ADVERTISEMENT

മഹാവ്യാധിയു‌ടെ കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് രാപ്പകൽ അധ്വാനിക്കുന്ന നഴ്സുമാർക്കുള്ള ആദരവായിരിക്കും തന്റെ അടുത്ത നോവൽ എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. കോവിഡ് വ്യാപനം മാരകമായി തുടരുന്ന ഗൾഫിലേക്ക് നഴ്സിംഗ് ജോലിക്കായി അവധികഴിഞ്ഞ് മടങ്ങിപോകുന്ന ഭാര്യയെയും കൂടെയുള്ള നഴ്സുമാരെയും എഴുത്തുകാരൻ അഭിനന്ദിച്ചു.  

 

നാലര മാസങ്ങൾക്കുമുൻപ് കരൾ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് ബഹ്‌റൈനിൽ നഴ്സ് ആയിരുന്ന ബെന്യാമിന്റെ ഭാര്യ ആഷ നാട്ടിൽ എത്തിയത്. കോവിഡ് വ്യപനം മാരകമായി തുടരുന്ന ഗൾഫിലേക്ക് ഇപ്പോൾ മടങ്ങണോ എന്ന ചോദ്യത്തിന് ‘യുദ്ധമില്ലാത്ത കാലത്ത് ജോലി ചെയ്യുന്ന പട്ടാ‍ളക്കാരനെപ്പോലെയാണ് മഹാവ്യാധികൾ ഇല്ലാത്ത കാലത്ത് ജോലി ചെയ്യുന്ന നേഴ്സ്. ഇപ്പോഴാണ് അവർക്കെന്റെ സേവനം ആവശ്യം’ എന്നായിരുന്നു ആഷയുടെ മറുപടി. ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രി കോവിഡ് സെന്റർ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആരോഗ്യവകുപ്പ് അയച്ച പ്രത്യേക വിമാനത്തിൽ അവർ ബഹ്‌റൈനിലേക്ക് മടങ്ങി.

 

അവധിയിൽ ഉണ്ടായിരുന്നതും പുതിയതായി നിയമനം ലഭിച്ചതുമായ നൂറ്റിയറുപതിൽ അധികം നേഴ്സുമാർ വേറേയും ആ വിമാനത്തിൽ ഉണ്ട്. മലയാളികളായ നേഴ്സുമാർക്ക് മാത്രം സഹജമായ ഒരു ധീരതയിലാണ് അവർ അത്രയും വിമാനം കയറിപ്പോയിരിക്കുന്നത് എന്ന് എനിക്കുറപ്പിച്ചു പറയാൻ സാധിക്കുമെന്നും അവർക്കുള്ള ആദരവായിരിക്കും എന്റെ അടുത്ത നോവൽ എന്നും ബെന്യാമിൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

 

ബെന്യാമിൻ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

 

ആഷ ഇന്ന് ബഹ്‌റൈനിലേക്ക് മടങ്ങി.

 

ഏകദേശം നാലര മാസങ്ങൾക്കു മുൻപാണ് മുൻ‌കൂട്ടി നിശ്ചയിച്ചപ്രകാരം ലിവർ സർജറിക്കുവേണ്ടി അവൾ അവധിയ്ക്ക് നാട്ടിലെത്തുന്നത്. വിവിധ പരിശോധകൾക്ക് ശേഷം ഫെബ്രുവരി 27നു അമൃതയിൽ സർജറി നടക്കുകയും ചെയ്തു. എന്നാൽ അന്നേദിവസം അമിത രക്തസ്രാവം മൂലം നീണ്ട പതിനൊന്നു മണിക്കൂറുകൾക്കു ശേഷം അത് നിറുത്തി വയ്ക്കേണ്ടിവന്നു. സ്ഥിതി ഇത്തിരി ഗുരുതരമായി. രക്തസമ്മർദ്ദം വല്ലാതെ താഴ്ന്നു. ആറു യൂണിറ്റ് രക്തം ആവശ്യമായി വന്നേക്കും എന്ന് ഊഹിച്ചിടത്ത് ഇരുപത്തിയൊൻപത് യൂണിറ്റ് രക്തം ഉപയോഗിക്കേണ്ടി വന്നു. ശസ്ത്രക്രിയ പിറ്റേദിവസം ഏഴു മണിക്കൂറോളം നീണ്ടു. എങ്കിലും അത് വിജയകരമായി പൂർത്തിയാക്കാൻ ഡോ. ഒ.വി. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു.

 

(2009 ൽ എന്നെ മരണവക്കിൽ നിന്ന് രക്ഷിച്ചതും ഡോ. സുധീർ തന്നെ) പിന്നെ പതിനേഴ് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞു. പിന്നെ വീട്ടിൽ. അപ്പോഴേക്കും ലോക്ഡൗൺ വന്നു. അത് ഞങ്ങൾക്ക് പതിയെപ്പതിയെയുള്ള സുഖപ്പെടലിന്റെ ദിവസങ്ങൾ ആയിരുന്നു.

 

കോറോണയ്ക്കും ലോക്‌ഡൗണിനും മേലെ കൂനിന്മേൽ കുരു എന്നതുപോലെ വല്ലപ്പോഴും സഹായത്തിനു വരുന്ന ഞങ്ങളുടെ ലൈലയ്ക്ക് ചിക്കൻ പോക്സ് വന്നതിനാൽ അവരുടെ സഹായവും കിട്ടിയില്ല. എങ്കിലും ഞാനും കുട്ടികളും കൂടി ഒരുവിധത്തിൽ ഒക്കെ കാര്യങ്ങൾ ഒപ്പിച്ചു. എല്ലാ ദിവസവും രണ്ടുനേരം ഇഞ്ചക്‌ഷൻ എടുക്കാനുണ്ടായിരുന്നു. ആ ദിവസങ്ങളിൽ പുറത്തു നിന്ന് ഒരു നേഴ്സിന്റെ സഹായം തേടുന്നത് ബുദ്ധിമുട്ടും അപകടകരവും ആയതുകൊണ്ട് ഞാൻ തന്നെ സൂചി വയ്ക്കാൻ പഠിച്ചു. (മൂന്നാലു വർഷം മുൻപ് ഫാദർ തീർത്തും രോഗശയ്യയിൽ ആയപ്പോൾ മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു ആഹാരം കൊടുക്കുന്നത്. അദ്ദേഹം ഇടക്കിടെ അത് വലിച്ചൂരി കളയും. അന്നും നേഴ്സിംഗ് സഹായം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം ഞാനായിരുന്നു ആ ട്യൂബ് തിരിച്ച് intubation ചെയ്തിരുന്നത്. അങ്ങനെ ഞാനും ഒരു മുറിനേഴ്സ് ആയി എന്നു പറയാം) എന്തായാലും ഡോക്ടർ വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആഷ സുഖപ്പെടുകയും മടങ്ങിപ്പോകാൻ അനുവാദം നൽകുകയും ചെയ്തു.

 

ഞങ്ങളുടെ ഈ കഠിനകാലത്തിൽ ഒപ്പം നിന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. പ്രത്യേകിച്ച് അമൃതയിലെ ഡോ. സുധീറും ഡോ. സുധീന്ദ്രനും അവരുടെ സംഘാംഗങ്ങളും, ഇതര ആശുപത്രികളിൽ മുൻ പരിശോധനകൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു തന്ന ലക്ഷ്മി, ജസ്റ്റീന തോമസ്, ഡോ. ദിവ്യ എസ്.അയ്യർ, ഡോ. ഏബ്രഹാം സാമുവൽ.

 

പെട്ടെന്ന് രക്തം ആവശ്യമായി വന്നപ്പോൾ ദാതാക്കളെ എത്തിച്ചു തരാൻ മുന്നിൽ നിന്ന പ്രിയ സുഹൃത്ത് ടിനി ടോം, ജോജി കെ. ജോൺ, രവി ഡിസി, ഡിസി ബുക്സിലെ മറ്റ് സ്റ്റാഫുകൾ, ജോർജ് പുല്ലാട്ട് സാറും സുഹൃത്തുക്കളും, രഞ്ജിത്ത് കുളനട, നിധി ശോശ കുര്യൻ, ശ്രീപാർവ്വതി. എപ്പോഴും കൂടെയുള്ള വി. മുസഫർ അഹമ്മദ്, അനിൽ വെങ്കോട്, നിബു, ഉണ്ണി ആർ. റഷീദ് അറയ്ക്കൽ. ഫോണിലൂടെ ആശ്വാസവാക്കുകൾ പകർന്നു തന്ന ബന്ധുക്കൾ മിത്രങ്ങൾ. എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

 

കോവിഡ് വ്യപനം മാരകമായി തുടരുന്ന ഗൾഫിലേക്ക് ഇപ്പോൾ മടങ്ങണോ എന്ന് ആഷയോട് എല്ലാവരും ചോദിച്ചതാണ്. ‘യുദ്ധമില്ലാത്ത കാലത്ത് ജോലി ചെയ്യുന്ന പട്ടാ‍ളക്കരനെപ്പോലെയാണ് മഹാവ്യാധികൾ ഇല്ലാത്ത കാലത്ത് ജോലി ചെയ്യുന്ന നേഴ്സ്. ഇപ്പോഴാണ് അവർക്കെന്റെ സേവനം ആവശ്യം’ എന്നു പറഞ്ഞ് അവൾ ആ ഭീതികളെ തള്ളിക്കളഞ്ഞു. അവൾ ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രി കോവിഡ് സെന്റർ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഇന്ന് ആരോഗ്യവകുപ്പ് അയച്ച പ്രത്യേക വിമാനത്തിൽ മടങ്ങുകയും ചെയ്തു.

 

അവൾക്കൊപ്പം അവധിയിൽ ഉണ്ടായിരുന്നതും പുതിയതായി നിയമനം ലഭിച്ചതുമായ നൂറ്റിയറുപതിൽ അധികം നേഴ്സുമാർ വേറേയും ആ വിമാനത്തിൽ ഉണ്ട്. മലയാളികളായ നേഴ്സുമാർക്ക് മാത്രം സഹജമായ ഒരു ധീരതയിലാണ് അവർ അത്രയും വിമാനം കയറിപ്പോയിരിക്കുന്നത് എന്ന് എനിക്കുറപ്പിച്ചു പറയാൻ സാധിക്കും. അവർക്കുള്ള ആദരവായിരിക്കും എന്റെ അടുത്ത നോവൽ എന്ന് ഈ ദിവസം അറിയിച്ചുകൊള്ളട്ടെ.

 

English Summary: My next novel is tribute to nurses: Benyamin

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com