കവിത മണക്കുന്ന പൂവുകളും പൂവ് മണക്കുന്ന കവിതയും

David-Thoreau
ഹെൻറി ഡേവിഡ് തോറോ
SHARE

വസന്തം പൂത്തുലഞ്ഞ മേയ്മാസപ്പുലരി. നനുത്തു തണുത്ത പകൽ. സുഗന്ധവാഹികളായ പൂമരങ്ങൾക്കിടയിലൂടെ കവി മെല്ലെ നടന്നു നീങ്ങി. ഒരു കുല വയലറ്റു പൂവുകളുണ്ട് കയ്യിൽ. നേർത്ത പുൽക്കറ്റ കൊണ്ട് അലസമായി ചേർത്തു കെട്ടിയത്. ജീവന്റെ തണ്ടിൽനിന്ന് അറ്റു പോയെങ്കിലും നേരിയ ശ്വാസത്തുടിപ്പതിലറിയാം. പൂങ്കുല പൊതിഞ്ഞിരിക്കുന്ന കടലാസിൽ കവിയുടെ തന്നെ വരികൾ. കവിത മണക്കുന്ന പൂവുകളും പൂവു മണക്കുന്ന കവിതയും, നടപ്പിനൊടുവിൽ പ്രണയിനിയുടെ ജനാലപ്പഴുതിലൂടെ അവ അകത്തേക്ക്. 

വർഷങ്ങൾക്കിപ്പുറം കവിയുടെ സംസ്കാരച്ചടങ്ങിൽ സുഹൃത്തും അധ്യാപകനുമായ ബ്രോൺസൺ അൽകോട്ടിലൂടെ ലോകം അതേ കവിത കേട്ടു. പ്രണയകഥയ്ക്കു പൂക്കളെ കൂട്ടു വിളിച്ചത് അമേരിക്കൻ നവോത്ഥാന നായകനും ചിന്തകനും എഴുത്തുകാരനുമായ ഹെൻറി ഡേവിഡ് തോറോ. പ്രകൃതിസ്നേഹിയായിരുന്ന തോറോ പൂക്കളിലൂടെ പങ്കു വച്ചതും ജീവിത സത്യങ്ങൾ. പുതിയ കാലത്ത് തോറോയുടെ കവിത വീണ്ടും ചര്‍ച്ചയാകുകയാണ്. ഒരിക്കല്‍ക്കൂടി വിലയിരുത്തലുകള്‍ക്കു വിധേയമാകുന്നു. കവിയെ അതിജീവിക്കുകയാണ് കവിത; കാലത്തെയും. 

അയഞ്ഞ പൂക്കളെ പൊതിഞ്ഞു നിന്നിരുന്ന കവിതയുടെ പേര് ‘സിക്ക് വിറ്റാ’, ‘ജീവിതം അങ്ങനെയാണ്’ എന്നർഥം. തോറോയുടെ ജീവിതത്തിൽനിന്നു കവിതയിലേക്കും തിരികെയും കടമെടുത്തതാണ് സിക്ക് വിറ്റായുടെ കഥ. വരികൾക്കു പ്രേരണയായത് പൂപ്പാത്രത്തിലെ വയലറ്റു പൂക്കള്‍. മലയാളത്തിന്റെ കുമാരനാശാനെ പ്രചോദിപ്പിച്ച വീണപൂവ് പോലെ. ഹാ പുഷ്പമേ...  എന്ന പോലെ. 

വിധി ചേർത്തു കെട്ടിയ മുറുകാത്ത കെട്ടിനുള്ളിലെ തൊട്ടുരുമ്മാത്ത പൂവുടലുകൾ. ചാഞ്ഞും ചരിഞ്ഞും അയഞ്ഞുമകന്നും നിൽക്കുന്നവ. പാതി വാടിയത്. അതിലോരോന്നും നിരർത്ഥകമായ അലച്ചിലുകളുടെ പ്രതീകമാണ് കവിയ്ക്ക്. തന്റെ തന്നെ ജീവിതത്തിന്റെ നേർചിത്രം.

വെറും പൂവായിരുന്നില്ല, വസന്തത്തിന്റെ പറുദീസയിൽനിന്നു കാലം ധൃതിയിൽ പറിച്ചെടുത്ത ഗന്ധരാജൻ. കൂടെ പോന്ന കളകളുടെയും മുറിഞ്ഞു മാറിയ പൂവിൻ തണ്ടുകളുടെയും എണ്ണമറ്റ കണക്കിൽ ഭംഗി നഷ്ടപ്പെട്ട പുഷ്പം. വാടാതെ നിൽക്കാൻ വേരോ വേരുറയ്ക്കാനൊരു മണ്ണോ മുന്നിലില്ല. കാണ്ഡത്തിൽ അവശേഷിച്ച സത്തു വലിച്ചെടുത്ത് ബാക്കിയുള്ള ചെറു ജീവിതത്തിലും വിടർന്നു നിൽക്കാനുള്ള ശ്രമമാണ്. 

മണ്ണൊഴിഞ്ഞതറിയാതെ, വേരു വിട്ടതറിയാതെ നാളെ വീണ്ടും വിരിയാന്‍ കാത്ത് ചില മൊട്ടുകൾ ഇപ്പോഴും പൂന്തണ്ടിലുണ്ട്. നാളെയുടെ കാറ്റിലുലഞ്ഞ് ഞെട്ടറ്റു വീഴുന്നതു വരെ ആരുമതറിയില്ല. കാലത്തിന്റെ പരിഹാസം.

പക്ഷേ തോറോ കാണുന്നുണ്ട്, പ്രതീക്ഷയുടെ മറ്റൊരു പ്രഭാതം. പൂപ്പാത്രത്തിൽ കിടന്നു പിടയുമ്പോഴും ആത്യന്തികമായി പൂക്കൾ മരിക്കുന്നില്ല. ജീവൻ പൂർണമായി നഷ്ടമാകുന്നില്ല. അവയ്ക്കു തുടർച്ചയുണ്ട്.  മുറിഞ്ഞ തണ്ടിന്റെ മറുപകുതിയെ പുതിയ മണ്ണിലേക്ക് കാലം തന്നെ പറിച്ചു നടും. പുതിയ കാറ്റും പുതിയ വെളിച്ചവുമേറ്റ് തളിർത്തു വിടരും. കൂടുതൽ ഭംഗിയുള്ള പൂക്കളും പഴങ്ങളുമായി വിരാജിക്കും. പ്രകൃതി നിയമമാണത്.

അയഞ്ഞോ മുറുകിയോ, ചരിഞ്ഞോ നിവർന്നോ, തൊട്ടോ തൊടാതെയോ, വേരോടെയോ, വേരറ്റോ..., 

ഉൾപ്പൂവുകൾക്കു മരണമില്ല,

കാരണം സിക്ക് വിറ്റാ,

‘ജീവിതം അങ്ങനെയാണ്...’

English Summary: Sic Vita by Henry David Thoreau

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;