ADVERTISEMENT

‘നിങ്ങളുടെ മുന്നിൽനിന്നു മറഞ്ഞതുപോയവനെപ്പറ്റി ഓർക്കുമ്പോൾ കണ്ണുകളിൽ നനവു പടരുന്നുണ്ടെങ്കിൽ  സന്തോഷിക്കുക മിത്രമേ, അവൻ ദൂരെയല്ല നിങ്ങളുടെ കൂടെത്തന്നെയുണ്ട്.’ ടോണി ജോസിന്റെ  ഫേസ്ബുക്കിൽ വിക്ടറുടെ ചിത്രം കണ്ടപ്പോൾ അഹ്‌മദ്‌  ഫറാസ് കുറിച്ച വരികൾ മനസ്സിൽ തെളിഞ്ഞുവന്നു. അടുത്തു വന്നവരെയെല്ലാം അടുപ്പക്കാരാക്കിയ മാറ്റിയ വിക്ടർ ജോർജ് ഒരുപാടു പേരുടെയുള്ളിൽ ഇന്നും ചോരപൊടിഞ്ഞു നിൽക്കുന്ന വേദനയാണ്. ഞാൻ  ഓർക്കുന്നു, കനത്തമഴയിലും വിക്ടറിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കേ  'ഭാഷാപോഷിണി'യിലെ വേണുഗോപാൽ പറഞ്ഞ വാക്കുകൾ. ‘ഇങ്ങനെ വെപ്രാളപ്പെടേണ്ട ഒരു കാര്യവുമില്ല. നോക്കിക്കോ, രണ്ടുദിവസം കഴിയുമ്പോ അവനിങ്ങു വരും...’. പത്തൊൻപതു വർഷങ്ങൾക്കുശേഷവും, ഉള്ളിലെ സംഘർഷത്തെ മറച്ചുപിടിക്കാൻ വേണു നിർമിച്ചെടുത്ത ഈ വാക്യം നൽകിയ പ്രതീക്ഷ കൊണ്ടുനടക്കുന്ന സഹപ്രവർത്തകരുണ്ട്. സ്നേഹിതരുണ്ട്.  അവരുടെ ഹൃദയങ്ങളിൽ വിക്ടറിനു മരണമില്ല.

 

കോട്ടയത്തു താമസിച്ചിരുന്നപ്പോൾ പുഷ്പ മനോരമ കുടുംബത്തിൽ അംഗമായിരുന്നതുകൊണ്ടും ആ സ്ഥാപനത്തിൽ എനിക്കു  നിറയേ സുഹൃത്തുക്കളുണ്ടായി. അവരിൽ ഒരാളായി വിക്ടറും. ഞാൻ ചെല്ലുമ്പോൾ മിക്കവാറും ദിവസങ്ങളിൽ വിക്ടർ ഓഫീസിലുണ്ടാകും. വിക്ടറെ കടന്നുമാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ എന്ന തരത്തിലായിരുന്നു ഇരിപ്പിടം. അദ്ദേഹം ഇരുന്നും ഞാൻ നിന്നും കുറേനേരം നാട്ടുവർത്തമാനങ്ങൾ പറയും. ചിലപ്പോൾ പത്രത്തിലെ ആവശ്യത്തിനുവേണ്ടിയല്ലാതെ എടുത്തിട്ടുള്ള ചിത്രങ്ങൾ കാണിച്ചുതരും. റോഡിൽ വീണുകിടക്കുന്ന ഒരു കൂറ്റൻ വാകമരത്തിന്റെ ചിത്രം പ്രത്യേകമായി ഓർക്കുന്നു. ഒടിഞ്ഞു തൂങ്ങിയ ഭാരിച്ച ശിഖരങ്ങളിലൂടെ കണ്ണുകൾ സഞ്ചരിച്ചപ്പോൾ, അതിനടിയിൽ ചിതറിക്കിടക്കുന്ന ചുവന്ന പൂക്കളെ വിക്ടർ വിരൽ തൊട്ടുകാണിച്ചു, 'ഇതു കണ്ടില്ലേ, ഇതല്ലേ കാണണ്ടത് ?' വിക്ടറുടെ  ധ്വനിസാന്ദ്രമായ ചെറിയ വാക്കുകൾ ഏതു ദൃശ്യത്തിനു മുന്നിൽ നിൽക്കുമ്പോഴും വലിയ ഓർമപ്പെടുത്തലായി ഇപ്പോഴും എന്നോടൊപ്പമുണ്ട് .

 

ഇതിനിടെ എനിക്കു  സാക്ഷരതാ മിഷനിൽ എഡിറ്ററായി ജോലികിട്ടി. പഠിതാക്കൾക്കുവേണ്ടി ലളിതമായ ഭാഷയിൽ പുസ്തകങ്ങൾ തയ്യാറാക്കണം. ഉള്ളടക്കം മാത്രമല്ല, പുറംചട്ടയും അച്ചടിയും വിതരണവുംവരെ എന്റെ ചുമതലയിൽ. പ്രൊഫസർ  ഗുപ്തൻനായരുടെ മകൻ ശശിഭൂഷൺ സാറായിരുന്നു മേധാവി. ഒരു ദിവസം അദ്ദേഹം ഒരു കയ്യെഴുത്തു പ്രതി എന്നെ ഏൽപ്പിച്ചു - കുളങ്ങളുടെ സംരക്ഷണം. ‘ഇതിനൊരു നല്ല കവർഫോട്ടോ കൊടുക്കണം, കാണുമ്പോൾതന്നെ  ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യണം’. സാർ എടുത്തുപറഞ്ഞു. വാരാന്ത്യത്തിൽ കോട്ടയത്തു വന്നപ്പോൾ വർത്തമാനത്തിനിടെ വാരികയിലെ എം.എസ്. ദിലീപിനോടു ചോദിച്ചു, ‘ഇവിടെ അടുത്തെവിടെയെങ്കിലും കുളമുണ്ടോ ?’ അപ്പോൾ അതിലെ കടന്നുവന്ന വിക്ടറിനെ ചൂണ്ടി ദിലീപ് പറഞ്ഞു, ‘ദേ, ഇങ്ങോട്ടു ചോദിച്ചോ, ഇദ്ദേഹത്തിനറിയാത്ത കുളവും കായലുമൊന്നുമില്ല'. വിക്ടർ കയ്യിലിരുന്ന കാലൻകുട ദിലീപിനു നേരേ വീശി. ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിക്ടർ വാഗ്ദാനം തന്നു, 'ഒരു കുളമല്ലേ, വഴിയുണ്ടാക്കാം’

 

ദിവസങ്ങൾ കടന്നുപോയി. ഇതിനിടെ വിക്ടർ രണ്ടു പടങ്ങൾ തന്നു. അതു പക്ഷേ സങ്കൽപിച്ചതുപോലെ ഒത്തുവന്നില്ല. എങ്കിൽ വേറെ എടുക്കാം എന്നായി വിക്ടർ. ഞാൻ കൂടെക്കൂടെ  ഓർമിപ്പിച്ചുകൊണ്ടിരുന്നു. ‘ഒക്കെ ശരിയാക്കാം ശരിയാക്കാം’ എന്നു പറയുന്നതല്ലാതെ കാര്യം നടക്കുന്നില്ല. ഒരു വൈകുന്നേരം വിക്ടർ പറഞ്ഞു, ’ഒരു കുളം കണ്ടുകിട്ടിയിട്ടുണ്ട്. രാവിലെ  ഇങ്ങു പോര്. എടുത്തേക്കാം’. പത്തുമണിയോടെ കഞ്ഞിക്കുഴിയിൽ എത്തി- അതോ ഇറഞ്ഞാലിലോ ! നിശ്ചയം പോര. ഏതായാലും കുറേ ഉള്ളിലേക്കു ചെന്നപ്പോൾ ഒരു വലിയ പറമ്പു കണ്ടു. വടക്കേ മൂലയിൽ പായൽ മൂടിയ നിലയിൽ  ഒരു പഴയ  കുളവും. ഇറങ്ങാൻ വെട്ടുകല്ലുകെട്ടിയ പടവുകൾ. ഞങ്ങളെങ്ങനെ കുളവുംനോക്കി നിന്നപ്പോൾ ‘എന്താ എന്താ...’ എന്നു ചോദിച്ചുകൊണ്ട് പരിസരവാസിയായ ഒരു കാർന്നോർ കയറിവന്നു. ’ചുമ്മാ ഒരു കൊളം തപ്പി വന്നതാ..’. ഫോട്ടോ എടുക്കാൻ ഉചിതമായ ആംഗിൾ തിരയുന്നതിനിടെ വിക്ടർ അലസമായി മറുപടി കൊടുത്തു. ‘എന്തിനാ  എന്തിനാ..’  കാർന്നോർ വിടാൻ  ഒരുക്കമല്ല.  

 

ഇനി അവർ തമ്മിലുണ്ടായ രസകരമായ സംഭാഷണത്തിലേക്കു പോകാം.

 

‘തനിക്ക്  ഈ പറമ്പ് വാങ്ങാൻ വല്ല ഉദ്ദേശം ഒണ്ടോ?’

‘പറമ്പ് വേണ്ട, കൊളം മതി.’

‘അങ്ങനെ  കൊളംമാത്രം വിക്കാൻ പറ്റില്ല.’

‘എനിക്ക് കൊളംമാത്രം മതി.’

‘കൊളം വാങ്ങീട്ട് താൻ വീട്ടിൽ കൊണ്ടുപോകുവോ?’

‘വാങ്ങിച്ചാ കൊണ്ടുപോകും, അവിടെ വെള്ളത്തിന് കുറച്ചു ബുദ്ധിമുട്ടുണ്ട്. പിന്നെ തോന്നുമ്പോ ഇറങ്ങി കുളിക്കാല്ലോ.’

വിക്ടറിന്റെ കളി കാർന്നോർക്കു കാര്യമായി.

 

‘കൊളം താൻ എങ്ങനെ കൊണ്ടുപോകും ?’

‘വല്യ ബുദ്ധിമുട്ടാ, എന്നാലും പീസുപീസാക്കി വണ്ടിയിൽകേറ്റി കൊണ്ടുപോകും, അല്ലേ ?’

വിക്ടർ എന്നെ നോക്കി ചോദിച്ചു. ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചില്ല, അറഞ്ഞു ചിരിച്ചു. അതോടെ ചുണ്ടിൻകീഴിൽ എന്തോ ചൊറുചൊറാ പുലമ്പി കാർന്നോർ തിടുക്കത്തിൽ നടന്നുപോയി. കുളത്തിന്റെ  കുറച്ചു  ചിത്രങ്ങൾ  എടുത്തശേഷം ഞങ്ങൾ മനോരമയിലേക്കും മടങ്ങി.

 

നാലഞ്ചു  ദിവസം കഴിഞ്ഞപ്പോൾ വിക്ടർ പടങ്ങൾ തന്നു. നേരിൽ  കണ്ടതിലും എത്രയോ  മനോഹരം! ഗംഭീര കോമ്പോസിഷൻ. ശശിഭൂഷൺ സാറിനും ഇഷ്ടമായി, ‘നൊസ്റ്റാൾജിയ നല്ലതുപോലെ വന്നിട്ടുണ്ട്’. ഈ അഭിപ്രായം ഞാൻ വിക്ടറിൽ എത്തിച്ചപ്പോൾ ‘അങ്ങനെ വരാതിരിക്കാൻ വഴിയില്ലല്ലോ...’ എന്നായിരുന്നു പ്രതികരണം. വൈകാതെ  വിക്ടർ  എടുത്തുതന്ന  കവർചിത്രവുമായി പുസ്തകം പുറത്തുവന്നു. ഉചിതമായ പ്രതിഫലം വിക്ടറിനു നൽകാനുള്ള ശുപാർശ ഫയലിൽ ഞാൻ എഴുതിയിട്ടു. അംഗീകാരവും കിട്ടി. പക്ഷേ രൂപ വാങ്ങാൻ വിക്ടർ തയ്യാറായില്ല. ‘എഴുത്തും വായനയും പഠിക്കുന്നവർക്കുള്ള ബുക്കല്ലേ, ഇതെന്റെ വക ഫ്രീ.  ബുക്ക് വായിക്കുന്നവർ ചുമ്മാ എന്നേംകൂടി ഓർക്കട്ടെ സാർ. അതു മതി..’ വിക്ടറുടെ വാക്കുകൾ പാഴായില്ല. 

 

രണ്ടു പതിറ്റാണ്ടുകൾ  കഴിഞ്ഞിട്ടും കേരളത്തിലെ  തുടർവിദ്യാകേന്ദ്രങ്ങൾ ഈ പുസ്തകം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പുറംചട്ടയുടെ ദൃശ്യഭംഗിയിൽ സന്തോഷം കൊള്ളുന്നവർ മറിച്ചുനോക്കുമ്പോൾ  ഉള്ളിൽ എഴുതിവച്ചിരിക്കുന്നതു  കാണും, കവർ ഫോട്ടോ - വിക്ടർ ജോർജ്.

 

(ലേഖകൻ ചലച്ചിത്രഗാനരചയിതാവും ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്)

English Summary : Photographer Victor George Memoir by Dr.Madhu Vasudevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com