ADVERTISEMENT

ഗുരുവിന്റെ പ്രസംഗം യുവാവിനു വളരെ ഇഷ്ടപ്പെട്ടു. തിരിച്ചുപോകുമ്പോൾ ഗുരുവിനെ വീട്ടിലേക്കു ക്ഷണിക്കാനും അവൻ മറന്നില്ല. സന്ധ്യ കഴിഞ്ഞാണു ഗുരുവെത്തിയത്. വന്ന ഉടൻ ഗുരു ചോദിച്ചു: നിങ്ങൾ ഈശ്വര വിശ്വാസിയാണോ; നിങ്ങൾക്ക് എങ്ങനെയാണു ദൈവാനുഗ്രഹം ലഭിക്കുന്നത്? യുവാവ് അമ്പരന്നു. 

ഗുരു കൂട്ടിച്ചേർത്തു: നിങ്ങളുടെ അയൽവാസിക്ക് ഇന്ന് അത്താഴമില്ല. യുവാവ് പറഞ്ഞു: ഞാനത് അറിഞ്ഞില്ല. തയാറാക്കി വച്ച ഭക്ഷണവുമെടുത്ത് ഗുരു അയാളെയും കൂട്ടി അയൽക്കാരന്റെ വീട്ടിലെത്തി. ഒരുമിച്ച് അത്താഴം കഴിച്ചിറങ്ങുമ്പോൾ ഗുരു പറഞ്ഞു: അയൽവാസിയെ മനസ്സിലാകാത്തവന് ഈശ്വരനെയും മനസ്സിലാകില്ല.

വിശ്വാസിയാണെന്നു തെളിയിക്കാനും ആത്മീയ മനുഷ്യനാണെന്ന പൊതുജനാഭിപ്രായം നേടാനും നടത്തുന്ന പ്രഹസനങ്ങളിൽ ഈശ്വരൻ പ്രസാദിക്കില്ല. സഹജീവികളിൽ ഈശ്വരനെ കാണാൻ കഴിയാത്തതുകൊണ്ടാണ് ഈശ്വരാന്വേഷണം പലർക്കും സാഹസ പ്രവൃത്തിയാകുന്നത്. കൺമുന്നിൽ കാണുന്നവരിൽ ഒരിക്കലും ഈശ്വരനെ തിരിച്ചറിയാത്തവർ കാതങ്ങളകലെ ഈശ്വരന്റെ വാസസ്ഥലം തേടി അലയുന്നതിൽ എന്തർഥം?

അവനവന് ആവശ്യമുള്ളതെല്ലാം സമ്പാദിച്ചു കൂട്ടുന്നതിനിടയ്ക്ക് അടുത്തുള്ളവരുടെ അവസ്ഥകളിലേക്ക് ഒരു ആകാശവീക്ഷണമെങ്കിലും നടത്തണം. ആരുമറിയാതെ വിങ്ങിപ്പൊട്ടുന്നവരും കതകടച്ച് ആത്മാഭിമാനം മുറുകെപ്പിടിക്കുന്നവരുമെല്ലാം അവിടെയുണ്ടാകും. ആവശ്യമുള്ളവരുടെ മുന്നിൽ ഈശ്വരനായി പ്രത്യക്ഷപ്പെടുന്നവരെയാണ് ഈശ്വരന് ആവശ്യം.

ഈശ്വരന്റെ പ്രച്ഛന്നവേഷം ആവശ്യക്കാരന്റെ രൂപത്തിലായിരിക്കും. സ്വന്തം സൗഭാഗ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ പരിശോധിക്കുന്നതിനിടെ അത്തരം വേഷങ്ങൾ കണ്ണിൽപെടില്ല. അയൽക്കാരനെ അറിയില്ലെന്നു പറയുന്നതാകും അവനോടും അവനവനോടും ചെയ്യുന്ന ഏറ്റവും വലിയ അപമര്യാദ. 

ആരെങ്കിലും കൈപിടിക്കാനുണ്ടെങ്കിൽ ആർക്കും ഒറ്റയാൾ പോരാട്ടങ്ങൾ നടത്തേണ്ടി വരില്ല. തനിച്ചായി എന്ന തോന്നലുണ്ടാകുമ്പോഴാണ് തന്റേടം നശിക്കുന്നതും തകരുന്നതും. ‘അത്താഴ പഷ്ണിക്കാരുണ്ടോ’ എന്ന ചോദ്യം വയറു നിറയ്ക്കാൻ വേണ്ടി മാത്രമല്ല, മനസ്സു തകരാതിരിക്കാൻ വേണ്ടിക്കൂടിയാണ്.

English Summary : Subhadhinam - Food for thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com