാരുണമായി മരണപ്പെട്ടിരിക്കുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണ്.’’

1872 ജനുവരി 8 ന് മോസ്കോയിലെ പ്രാദേശിക ദിനപത്രത്തിൽ വന്ന വാർത്ത. റെയിൽ പാളത്തിൽ രക്തം വാർന്നു കിടന്ന വികൃതമായ മുഖത്തിന്റെ ഉടമയെ ടോള്‍സ്റ്റോയ്ക്ക് അറിയാമായിരുന്നു. അവരുടെ കഥയും. വാർത്തയിലെ ‘അജ്ഞാത യുവതി’യുടെ പേര് അന്ന സ്റ്റെപ്പനോവ്ന പിരൊഗോവ.  

ടോൾസ്റ്റോയ് - സോഫിയ ദമ്പതികളുടെ അയൽക്കാരനും വിഭാര്യനുമായ അലക്സാണ്ടർ ബിബിക്കോവിന്റെ കാമുകി.  നാല്പത്തൊമ്പതുകാരന്റെ മുപ്പത്തഞ്ചുകാരിയായ കൂട്ടുകാരി. പ്രണയവും ജീവിതവുമുപേക്ഷിച്ച്  ജീവനൊടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്തെന്ന് സോഫിയ സഹോദരിയ്ക്കയച്ച കത്തിലുണ്ട്. 

ബിബിക്കോവിന്റെ പരസ്ത്രീ ബന്ധങ്ങളിൽ വ്യാകുലയായിരുന്നു അന്നയിലെ പ്രണയിനി. സ്വപ്നജീവിതം മോഹിച്ച്, സർവ്വതും ത്യജിച്ച്, വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്നതിലെ നിരാശയുണ്ടായിരുന്നു ആ മുഖത്ത്. സഹിക്കവയ്യാതെ വഴക്കിട്ട് ട്യുലയിലേക്ക് കാർയാത്ര. മൂന്നാം നാൾ വൈകുന്നേരം യാസെങ്കി റെയിൽവേ സ്റ്റേഷനിൽ. കയ്യിൽ എഴുതി സൂക്ഷിച്ചിരുന്ന കത്ത് ഡ്രൈവർക്കു കൊടുത്ത് ബിബിക്കോവിനെ ഏൽപ്പിച്ചു വരാൻ നിർദേശം. വഴക്കിട്ട് ഇറങ്ങിപ്പോയ അന്നയുടെ കത്ത് വാങ്ങാതെ തിരികെയേൽപ്പിച്ച് ബിബിക്കോവ്. അന്നയ്ക്ക് ചായയുമായി മടങ്ങിയെത്തിയ ഡ്രൈവർ കാണുന്നത് റെയിൽ പാളത്തിൽ തലയറ്റു കിടക്കുന്ന അവരുടെ ശരീരം.

മരണവാർത്തയറിഞ്ഞ് അന്വേഷണ സംഘമെത്തി കത്ത് കണ്ടെത്തുന്നു. അതിലുണ്ടായിരുന്നത് കാമുകനുള്ള അന്നയുടെ അവസാന സന്ദേശം:

നിങ്ങളാണ് എന്റെ കൊലപാതകി. കൊലപാതകികൾ സന്തോഷമായി ജീവിക്കുമെങ്കിൽ അവളോടൊത്ത് നിങ്ങളും സന്തുഷ്ടനായിരിക്കും. എന്നെയിനി കാണണമെന്നുണ്ടെങ്കിൽ യസെങ്കി റെയിൽവെ ട്രാക്കിലേക്ക് വരാം, അവിടെയെന്റെ ശരീരം കാണാം.

അന്നയുടെ പോസ്റ്റുമോർട്ടത്തിന് അകമ്പടി പോയവരിൽ ഒരാള്‍ ടോൾസ്റ്റോയ്. മരണത്തെപ്പറ്റിയോ അതിലെ ദുരൂഹതയെപ്പറ്റിയോ ടോൾസ്റ്റോയ് എവിടെയും എഴുതിയില്ല. ആരോടും മിണ്ടിയുമില്ല. എന്നാല്‍, ആ മുഖം അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരിന്നു. എഴുത്തുമേശയിലേക്കു വരെ. 

ഒരു വർഷത്തിനു ശേഷം ടോൾസ്റ്റോയ് ഒരു നോവലിന്റെ പണിപ്പുരയില്‍ കടന്നു. നാലും അഞ്ചും തവണ എഴുതിയിട്ടും തുടക്കം ശരിയാകുന്നില്ല. എഴുതിക്കൂട്ടിയ കടലാസുകള്‍ ഒന്നൊന്നായി ചവറ്റു കൊട്ടയിലേക്ക്. അരണ്ട വെട്ടത്തിനു നടുവിലെ കലങ്ങിയ ചിന്തകളിലേക്ക് പെട്ടെന്നൊരു മുഖം. റെയിൽവെ ട്രാക്കിൽ ജീവനറ്റു കിടക്കുന്ന അന്നാ പിരോഗോവ. ടോൾസ്റ്റോയ് എഴുതിത്തുടങ്ങി. സുമുഖനായ പ്രഭുവിനെ പ്രണയിച്ച കുലീനയായ വിവാഹിതയുടെ കഥ. അന്ന കരേനിനയുടെ ദുരന്തകഥ. സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന പെണ്മനസ്സിന്റെ നോവും കടന്നുപോയ വേദനയുടെ തീച്ചൂളയിലെ ചൂടും. 

പിരോഗോവയുടെ മരണത്തിനു നാലു മാസത്തിനുശേഷം സഹോദരിയ്ക്ക് എഴുതിയ മറ്റൊരു കത്തിൽ സോഫിയ പറയുന്നു: ആരുടെ പേരിൽ അന്ന മരിച്ചോ, ആ സ്ത്രീയെത്തന്നെ ബിബിക്കോവ് വിവാഹം ചെയ്തു. 

എന്നാൽ 'അന്നാ കരേനിന' അവസാനിക്കുന്നത് അന്നയുടെ ആത്മഹത്യയിലല്ല. കുറ്റബോധം വേട്ടയാടുന്ന വ്റോൺസ്കിയില്‍. അങ്ങനെ ചെയ്യാനേ ടോള്‍സ്റ്റോയ് എന്ന മനുഷ്യനു കഴിയുമായിരുന്നുള്ളൂ. അന്നയ്ക്കു ലഭിച്ച നീതിയില്‍; യഥാര്‍ഥ കാവ്യനീതിയില്‍. 

'അന്നാ കരേനിന'യുടെ ആദ്യ കയ്യെഴുത്തുപ്രതിയിലെ ആദ്യ വാചകം ഇന്നു ലോകമറിയുന്ന പതിപ്പിലെ അവസാനഭാഗത്താണ്. 

അന്ന വീടു വിട്ടിറങ്ങി, തന്നെ മരണത്തിനു വിട്ടു കൊടുത്തു. 

മരണത്തിന്റെ ചൂളം വിളി ഇന്നും കേള്‍ക്കാം അന്നാ കരേനിനയയുടെ താളുകള്‍ മറിക്കുമ്പോള്‍. ചൂളം വിളിയുടെ ഇടവേളകളില്‍, മരണത്തില്‍ അവസാനിക്കാത്ത പ്രണയത്തിന്റെ അന്ത്യ പ്രലോഭനവും. 

English Summary: Anna Karenina novel by Leo Tolstoy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;