ADVERTISEMENT

മേൽപോട്ടു നോക്കിക്കൊണ്ട് ആ ചെറിയ കുട്ടി ചോദിച്ചു: ‘‘ഈ കമ്പികള് എവെടയ്ക്കാ പോണേ, ചേച്ചീ?’’ ചേച്ചി ഒന്നും മിണ്ടാതെ നടന്നു:

ചേച്ചിയുടെ മൗനത്തിൽ പ്രതിഷേധം എങ്ങനെയെങ്കിലും പ്രകടിപ്പിക്കാൻ, ചെറിയവൾ കമ്പിക്കാലുകൾ എണ്ണാൻ തുടങ്ങി. ഒന്നു, രണ്ടു, മൂന്ന്, അങ്ങനെ ആറു വരെ. പിന്നെ അവിടന്നങ്ങോട്ട് എണ്ണം അവൾക്കറിയാൻ പാടില്ലായിരുന്നു. അവൾ വീണ്ടും എണ്ണി ഒന്നു, രണ്ട്, മൂന്ന്.

സന്ധ്യയുടെ ചുവന്ന നിഴലുകൾ 

നീലച്ചുവന്നു. രാത്രി അതിന്റെ കറുത്ത കമ്പിളിയും നിവർത്തി, ചക്രവാളത്തിൽ നിന്ന് ആ ശൂന്യപ്രദേശത്തിലേക്ക് ഇറങ്ങാൻ തുടങ്ങി.

അനുജത്തി വീണ്ടും ആ കമ്പികളിലേക്കു നോക്കി. നിശ്ചലമായ ആ പ്രയാണം അവളുടെ കൊച്ചുമനസ്സിനെ അ ദ്ഭുതംകൊണ്ട് കോരിത്തരിപ്പിച്ചു.

അവൾ ചോദ്യം ആവർത്തിച്ചു. ‘‘പറയ്, ചേച്ചീ,’’ അവൾ തിരക്കി.

‘‘കമ്പികളുടെ വീട്ടിലിയ്ക്ക്,’’ വിദൂരതയിലേക്കു നോക്കീട്ട് ചേച്ചി മറുപടി പറഞ്ഞു.

വിജനമായ ആ പുൽപറമ്പിന്റെ മാറിലൂടെ കടന്നു മുറിച്ചുപോയ വൈദ്യുത കമ്പികളുടെ അടിയിൽകൂടെ ആ രണ്ടു കുഞ്ഞുങ്ങൾ നടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരുകൂട്ടം കുരുവികൾ മുകളിൽക്കൂടി പറന്നുപോയി. മേലോട്ടു നോക്കി, കയ്കൾ തിരുമ്മിക്കൊണ്ട് ചെറിയവൾ കിളുകിളെ ചിരിച്ചു. വയറ്റിനകത്ത് തിരമാലകൾ പോ ലെ ഉയർന്നുവന്നിരിക്കുന്ന വിശപ്പിന്റെ വേദന അവൾ അൽപനേരം വിസ്മരിച്ചുപോയി. വികസിച്ച കണ്ണുകളിൽ വെട്ടിത്തിളങ്ങിയ ആശ്ചര്യത്തോടെ അവൾ ചോദിച്ചു: ‘‘ചേച്ചീ, ചേച്ചീ, ഈ ‘ആളുകള്’ എവടെയാ പോണെ?’’

ചേച്ചി ഒന്നും പറഞ്ഞില്ല. ഏതോ വിഷാദഭാരം അവളുടെ ചിന്തയിൽ കനത്തുകിടന്നിരുന്നു.

‘‘പറ ചേച്ചീ.’’

സ്വൽപം നീരസത്തോടെ ചേച്ചി മറുപടി പറഞ്ഞു: ‘‘കുരുവികളുടെ വീട്ടിലേക്ക്.’’

ചേച്ചി മുൻപിലും അനുജത്തി പിന്നാ ലെയുമായി, അവർ കമ്പികളുടെ താരയിൽ കൂടെ നടന്നു.

‘‘ചേച്ചീ....’’

‘‘ഉം....’’

‘‘അങ്ങനെ പോയാല് കമ്പികളുടെ വീട്ടിലെത്വോ?’’

‘‘ഉം....’’

അപ്പൊഴേക്കും കുരുവിക്കൂട്ടം നന്നെ അകലത്തെത്തിക്കഴിഞ്ഞിരുന്നു. മങ്ങി നേർത്ത ഒരു വലപോലെ ആകാശത്തിൽ സ്വൽപനേരം തങ്ങിനിന്നശേഷം അവ സന്ധ്യയുടെ പുകപ്പടർപ്പിലേക്കു മാഞ്ഞു. ചുവന്നു നീലച്ച മേഘപടലം മാത്രം അവശേഷിച്ചു.

മൃദുലമായൊരു വേദന അനുജത്തിയുടെ കൊച്ചുഹൃദയത്തിൽ വിങ്ങിവന്നു; ആ പക്ഷികൾ അവരുടെ കൂടണഞ്ഞിരിക്കും– 

മുൻപോട്ടു പോവുന്തോറും ആ പ്രദേ ശം ശൂന്യമായ് തീരുകയായിരുന്നു. തവിട്ടുകലർന്ന പച്ച നിറത്തിലുള്ള മുൾ ച്ചെടികൾ അവിടവിടെ പാണ്ടുകൾ സൃഷ്ടിച്ചു.

കരിമ്പനകളുടെ പുറകിൽ പതിഞ്ഞുകിടന്നിരുന്ന ഒരു കുന്ന് വളർന്നു വളർന്ന് വലുതായ് വരാൻ തുടങ്ങി.

‘‘ചേച്ചീ, ചേച്ചീ,’’ എന്തോ ചോദ്യം തു ടങ്ങുകയായി, ‘‘ആ കുന്നില്ലേ....’’

ചേച്ചി ചിന്താമൂകയായി നടന്നതേയുള്ളൂ.

‘‘ചേച്ചീ, നോക്കു ചേച്ചി, കമ്പികളുടെ വീട് ആ മലേലാ?’’

‘‘അല്ല, അതിന്റെ അങ്ങേപ്പുറത്ത്.’’ മറുപടി പറഞ്ഞത് കമ്പികളിലേക്ക് നോ ക്കിക്കൊണ്ടായിരുന്നു. കമ്പികൾ എങ്ങോട്ടോ കടന്നുപോവുകയാണ്. ചലനമില്ലാതെ. അസംഖ്യം സന്ധ്യകൾ കെട്ടടങ്ങിയ പടിഞ്ഞാറൻ ചക്രവാളത്തിൽ ആ കുന്നിന്റെ അങ്ങേപ്പുറത്ത് എവിടെയെങ്കിലുമായിരിക്കും അവയുടെ വീട്.

നിലത്ത്, മണ്ണരിച്ച് മിനുത്ത ചരക്കല്ലു കൾ മുഴച്ചുനിന്നിരുന്നു.നടന്നു പോവുന്നതിനിടയിൽ ചെറിയവൾ തള്ളവിരലുകൊണ്ട് ആ കല്ലുകൾ പുഴക്കിപ്പറിച്ചിട്ടുകൊണ്ടിരുന്നു. അവൾ സ്വയം പറഞ്ഞു: ‘‘പാവം, കല്ലിന്റെ എറച്ചിയൊക്കെ പോയിരിക്കണൂ.’’ അവൾ തന്നെത്താൻ ചിരിച്ചു. എന്നിട്ട് ചേച്ചിയുടെ മുഖത്തേക്ക് അവളൊന്നു നോക്കി. അവിടെ അപ്പോഴും ആ മ്ലാനത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആളൊഴിഞ്ഞ ഒരു കൊച്ചുഗ്രാമത്തിലൂടെ അവർ കടന്നുപോയി. മേൽപ്പുരയെല്ലാം നശിച്ചൊടുങ്ങിയ കുട്ടിച്ചുവരുകൾക്കകത്ത് കുഴിത്തറികളുടെ അവശിഷ്ടങ്ങൾ കിടപ്പുണ്ടായിരുന്നു. അവിടെ മനുഷ്യരാരും തന്നെ ഉണ്ടായിരുന്നില്ല. കാലിത്തൊഴുത്തുകളും ശൂന്യങ്ങളായിരുന്നു. കുഴിത്തറികളുടെ കാഴ്ച അ വരുടെ സ്മരണകളിൽ നേരിയ വേദനകൾ സൃഷ്ടിച്ചു. അവർ ഒരു വീട്ടിൽ പാർത്തിരുന്ന കാലം ഒരു സ്വപ്നം കണ ക്ക് അവരോർത്തു. അവരുടെ വീട്ടിലും കുഴിത്തറികളുണ്ടായിരുന്നു. താളം പിടിക്കുന്ന തറികളുടെ സംഗീതം അവരുടെ ചിന്തകളിലേക്കു തിരിച്ചെത്തി. വിസ്മൃതിയിൽനിന്നു പൊങ്ങിവന്ന ചൈതന്യമില്ലാത്ത  രൂപങ്ങളെപോലെ അവരുടെ അച്ഛനെയും അമ്മയെയും അ വർ കണ്ടു. അങ്ങനെ മണ്ണടിഞ്ഞ നിമിഷ ങ്ങൾ ഉപബോധമേഖലകളിലേക്ക് ദുർബലങ്ങളായ നിഴലുകൾ പതിപ്പിച്ചു.

ചെറിയ കുഞ്ഞ് വീണ്ടും കമ്പികളുടെ വീടിനെപ്പറ്റി ചിന്തിച്ചു പോയി. അവി ടെ ഒന്നു ചെന്നെത്താൻ കഴിഞ്ഞെങ്കിൽ! 

o-v-vijayan
ഒ.വി. വിജയൻ

‘‘ചേച്ചീ, ചേച്ചീ’’ ജ്യേഷ്ഠത്തിയുടെ കീറമുണ്ടിന്റെ വക്കു പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു, ‘‘അപ്പോഴേ ചേച്ചീ, ഈ കമ്പികളുടെ വീട് എങ്ങെനിരിക്കും?’’

‘‘നന്നായിരിക്കും...’’

അൽപം ലജ്ജയോടും ആശയോടും അനുജത്തി വീണ്ടും ചോദിക്കുകയായി: അപ്പഴേ ചേച്ചീ, കമ്പികള് നമക്ക് കഞ്ഞി യൊക്കെ തരും അല്ലേ?’’

‘‘ഉം.......’’

ഏതോ വേദന വന്നു മൂടിയിട്ടെന്നപോലെ പെട്ടെന്നവൾ മൗനം പൂണ്ടു. എ ന്നിട്ടവൾ ചേച്ചിയോട് ചോദിച്ചു: ‘‘നമ്ക്കൊരു വീട്ണ്ടാരിന്നിലേ ചേച്ചീ?’’

ചേച്ചി ഉത്തരം പറഞ്ഞില്ല. ചോദ്യം ആവർത്തിക്കാൻ അനുജത്തിക്കും കഴിഞ്ഞില്ല. രണ്ടുപേരും ഒന്നും മിണ്ടാതെ നടന്നു.

ചുവന്ന മേഘങ്ങൾ നിശ്ശേഷം കറുത്തു. പനമ്പട്ടകളിലെ പച്ചവരകളും അ കലേക്കൂടി അരിച്ചുപോയ ചെത്തുവഴികളും എല്ലാം ആ കറുപ്പിലേക്ക് അലിഞ്ഞു ചേരുകയായി. തങ്ങളുടെ യാത്രയുടെ കൊച്ചുമുഴങ്ങളെ അളന്നളന്ന്, അലംഘ്യമായൊരു പ്രേരണയാലെന്നപോലെ, ആ കൊച്ചു കാലടികൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

ഇരുട്ടു വീണതോടെ അസഹ്യമായൊ രു നിസ്സഹായതാബോധം അവർക്കനുഭവപ്പെട്ടു. തന്റെ കൈവശമുണ്ടായിരുന്ന കൊച്ചു ചട്ടിയിൽ താളംപിടിച്ചുകൊണ്ട്, ചെറിയവൾ പതുക്കെ പാടി:

‘‘മാനത്തൂടീ വര്ണോരമ്മേ,

മിന്നാമിനുങ്ങനെ തിന്നിണമ്മേ–

എന്നീം തേടി പറന്നു വായോ!’’

ആ പാട്ടു ചേച്ചിയുടെ ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് പടിപടിയായി ഒഴുകിയിറങ്ങി. നീണ്ട ഒരു വീർപ്പ് പൊങ്ങിവന്നു.

‘‘അയ്യോ ചേച്ചീ!’’ ചെറിയ കുഞ്ഞു പെട്ടെന്നു നിലവിളിച്ചു. ‘‘ന്നെ ന്തോ ക ടിച്ചു!’’

‘‘അയ്യോ!’’ ചേച്ചിയും നിലവിളിച്ചുപോയി.

പക്ഷേ കാലിൽ തറച്ചത് ഒരു കാരമുള്ളു മാത്രമായിരുന്നു. അത് പറിച്ചെടുക്കുമ്പോൾ ചേച്ചി ചോദിച്ചു: ‘‘ദ് മുള്ളല്ലേ? ന്താ കടിച്ചൂന്നു പറഞ്ഞേ?’’

കണ്ണിൽ പൊടിഞ്ഞ വെള്ളം തുടച്ചുകൊണ്ട് അനുജത്തി മറുപടി പറഞ്ഞു: ‘‘ങ്ആ, ദേന്നെ– ഈ മുള്ളെന്ന്യാ കടിച്ചേ...’’

ആ കൊച്ചു കാലിന്നടിയിൽ ചേച്ചി മെല്ലെ െമല്ലെ തടവിക്കൊടുത്തു. വർഷങ്ങൾക്കപ്പുറത്ത് വരാനിരിക്കുന്ന ഒരുകാലത്തെ സ്വപ്നം കണ്ടുകൊണ്ട് അവ ളുടെ രക്തത്തിൽ ഒളിച്ചിരുന്ന ഒരു പ്രവണത ചുരുളു വിടർന്നു. ഒരമ്മയെപ്പോലെ അവൾ ചോദിച്ചു: മോള്ക്ക് വേദനിച്ചോ?’’

‘‘ഉം....’’

‘‘സാരല്ല.... മാറും....’’

മണ്ണിൽ കാലുംനീട്ടിയിരുന്ന അനുജത്തിയുടെ മുൻപിൽ ചേച്ചി കുന്തിച്ചിരുന്നു. ആ കൊച്ചിന്റെ അമ്മയാണ് താനെന്ന് പൂർവാധികം ശക്തിയോടെ അ വൾ വിശ്വസിക്കാൻ തുടങ്ങി.

‘‘ചേച്ചീ.....’’

‘‘എന്താ?’’

‘‘എനിക്കു പേടിയാവണൂ, ചേച്ചീ.’’

ആറു വയസ്സു മാത്രം ചെന്ന ആ കൊ ച്ചുപോറ്റമ്മ സമാധാനിപ്പിച്ചു: ‘‘മോള് എന്റെ കയ്യി പിടിച്ചോ.’’

പക്ഷേ ശാഠ്യത്തിന്റെ വരവായിരുന്നു. 

‘‘ഹും....ഉം.....’’ ചെറിയവൾ മൂളി.

ചേച്ചിയും വല്ലാതെ പരിഭ്രമിച്ചുവശായിരുന്നു. അവസാനമില്ലാത്ത പരപ്പുകളായി, പുഞ്ചിരി തൂകാത്ത ഇരുട്ട് അവർക്കു ചുറ്റും കിടന്നു. സമയംപോലും പ്രവാഹമടഞ്ഞപോലിരുന്നു. അപ്പോഴാവണം രാത്രിയുടെ താഴ്‌വരകളിൽ പതുങ്ങിപ്പാർക്കുന്ന പ്രേതങ്ങൾ അവിടത്തിൽ മേഞ്ഞു നടക്കുക.

ഒന്നും തീരുമാനിക്കാൻ കഴിയാതെ, കമ്പിത്താരയിൽ ചേച്ചിയും അനുജത്തി യും അങ്ങനെ ഇരുന്നു.

‘‘കാല് കടയണൂ ചേച്ചീ,’’ ചെറിയവൾ ആവലാതിപ്പെട്ടു.

‘‘പോട്ടെ, സാരല്ല മോളേ.’’

അനുജത്തി കിതയ്ക്കുന്നുണ്ടായിരുന്നു. ചേച്ചി അതു ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ ശബ്ദത്തിലും അതിന്റെ വേദനയുടെ ലോകത്തിലും അവൾ മുഴുകി. ജീവന്റെ നൂലിഴകൾ പതുക്കെപ്പതുക്കെ പൊട്ടുകയായിരുന്നോ?

കിതപ്പിനും നെടുവീർപ്പിനുമിടയ്ക്ക് അനുജത്തി പിണങ്ങിപ്പറഞ്ഞു: ‘‘ചേച്ചീ വയറു വേദനിക്കുണൂ.’’ വിശക്കുന്നെന്നു പറയാൻ ആ കുഞ്ഞിന് അറിഞ്ഞുകൂടായിരുന്നു.

ചെറിയവളുടെ വയറു തഴുകാനേ അ വളുടെ ചേച്ചിക്കു കഴിഞ്ഞുള്ളൂ.

‘‘ഒക്കെ മാറും, മോളേ....’’

പക്ഷേ അതൊന്നും ആ കൊച്ചിന്റെ ശാഠ്യത്തെ അലിയിക്കാൻ പര്യാപ്തമായില്ല. 

‘‘എന്നാ ഞാമ്പോണൂ.’’ ജ്യേഷ്ഠത്തി ഭീഷണിപ്പെടുത്തി.

നല്ല വാക്കും ഭീഷണിയും ഒന്നും കാര്യമാക്കാതെ ചെറിയവൾ അവിടെ ത ന്നെ ഇരുന്നു. അവൾക്ക് എന്തിനോടോ സഹിക്കവയ്യാത്ത അമർഷമുണ്ടായിരുന്നു. അസഹ്യമായ വേദന ലക്ഷ്യമില്ലാത്തൊരു വിദ്വേഷംകൊണ്ട് തലച്ചോറിനെ തരിപ്പിക്കാൻ തുടങ്ങി.

‘‘നീ വരില്ലാ,ല്ലേ?’’ ചേച്ചി വളരെ ഗൗരവത്തോടെ ചോദിച്ചു. ഒരു നിമിഷം ഉത്തരത്തിനുവേണ്ടി കാത്തിട്ട്, അവൾ എഴുന്നേറ്റു നടന്നു. അവൾക്കും കലശലായി അരിശം കേറിയിരുന്നു. എങ്കിലും, തന്റെ പുറകെ പാഞ്ഞുവരാതിരിക്കില്ല തന്റെ കൊച്ചനുജത്തി എന്ന് സമാധാനിച്ചിട്ടാണ്  അവൾ നടന്നത്.

അവൾക്കു മുമ്പിൽ മുൾച്ചെടിപ്പൊന്തകൾ ഇടതൂർന്നു വന്നു. അവയ്ക്കകത്തൊക്കെയും കറുത്ത പടങ്ങളുള്ള കാട്ടുമൂർഖന്മാർ ചുരുണ്ടു കിടക്കുന്നുണ്ടാവും.

ഒരു പതിന​ഞ്ചിരുപതു വാര അവൾ പതുക്കെപ്പതുക്കെ നടന്നു. അപ്പോൾ പിന്നിൽനിന്ന് അനുജത്തി വിളിച്ചുപറയുകയാണ്: ‘‘ചേച്ചി പൊയ്ക്കോ,ട്ടോ– ഞാമ്പടെ ഒറ്റയ്ക്ക് ഇരിക്കുമ്പൊ, എന്റെ അമ്മ വന്ന് എന്നെ കൊണ്ടുപോവും....’’

ചേച്ചി തിരിഞ്ഞു നിന്നു. ആ വാക്കുകൾ ആ നിമിഷത്തിൽ അവളുടെ ഹൃദയത്തെ ഭേദിച്ചുകഴിഞ്ഞിരുന്നു. ഇരുട്ടത്ത് ഒരു നിഴലിൻകീറായി അവളുടെ കൊ ച്ചനുജത്തി നിൽക്കുന്നു. മനുഷ്യന്റെ സ്മരണയിൽനിന്ന് മാഞ്ഞുപോകുന്ന ഒരു മരിച്ച കുഞ്ഞിനെപ്പോലെ.

കുറച്ചകലെ ഒരു കൂട്ടം കുറുക്കന്മാർ നിലവിളിച്ചു. ശവം മാന്തിത്തിന്നുമ്പോൾ, രാത്രിയുടെ സന്താനങ്ങളായ ആ ജീവികൾ ആർത്തുവിളിക്കുകയാണ്. ചുറ്റുപാടുമുള്ള മുള്ളിൻകാട്ടിൽനിന്ന് ഒരായിരം പ്രേതഭീതികൾ തലപൊക്കി നോക്കി. ചേച്ചി അനുജത്തിയുടെ അടു

ത്തേക്കോടി... ഇടിഞ്ഞുപൊളിഞ്ഞ ആ കുടിലുകളെ ചേച്ചി പെട്ടെന്ന് ഓർത്തു. ‘‘നീ എന്റെ കൂടെ വര്ണെങ്കി വന്നോ– ഞാൻ ദാ അവടെയ്ക്കു പോവ്വാണ്....’’ അങ്ങോട്ടു ചൂണ്ടിക്കാണിച്ചുകൊണ്ട് അ വൾ പറഞ്ഞു.

പിണക്കത്തിന്റെ കനം വിടാതെ ത ന്നെ അനുജത്തി ഒന്നു മൂളി. അങ്ങനെ രണ്ടുപേരും കമ്പികളുടെ താരയിൽകൂടെ തിരിച്ചു നടന്നു. നടത്തത്തിന് വേഗം കൂടി, അവർ ഓടാൻ തുടങ്ങി. കറുത്ത അവ്യക്തങ്ങളായ ഭയങ്ങൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു.

ഇരുട്ടിൽ മുങ്ങിപ്പോയ ഏതോ മരക്കൊമ്പത്തിരുന്നുകൊണ്ട് ഒരു കാലൻകോഴി കൂവി: ‘‘കൂ–ഹു–ഹുവ്വാ! പൂവ്വാ!’’

‘‘എനിക്ക് പേടിയാവണൂ,’’ അനുജത്തി പറഞ്ഞു. ചേച്ചിക്കും  വല്ലാത്ത പേ ടി തോന്നി. നെഞ്ചിന്റെ ഓരോ മിടിപ്പു കേൾക്കുമ്പോഴും അവൾ ഞെട്ടി. അവൾ പറഞ്ഞു: ‘‘മോള് എന്റെ കയ്യിപ്പിടിച്ചോ.’’

സ്വൽപം നേരത്തേ കഴിഞ്ഞ പിണക്കം അവർ നിശ്ശേഷം മറന്നുകഴിഞ്ഞിരുന്നു..... 

.............................

ഇടിഞ്ഞുപൊളിഞ്ഞ ആ കുടികളിൽ അവരെത്തി. ഒരു ചായ്പിന്റെ അടിയിൽ ചെന്ന് ചേച്ചിയും അനുജത്തിയും ചേർന്ന് ഇരുന്നു.

‘‘ചേച്ചി, വയറ് വേദന....’’

‘‘മോള് ബടെ കെടന്നോ. ഒറങ്ങ്യാ മാറും...’’

മണ്ണു കിളമ്പിപ്പൊട്ടിയ തിണ്ണയിൽ അ വർ കിടന്നു. ചേച്ചി ഉടുത്തിരുന്ന ഒരു കീറത്തോർത്തുകൊണ്ട് അവർ രണ്ടുപേരും പുതച്ചു.

കാറ്റ് ഒന്നനങ്ങി. മെലിഞ്ഞൊട്ടിയ ആ കൊച്ചു ശരീരങ്ങളെ അതു മെല്ലെ തഴുകി.

ചേച്ചി ചെറിയവൾക്ക് ഓരോ കഥകൾ പറഞ്ഞുകൊടുത്തു. കഥകൾ മിക്കതും പറയുന്നതിനിടയിൽ സൃഷ്ടിച്ചവയായിരുന്നു. ചെകുത്താന്മാരുടെ ഭാഗം വ രുമ്പോൾ രണ്ടുപേരും അന്യോന്യം മുറു കെപിടിക്കും..... പതുക്കെപ്പതുക്കെ, സർ വം തണുപ്പിക്കുന്ന മഞ്ഞലകൾ അവരുടെ കൺപോളകളിൽ ഊറിത്തുടങ്ങി. 

‘‘ഇനി ഒറങ്ങ്ആ’’, ചേച്ചി പറഞ്ഞു. 

‘‘ഉം.... അപ്പൊ ചേച്ചി, കമ്പികള വീട്ടിലേക്ക് നമക്ക് നാളെ പോവാ,ല്ലേ?’’

‘‘നാളെ നേർത്തെ ചേച്ചിക്കും മോളുക്കും പോവാ,ട്ടോ... ഇനി ഒറങ്ങ്ആ,’’ 

തന്റെ കൊച്ചനുജത്തിയെ ഗാഢമായൊരാശ്ലേഷത്തിൽ മാറോടു ചേർ ത്തുകൊണ്ട് ചേച്ചി  പറഞ്ഞു, ‘‘എന്റെ കുഞ്ഞുമോളല്ലേ!’’...... തല മെല്ലെ പൊക്കിയിട്ട് അനുജത്തി ചേച്ചിയുടെ കവിളത്ത് ഒരുമ്മ വച്ചു: ‘‘എന്റെ ചേച്ചുമോളല്ലേ!’’

അങ്ങനെ മനുഷ്യന്റെ ലോകം കയ്യൊ ഴിഞ്ഞുപോയ  ശൂന്യാവശിഷ്ടങ്ങൾക്കിടയിൽ, രണ്ടാത്മാക്കൾ കെട്ടിപ്പുണർ ന്ന് ഉറക്കമായി.

ഭീഷണങ്ങളായ കരിമേഘങ്ങൾ അ പ്പൊഴും, ആ കുടികളുടെ മുകളിൽ തൂങ്ങിക്കിടന്നു.

..........................

കൊച്ചിന്റെ കരച്ചിൽ കേട്ടാണ് ജ്യേഷ്ഠത്തി ഉണർന്നത്. ഉറക്കത്തിൽനിന്ന് പ്രജ്ഞയിലേക്ക് ജീവൻ വച്ചുവരുന്ന ആ അർദ്ധനിമിഷത്തിൽ ആ ശബ്ദം കേട്ടിട്ട് അവൾ എന്തോ വല്ലാതെ നടുങ്ങി പ്പോയി. അനുജത്തി നിലത്തു കുത്തിയിരുന്നു, മുഖം ഭയാനകമാംവണ്ണം ചുളി ച്ചു കരയുന്നതാണ് അവൾ കണ്ടത്.

ഉറക്കപ്പിച്ചോടെ അവൾ ചോദിച്ചു, ‘‘എടീ, എന്താ നിനക്ക്?’’

ചെറിയവൾ ഒന്നും മറുപടി പറഞ്ഞില്ല.

ചേച്ചി കൂടുതൽ മാർദവത്തോടെ പറ ഞ്ഞു: ‘‘മോള് കെടന്നൊറങ്ങിക്കാട്ടെ...’’

പറഞ്ഞിട്ടു ഫലമില്ലെന്നു കണ്ടപ്പോൾ അവൾ തിരിഞ്ഞു കിടന്നു. തന്റെ കരച്ചിലിനെ ചേച്ചി ശ്രദ്ധിക്കില്ലെന്നു മനസ്സിലായതോടെ കീഴടങ്ങുകയാണ് നല്ലതെന്ന് അനുജത്തിക്കും തോന്നി. കുറേനേരംകൂടി ഇരുന്ന് കരഞ്ഞിട്ട് അവൾ  മറുവശത്തേക്കു തിരിഞ്ഞു കിടന്നു. പക്ഷേ ആ ശാഠ്യം അങ്ങു വിട്ടുകളയാൻ അവൾ കൂട്ടാക്കിയില്ല. അവർ പുതച്ചിരുന്ന കീറമുണ്ടിനെ ആക്രമിച്ചെടുക്കാനുള്ള ശ്രമമായി. ഉരുണ്ടുരുണ്ട് ആ മുണ്ടു മുഴുവനും സ്വന്തം ദേഹത്തിന് ചുറ്റും ചെറിയവൾ ചുറ്റിക്കളഞ്ഞു.

ചുളുചുളുന്നെനെ കത്തുന്ന ഒരു ത ണുപ്പൻകാറ്റ് അടിക്കാൻ തുടങ്ങിയിരുന്നു. ‘‘നീ ഈ മുണ്ടു മുഴുവൻ എടുത്താലോ?’’ മൂത്തവൾ ദേഷ്യപ്പെട്ടു. പക്ഷേ അനുജത്തി ആ മുണ്ടു മുഴുവൻ സ്വന്തമാക്കി കമിഴ്ന്നടിച്ചു കിടന്നതേയുള്ളൂ. എന്തിനോടോ, ആരോടോ അബോധപൂർവം പക വീട്ടുകയായിരുന്നു അവൾ.

കാറ്റിന് ശക്തി കൂടി. മങ്ങിനീലിച്ച മിന്നലൊന്നു മിന്നി.

‘‘ദാ.... നീ’’ ചേച്ചി ഭീഷണിപ്പെടുത്തി. എല്ലാ ഭീഷണികൾക്കും മറുപടി ഒരു നീ ണ്ട മൂളല് മാത്രമായിരുന്നു.

‘‘ദാ...... മര്യാദക്ക്’’ ഒടുവിൽ സഹികെട്ട്, അനുജത്തിയുടെ പുറത്ത് അവൾ ആഞ്ഞൊന്നടിച്ചു.

ഉറക്കെ നിലവിളിച്ചുകൊണ്ട് ആ ക്ഷണത്തിൽ ചെറിയവൾ എഴുന്നേറ്റു. തേങ്ങിത്തേങ്ങിക്കൊണ്ട് അവൾ പറഞ്ഞു: ‘‘എടീ, നിനക്കെന്നെ വേണ്ടാ, ല്ലേ? ഞാമ്പോവാണ്.....’’ ആ കീറമുണ്ട് ചുറ്റഴിച്ച് താഴെ ഇട്ടിട്ട് അവൾ ഇറങ്ങി..... ‘‘ഞാൻ കമ്പീടെ വീട്ടിപ്പോവ്വാണ്. നിനക്കെന്നെ വേണ്ടാലോ,.....അവടെ എന്റെ അമ്മേണ്ടാവും....’’

ചായ്പിന്റെ വങ്കുകുത്തിയ ഒതുക്കുകളിറങ്ങി ആ ചെറിയ രൂപം കൂരിരുളിലേക്കു നടന്നു. പേടി കാരണം ശാഠ്യമെല്ലാം മറന്ന് അവൾ തിരിച്ചുവരുമെന്ന് ധൈര്യപ്പെട്ടു ചേച്ചി അവിടെത്തന്നെ കിടന്നു. ദേഷ്യത്തിന്റെ ലഹരി കയറിയ നിമിഷങ്ങളിൽപോലും അവൾക്ക് അവളുടെ കൊച്ചോമനയെ ഹൃദയം നോവുമാറ് അത്രയ്ക്ക് സ്നേഹമായിരുന്നു.

കാറ്റു വീണ്ടും വീശി. കരിമ്പനകൾ അട്ടഹസിച്ചു. കടലുപോലെ ആ രാത്രിയിലേക്കു പൊട്ടിവീഴാൻ കാലവർഷം കാത്തുനിന്നു.

കമ്പികളുടെ അടിയിൽകൂടെ ആ കൊച്ചുകുഞ്ഞു നടന്നു. പടിഞ്ഞാറൻ മഴപോലെ കണ്ണുനീരൊഴുക്കുന്നുണ്ടായിരുന്നു. 

പേടികൊണ്ട് അവളുടെ രക്തം മരവിക്കാറായിരുന്നു. എങ്കിലും കമ്പികളുടെ കൂടെ അവൾ നടന്നു.

സർവവുമലിയിക്കുന്ന ഒരാർദ്രതയുടെ തിരമാലകൾ ചേച്ചിയുടെ നെഞ്ചിലേക്ക് പൊങ്ങിപ്പൊങ്ങി പതഞ്ഞുകേറി..... വിതുമ്പിക്കരഞ്ഞു. ആരോടെന്നില്ലാതെ പിണക്കം പറഞ്ഞ്, ഒറ്റയ്ക്ക്, ആ രാത്രിയിലേക്ക് തന്റെ കൊച്ചനുജത്തി ഇറങ്ങിയകലുന്നത് അവൾ ശ്രദ്ധിച്ചു കിടന്നു. ആത്മാവിന്റെ ഉള്ളിൽ എന്തോ ഒന്ന് അറ്റ് വീണു വല്ലാത്തൊരു ശൂന്യത.

ഭയങ്കരമായൊരു പൊട്ടലോടെ, കണ്ണു മങ്ങിക്കുന്ന ഒരു ദീപ്തിരേഖ മേഘങ്ങളിലൂടെ പുളഞ്ഞു പാഞ്ഞു. മഴക്കാറ്റ് കരിമ്പനപ്പട്ടകളിലൂടെ പാരാവാരം പോ ലെ ഏന്തിക്കയർത്തു.

ചേച്ചി എഴുന്നേറ്റിരുന്നു. ശരീരം ആസ കലം വിറച്ചുകൊണ്ട് ഓരോ സിരയിലൂടെയും ഭയത്തിന്റെ ചലനങ്ങൾ സഞ്ചരിക്കുന്നുണ്ടായിരുന്നു.

അവൾ മുറ്റത്തേക്കിറങ്ങി...... മരങ്ങൾ നാലുഭാഗത്തും കടപുഴകി വീഴുന്നുണ്ടായിരുന്നു.

ഒരു നിമിഷത്തെ ഒരമ്പരപ്പിൽ അവളവിടെ നിന്നു. ഭീകരമായ ആ താണ്ഡവത്തിനിടയ്ക്ക് നിസ്സഹായതയുടെ ഒരു ബിന്ദുവായി. എന്നിട്ട് അവൾ ആ വിക്ഷോഭത്തിലേക്ക് ഇറങ്ങിപ്പാഞ്ഞു.

ഒരാർത്തനാദത്തോടെ കാലവർഷം പൊട്ടി. ഇരുട്ടിലൂടെയും കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നലിലൂടെയും അവൾ 

മുന്നോട്ടു പാഞ്ഞു. കമ്പിക്കാലുകളുടെ നേർക്ക്.

ഹൃദയം പിളർന്നിട്ടെന്നപോലെ അ വൾ വിളിച്ചു: ‘‘മോളേ.....’’

കൊടുങ്കാറ്റിന്റെ അലറിച്ചയിലൂടെ കുഞ്ഞിന്റെ ശബ്ദം അവൾ കേട്ടു: ‘‘അമ്മേ.....’’

കമ്പിക്കാലുകൾ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കമ്പികൾ നിലത്തിഴഞ്ഞതിനിടയിൽ, ഇടിവാളിന്റെ പ്രഭയിൽ, അവൾ തന്റെ കൊച്ചനുജത്തിയെ കണ്ടു.

‘‘എന്റെ മോളേ.......!’’ അവൾ നിലവിളിച്ചു. ‘‘എന്റെ കുഞ്ഞുമോളേ......’’ അവളുടെ കുഞ്ഞിനെ വാരിയെടുക്കാൻ അ വൾ കയ്കൾ നീട്ടി.

ഭയങ്കരമായ ഒരാഘാതമുണ്ടായി...... സിരകളിലെല്ലാം തീനാമ്പുകൾ കയറിക്കത്തുംപോലെ, അണുക്കളോരോന്നും മിന്നിപ്പൊട്ടുംപോലെ, തീവ്രമായ ഒരനുഭവം. എല്ലാം ഒരൊറ്റ നിമിഷാർദ്ധം. പിന്നെ കറുത്ത, സുഷിരമില്ലാത്ത ഇരുട്ടും നിശ്ശബ്ദതയും മാത്രം... .... .... .... .... ....

തലേ നാളത്തെ കൊടുങ്കാറ്റിന്റെ രംഗത്തേക്ക് പുതിയൊരു പ്രഭാതം എത്തി നോക്കി. വെയിലു തട്ടിയപ്പോൾ ചളിക്കുണ്ടുകളൊക്കെ ചോര തളം കെട്ടിയതുപോലെ ചുവന്നു.

കമ്പികൾ നിലത്തുകൂടെ ഇഴഞ്ഞു കിടന്നു.

ചലനമില്ലാതെ തണുത്തു കിടന്ന 

കുഞ്ഞുങ്ങളെ, അനന്തതയിലേക്കു പ്രയാണം ചെയ്യുന്ന ആ കമ്പികൾ ആശ്ലേഷിച്ചു.

English Summary: Malayalam Short Story ‘Kambikalude Veedu’ by OV Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com