‘പട്ടിണി മാത്രമായിരുന്നു ഇന്ന്. ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ സുഹൃത്ത് ഇന്നും സൂക്ഷിക്കുന്നു അഭിമന്യുവിന്റെ ഈ എഴുത്ത്

HIGHLIGHTS
  • ഇന്ന് അഭിമന്യുവിന്റെ ഓർമ ദിനം
article
SHARE

അഭിയുടെ അടുത്ത സുഹൃത്താണ് ബി.എ ഇക്കണോമിക്സ് വിദ്യാർഥി സൽമാൻ. അവർ ഒരിക്കൽ ഒരു മുറിയിൽ ഒരുമിച്ചു പഠിച്ചുകൊണ്ടിരിക്കുന്നു. അഭിമന്യു തനിക്ക് എഴുതിത്തീർക്കേണ്ട റെക്കോർഡ് ബുക്കിന്റെ തിരക്കിലാണ്. അടച്ചിട്ട ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. ഭക്ഷണം, വെള്ളം, വെളിച്ചം അതൊന്നും ആ ഹോസ്റ്റലിൽ ഇല്ല. പുറത്ത് മുറിയെടുക്കാൻ പണമില്ലാത്ത ദരിദ്രരായ വിദ്യാർഥികൾ അധികാരികളുടെ കണ്ണ് വെട്ടിച്ചു താമസിക്കുകയാണ്. ബലം പിടിച്ച് താമസമാക്കിയ ഹോസ്റ്റലിൽ ശുചിത്വമില്ല. സൽമാന്റെ ക്ലാസ്സിലെ പെണ്‍കുട്ടിയാണ് ഷെറിൻ. അവൾ ലേഡീസ് ഹോസ്റ്റൽ അന്തേവാസിയാണ്. അവരുടെ ഹോസ്റ്റല്‍ നന്നായി പ്രവർത്തിക്കുന്നുണ്ട്. സൻമാൻ ഭക്ഷണത്തിന് പ്രയാസപ്പെടുന്നതായി സഹപാഠി ഷെറിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ചിലപ്പോൾ ഹോസ്റ്റലിലെ ഭക്ഷണം രഹസ്യമായി ഒരു പാത്രത്തില്‍ കൊടുക്കുമായിരുന്നു. എഴുതിക്കൊണ്ടിരിക്കെ ഷെറിന്റെ ഫോൺവിളി വന്നു. പെട്ടെന്ന് സൻമാൻ പുറത്തുപോയി ഷെറിൻ നൽകിയ ഭക്ഷണവുമായി ഹോസ്റ്റൽ മുറിയിൽ വന്നു. സൽമാൻ അന്നത്തെ ഭക്ഷണം അഭിമന്യുവിന് കൊടുത്തു.

അഭിമന്യു ഭക്ഷണം കഴിച്ചു പാത്രം കഴുകി സൽമാനെ ഏൽപ്പിച്ചു. അന്നു തന്നെ അവൻ പാത്രം മടക്കികൊടുത്തു. പിറ്റേന്ന് സൽമാൻ ക്ലാസ്സിൽ ചെല്ലുമ്പോള്‍ ഷെറിൻ പൊട്ടിത്തെറിച്ചു. ‘ഞാൻ നിനക്കൊക്കെ ദാനം തരാൻ ജന്മി ഒന്നും അല്ല. വെറും ഒരു സഹപാഠി മാത്രം. നീ എന്തൊക്കെയാ ആ പാത്രത്തിൽ എഴുതിയിട്ടത്.’.അവൻ വാപൊളിച്ച് നിൽക്കുമ്പോൾ അവൾ ഒരു തുണ്ടെടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.‘നീ എഴുതിയത് നീ തന്നെ വായിക്കൂ.’. ‘പട്ടിണി മാത്രമായിരുന്നു ഇന്ന്. ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ ആ കൈപ്പട അഭിമന്യുവിന്റേതായിരുന്നു. ഷെറിൻ ഇന്നും തന്റെ കലാലയജീവിതത്തിന്റെ മയിൽപ്പീലിത്തുണ്ടായി, അണയാത്ത ഭദ്രദീപംപോലെ അത് സൂക്ഷിക്കുന്നു.

എഴുത്തിന്റെ ഇടവേളയിൽ ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ ഞാൻ അവനോടു ചോദിച്ചു, ‘നിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയാണ്?’ അവൻ കളിയും കാര്യവുമായി പറഞ്ഞു. ‘ഒരാൾക്ക് രാവിലെ പ്രാതൽ വേണം. ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം കടി, ചായ, രാത്രി അത്താഴം. എന്നാൽ ഇതെല്ലാം ഒന്നാക്കി ഉച്ചയ്ക്ക് ഒറ്റ ഭക്ഷണം.’ ഹോട്ടലിൽ ചെന്ന് ഊണിന് കൂപ്പൺ എടുത്താൻ ഇനി ചോറ് തരില്ല എന്ന് അവർ പറയില്ലല്ലോ. അപ്പോൾ ഞാൻ കളിയാക്കിക്കൊണ്ട് ചോദിച്ചു,‘ എന്താ നീ പ്രകൃതി ചികിത്സ തുടങ്ങിയോ?’ അവൻ അപ്പോൾ മനസ്സറിഞ്ഞ് നിഷ്കപടമായ ഒരി ചിരിയിൽ എന്നെ തോൽപ്പിച്ചു.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സൈമൺ ബ്രിട്ടോയുടെ ‘മഹാരാജാസ് അഭിമന്യു ജീവിതക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ നിന്ന്

English Summary: Maharajas Abhimanyu book by Simon Britto

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;