ADVERTISEMENT

വീഞ്ഞു മണക്കുന്ന വൈകുന്നേരങ്ങൾ, വിഭവങ്ങൾ നിറയെയുള്ള വിരുന്നു മേശ, ചുറ്റും കൂടിയിരുന്നുള്ള വർത്തമാനങ്ങൾ, ചൂടു പകരുന്ന ചർച്ചകൾ... ഭക്ഷണവും സൗഹൃദവും മണക്കുന്ന വ്യാഴാഴ്ചകള്‍ പ്രിയമായിരുന്നു ആ സുഹൃദ് വലയത്തിന്. സ്വതന്ത്ര സഞ്ചാരികളായ കലാകാരന്മാരുടെയും എഴുത്തുകാരുടെയും ‘ബ്ലൂംസ്ബറി’ ഗ്രൂപ്പിന്. 

 

വിർജീനിയ വുൾഫ്, ലിറ്റൺ സ്ട്രാച്ചി, റോജർ ഫ്രൈ, ക്ലൈവ് ബെൽ... അക്ഷരങ്ങളിലൂടെ ആസ്വാദകരുടെ മനസ്സു നിറച്ചവര്‍. പ്രകോപിപ്പിക്കുന്ന ചിന്തകളിലൂടെ വിപ്ലവങ്ങള്‍ക്കു തിരി കൊളുത്തിയവര്‍. ഭാഷയും ഭാവുകത്വവും ചിന്താലോകവും മാറ്റിമറിച്ചവര്‍. ഭക്ഷണ പ്രേമികളുമായിരുന്നു ഇവര്‍, പ്രതിഭാശാലികളായി  അറിയപ്പെട്ട എഴുത്തുകാരുടെ ജീവിതത്തിന്റെ മറ്റൊരു അറിയപ്പെടാത്ത ലോകം. ആ ലോകത്തേക്കു വെളിച്ചം വീശിയ പുസ്തകമാണ് ‘ദി ബ്ലൂംസ്ബറി കുക്ക് ബുക്ക്: റെസിപ്പീസ് ഫോർ ലൈഫ്, ലവ് ആൻഡ് ആർട്ട്.’ അക്ഷരങ്ങള്‍ക്കൊപ്പം നാവിന്റെ രുചിയും പ്രിയപ്പെട്ടതാക്കിയ ജാൻസ് ഒണ്ടാട്ജിയുടെ അപൂര്‍വ രചന. സൗഹൃദം ആഘോഷമാക്കിയ ജീവിതത്തിന്റെ ഉത്സവകാലത്തിന്റെ സ്മരണിക. 

 

പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനും പലഹാരങ്ങൾക്കുമുള്ള പലതരം പാചകക്കുറിപ്പുകൾ. ജാൻസ് കണ്ടെടുത്ത ബ്ലൂംസ്ബറി ഗ്രൂപ്പിന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിലും നിറഞ്ഞുനിന്നതു ഭക്ഷണത്തെ കുറിച്ചുള്ള പരാമർശങ്ങള്‍. പാചകത്തെക്കാൾ പ്രിയം ഭക്ഷണ സേവയായിരുന്ന കൂട്ടം. കലയുടെ പല മേഖലകളിലുള്ള അവരെ കൂട്ടിയിണക്കിയത് സൗഹൃദത്തിനൊപ്പം ഭക്ഷണവും. 

 

വനേസ്സ ബെല്ലിന്റെയും ഡൺകൻ ഗ്രാന്റിന്റെയും ‘ചാൾസ്ടൺ’ എന്ന വീട് ആയിരുന്നു ആഘോഷങ്ങളുടെ വേദി. രുചിയും നിറവും മണവുമൂറുന്ന തീൻ മേശയിൽ കൂടുതലും ഫ്രഞ്ച് വിഭവങ്ങൾ. ഇഷ്ടമുള്ളതൊക്കെ തയാറാക്കാന്‍ വിദഗ്ധ ജോലിക്കാർ. പുതിയ ഫ്രഞ്ച് പാചക പുസ്തകങ്ങൾ വാങ്ങി നൽകി സൗഹൃദക്കൂട്ടവും.

 

വിർജീനിയ വൂൾഫിനു പ്രിയം കാരമൽ - കസ്റ്റർഡ് പുഡ്ഡിംഗ്. ലിറ്റൺ സ്ട്രാച്ചിയ്ക്ക് റൈസ് പുഡിംഗും പാലും റസ്ക്കും. കേംബ്രിഡ്ജ് ബുദ്ധിജീവികളായ സഹപ്രവർത്തകർക്ക് ടോസ്സ്റ്റ് ചെയ്ത മത്തിയും. കൂട്ടത്തിൽ ക്ലൈവ് ബെൽ ചോക്ലേറ്റ് പ്രേമി. ഒരു ചോക്ലേറ്റ് ബാറിനു വേണ്ടി പോലും കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്ന വ്യക്തി. കഴിച്ചു കഴിച്ചു വീർത്തൊരിക്കൽ വെയ്‌സ്റ് കോട്ടിന്റെ ബട്ടൺ അഴിഞ്ഞു കോട്ട് പറന്നു പോയെന്നതു കഥയല്ല, വാസ്തവം. 

 

ജാൻസിന്റെ പുസ്തകം കുക്ക് ബുക്ക് മാത്രമല്ല, ‘ചാൾസ്ടൺ’ ലേക്കുള്ള യാത്രാനുഭവം സമ്മാനിച്ച ഓർമ്മകൾ കൂടിയാണ്. 170 ഭക്ഷണ റെസിപ്പികൾക്കൊപ്പം 1905 മുതൽ 1930 വരെയുള്ള ബ്ലൂംസ്ബറി ഗ്രൂപ്പിന്റെ ചരിത്രവും പുസ്തകത്തിലുണ്ട്. മനോഹര ചിത്രങ്ങളും.

 

1939 ലെ ക്രിസ്മസ് ദിനം. ഷാംപെയിൻ നുരഞ്ഞു പൊന്തുന്ന സന്ധ്യ. ആദ്യ നിമിഷങ്ങളിൽ തന്നെ അമിത ലഹരിയിലായ വിർജീനിയ വുൾഫ് ഒരലർച്ചയോടെ കൈകൾ വീശി പിറകിലേക്ക് മറിഞ്ഞ സംഭവം അദ്ഭുതത്തിനൊപ്പം സമ്മാനിക്കുന്നത് അവിശ്വസനീയതയും. 

 

1940 ലെ ഒരു സായാഹ്നം. വുൾഫ് ദമ്പതികളും ടി എസ് എലിയട്ടും ജോൺ ലെയ്മാനും അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സങ്കട വാർത്ത. യുദ്ധത്തിൽ ജർമനി ഫ്രാൻസിനെ പരാജയപ്പെടുത്തിയെന്നും ഇംഗ്ലണ്ട് പേടിക്കേണ്ടതുണ്ടെന്നും അറിഞ്ഞ നിമിഷം. കലയും സാഹിത്യവും ഇനി അസാധ്യം എന്നു തോന്നിപ്പിച്ച മുഹൂർത്തം. തീൻ മേശയ്ക്കു ചുറ്റും നിശ്ശബ്ദത. സ്വതന്ത്രരായ ചിന്തകരും എഴുത്തുകാരും കലാകാരന്മാരുമായി തുടരുക എന്ന ലക്ഷ്യത്തിന്റെ പാതിവഴിയിൽ ആയിരുന്നു അവര്‍. 

യുദ്ധം പ്രതിസന്ധി സൃഷ്ടിച്ചതോടെ ദാരിദ്ര്യവും.

 

നല്ല സംഭാഷണങ്ങൾക്കെല്ലാം നല്ല ഭക്ഷണവും പ്രധാനമാണ്. നന്നായി ഭക്ഷണം കഴിച്ചില്ലെങ്കിൽ നന്നായി ചിന്തിക്കാനോ സ്നേഹിക്കാനോ ഉറങ്ങാനോ പോലും കഴിഞ്ഞെന്നു വരില്ല എന്ന് പ്രശസ്തമായ ‘എ റൂം ഓഫ് വൺസ് ഓൺ’ എന്ന പുസ്കത്തില്‍ വിർജീനിയ വുൾഫ് എഴുതിയിട്ടുണ്ട്. 

 

ഒത്തുചേരലുകൾക്കും വിരുന്നുകൾക്കും വിരാമമായതോടെ വിർജീനിയ കടുത്ത മാനസികവിഭ്രാന്തിയിലേക്ക് വഴുതി. 1941 മാർച്ചിൽ പുഴയിൽ ചാടി മരണം. ആത്മഹത്യയ്ക്കു മൂന്ന് ആഴ്ചകൾക്കു മുമ്പെഴുതിയ ഡയറിക്കുറിപ്പിലുമുണ്ടായിരുന്നു, അത്താഴത്തിനു സോസേജ് ഉണ്ടാക്കാൻ പോകുന്നതിന്റെ ആവേശം.

 

‘ബ്ലൂംസ്ബറി’ ഗ്രൂപ്പിലെ ആരും ഇന്നില്ലെങ്കിലും സ്നേഹവും സൗഹൃദവും വിളമ്പിയ ചാൾസ്റ്റണിലെ വിരുന്നു മേശ ‘ദ് ബ്ലൂംസ്ബറി കുക്ക് ബുക്കി’ല്‍ സമൃദ്ധം. പുതുവീഞ്ഞിന്റെ പുത്തൻലഹരിയും പതഞ്ഞു പൊന്തുന്ന സ്വതന്ത്ര ചിന്തകളും സമൃദ്ധമാക്കിയ വിരുന്നുമേശ. 

 

English Summary: The Bloomsbury Cookbook Book by Jans Ondaatje Rolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com