ADVERTISEMENT

1665 ൽ പ്ലേഗിനെ നേരിട്ട ഇംഗ്ലണ്ടിലെ ഇയാം ഗ്രാമത്തിലെ നാട്ടുകാരുടെ മനക്കരുത്ത് ചർച്ചചെയ്യുന്ന, അടച്ചിരുപ്പുകളുടെ മടുപ്പിൽ പരിധിയില്ലാത്ത പ്രതീക്ഷ പങ്കുവയ്ക്കുന്ന
ഒരു കവിത സാഹിത്യലോകത്ത് ചർച്ചയാകുന്നു. കവിതയുടെ പേര് ലോക്ഡൗൺ. കവി സൈമൺ അർമിതേജ്. 

 

നനഞ്ഞ തുണിയിഴകളുടെ ഊടിലും പാവിലും പറ്റിപ്പിടിച്ചു നിന്ന ചെറിയ ചെള്ളുകൾ. ആ ചെള്ളുകൾ നിറഞ്ഞ ദുസ്വപ്നത്തിൽ നിന്നു രക്ഷപെടാൻ കഴിയാത്ത നിരാശയിലാണ് ‘ലോക്ക്ഡൗൺ’ തുടങ്ങുന്നത്. കവിയുടെ കണ്ണിൽ നിന്നു മായാത്ത മറ്റൊരു കാഴ്ചയുമുണ്ട്, ഒരു അതിരു കല്ല്. ഇയാമിന്റെ ചരിത്രത്തിൽ പ്രാധാന്യമേറെ.

കാട്ടു തീ പോലെ പടർന്ന രോഗവുമായി നൂറു കണക്കിനാളുകൾ പുരോഹിതനായ മോംപെസണിന്റെ അടുക്കലെത്തുന്നു. പ്രതിവിധി കണ്ടെത്തേണ്ട ബാധ്യത അദ്ദേഹത്തിന്. 

 

വഴിയുണ്ടായി. ഒരു ഗ്രാമമാകെ നിർബന്ധിത ഏകാന്തവാസം. അകത്തേക്കോ പുറത്തേക്കോ പ്രവേശനമില്ലാതെ, അതിരിനപ്പുറം ആരുമായും ഒരു ബന്ധവുമില്ലാതെ ഏറിയ നാളുകൾ. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും വേണ്ടവർക്ക് പണം നിക്ഷേപിച്ചു പോകാൻ ഇടവും കണ്ടെത്തി. ഇയാമിന്റെ അതിരു കല്ലിലെ ആറു ചെറിയ കുഴികൾ. എന്നാൽ കൈകൾ കൊണ്ടു തൊട്ട നാണയത്തുട്ടുകളിലൂടെ പനി പകരരുതല്ലോ. അതിനും പരിഹാരം കണ്ടു. നാണയമിട്ട കുഴികളിൽ വിനാഗിരി കൂടി പകർന്നൊഴിക്കുക. അത്ര കണ്ട് ശ്രദ്ധിച്ച് പ്രാർത്ഥനയോടെ ഒരു ജനത. 

 

എന്നാൽ മുൻകരുതലുകളെടുത്തിട്ടും പനി പടർന്നു. പേടി നീണ്ട പതിന്നാലു മാസങ്ങൾ. ഫലമുണ്ടായില്ല. ജനസംഖ്യയിൽ നൂറു പേരെ മാത്രം അവശേഷിപ്പിച്ച്  ‘കറുത്ത മരണം’ കടന്നു പോയി. അന്ന് പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ  നോവുപാട്ടുകളിലുണ്ടായിരുന്നു കരളു നീറ്റുന്ന ഒരു പ്രണയ ഗാഥയും.

 

എമ്മറ്റ് സിഡലും റൗലൻഡ് റ്റോറും. അടുത്തടുത്ത ഗ്രാമങ്ങളിലെ പ്രണയിതാക്കൾ. എമ്മറ്റിനു വിവാഹം നിശ്ചയിച്ചതാണ് റൗലൻഡിനെ. എന്നാൽ പ്ലേഗ് ആദ്യം പിടിപെട്ട കുടുംബങ്ങളിലൊന്ന് എമ്മറ്റിന്റേതായിരുന്നു. വിവാഹം മാറ്റി വച്ചു.

ഇയാം അടച്ചു പൂട്ടിയതോടെ എമ്മറ്റിനെ കാണാൻ വരാനും റൗലണ്ടിന് അനുവാദമില്ലാതായി. പക്ഷേ അവർ കണ്ടു. അകലങ്ങളിൽ നിന്നു കൊണ്ട് ആരുമറിയാതെ, കൈകൾ കോർത്തൊരു കഥയും പറയാതെ, പരമ രഹസ്യമായി. രണ്ടു ഗ്രാമങ്ങൾക്കുമിടയിലുള്ള വനാന്തരങ്ങൾക്കു നടുവിലെ പാറക്കെട്ടായിരുന്നു സംഗമ സ്ഥലം. അതിർത്തി രേഖയുടെ ഇരുവശത്തും നിന്ന് തമ്മിൽ ഏറെ നേരം നോക്കി നിൽക്കും, കണ്ണിലൊരു ചെറു നനവോടെ മടങ്ങും.

 

മാസങ്ങൾ പലതു പിന്നിട്ടു. എമ്മറ്റിന്റെ വരവു പതിയെ നിന്നു. പ്രണയിനിയെയും പ്രതീക്ഷിച്ച് റൗലൻഡ് പിന്നെയും ‘കുക്ക്‌ലെറ്റ് ഡെൽഫ്’ എന്ന പതിവിടത്തിൽ. വർഷാവസനം ഇയാം തുറന്നപ്പോൾ ആദ്യം പ്രവേശിച്ചതും റൗലൻഡ് തന്നെ. കാത്തിരുന്നത് ഹൃദയമുലയ്ക്കുന്ന വാർത്ത. വിഷപ്പനി പിടിച്ച് ഏപ്രിലിൽ തന്നെ എമ്മറ്റ്  മരിച്ചുവെന്ന്.

‘ലോക്ക്ഡൗണി’ന്റെ  അവസാന വരികൾ കോവിഡിനെ നേരിടുന്ന പുതിയ ലോകത്തോടുള്ള കവിയുടെ പ്രതീക്ഷ പങ്കുവെയ്ക്കലാണ്: കൊടിയ മഴപ്പെയ്ത്തിന്റെ ഇഴഞ്ഞു നീങ്ങുന്ന കഠിന ദൂരത്തിനപ്പുറമൊരു കുളിരുണ്ട്. ഋതുക്കളറിയാതെ തളിർത്തു പടരുന്ന വള്ളിച്ചെടികളും നേരം തെറ്റാതെ പൂവിടുകയും കായ് വരുകയും ചെയ്യുന്ന മരങ്ങളുമുണ്ട്.

കണ്ണു നടാം, ഒന്നിച്ചവിടേക്ക്... 

 

English Summary: Lockdown poem by Simon Armitage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com