ADVERTISEMENT

സൗഹൃദങ്ങളുടെ പ്രളയത്തിൽ ജീവിക്കുന്ന ഒരാൾ. ആകാശത്തോളം വളർന്ന മഹാവൃക്ഷങ്ങൾക്കിടയിൽ പടർന്നു ജീവിക്കുമ്പോഴും സ്വന്തം ചെറിയ ലോകത്തു സന്തോഷത്തോടെ 84 വർഷം പിന്നിടുന്നു. സുഗന്ധിയായ പൂക്കൾ വിടർത്തുന്ന ജീവിതം. 

 

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ജന്മനാളനുസരിച്ച് ഇന്ന് 84 വയസ്സു തികയുന്നു; ജനനത്തീയതി അനുസരിച്ച് നാളെയും. പത്രപ്രവർത്തനം, സാഹിത്യം, കല, സിനിമ, ഗാനരചന, അഭിനയം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്വന്തം മുദ്രയുള്ള മാല ചാർത്തിയ ജീവിതം. ഈ മനുഷ്യന്റെ സൗഹൃദ പട്ടിക കണ്ടാൽ ഞെട്ടിപ്പോകും. വിരൽത്തുമ്പുകൊണ്ടു ലൈക്കടിച്ചു സുഹൃത്തുക്കളെ ഉണ്ടാക്കുന്ന കാലമല്ല അന്ന്. സൗഹൃദം ഖനനം ചെയ്തെടുക്കേണ്ട കാലമാണ്. ചൊവ്വല്ലൂർ സൗഹൃദ സ്വർണഖനിയിലെ മുതലാളിയാണ്.

 

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, തൃത്താല കേശവ പൊതുവാൾ, ജോസഫ് മുണ്ടശ്ശേരി, രാമു കാര്യാട്ട്, സി.അച്യുത മേനോൻ, അക്കിത്തം, കലാമണ്ഡലം ഗോപി, കോട്ടയ്ക്കൽ ശിവരാമൻ, അപ്പുക്കുട്ടി പൊതുവാൾ, വള്ളത്തോളിന്റെ ഭാര്യ മാധവിയമ്മ, പി.കുഞ്ഞിരാമൻ നായർ, വികെഎൻ, ആഞ്ഞം മാധവൻ നമ്പൂതിരിപ്പാട്, പ്രേംനസീർ, ശോഭന പരമേശ്വരൻ നായർ, സലിൽ ചൗധരി, മാധവിക്കുട്ടി, പി.ഭാസ്കരൻ, ജോൺ ഏബ്രഹാം, നവാബ് രാജേന്ദ്രൻ, എം.ടി.വാസുദേവൻ നായർ... അങ്ങനെ നീണ്ടു പോകുന്ന പട്ടിക. എവിടെച്ചെന്നുപെട്ടാലും കിടക്കാൻ മുറി വാടകയ്ക്കെടുക്കേണ്ട എന്നു പറയാം.

മധു സംവിധാനം ചെയ്ത് 175 ദിവസം ഓടി ചരിത്രം സൃഷ്ടിച്ച ‘പ്രഭാതസന്ധ്യ’യുടെ തിരക്കഥ എഴുതിയത് ചൊവ്വല്ലൂരാണ്. ഹരിഹരന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സർഗത്തിനു സംഭാഷണമെഴുതിയതും ചൊവ്വല്ലൂരാണ്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം’ എന്ന ഗാനം ചൊവ്വല്ലൂർ എഴുതിയതാണ്. മൂന്നര പതിറ്റാണ്ടിനു ശേഷവും ഈ ഗാനം മലയാളിക്കു നാമജപം പോലെ കൂടെയുണ്ട്. ശബരിമല സീസൺ തുടങ്ങിയാൽ വഴി നീളെ കേൾക്കുന്ന ‘ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം’ എന്ന ഗാനവും ഇദ്ദേഹത്തിന്റേതാണ്. അങ്ങനെ എന്നും കുളിച്ചു കുറിതൊട്ടു നിൽക്കുന്ന എത്രയോ ഭക്തിഗാനങ്ങൾ.

പല പ്രമുഖ സാഹിത്യകാരന്മാരും എഴുതാനിടയുള്ള വരികൾ അവരുടെ അതേ ശൈലിയിലും ഭാഷയിലും എഴുതി (സാഹിത്യ മിമിക്രി) ചൊവ്വല്ലൂർ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാലു പതിറ്റാണ്ടോളം മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന ചൊവ്വല്ലൂർ അസിസ്റ്റന്റ് എഡിറ്ററായാണു വിരമിച്ചത്. ഗുരുവായൂരിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ഓർമകളിലൂടെ: 

വലിയ സൗഹൃദ വലയത്തിലൂടെയാണു താങ്കൾ യാത്ര ചെയ്യുന്നത്. എന്തെങ്കിലും വലിയ ഓർമകൾ.

സൗഹൃദങ്ങളെല്ലാം വന്നു ഭവിച്ചതാണ്. ഓരോരുത്തരുമായും അടുപ്പം വളർന്നതല്ലാതെ തളർന്നിട്ടില്ല. തൃത്താല കേശവ പൊതുവാളുമായുള്ള സൗഹൃദം കുട്ടിക്കാലത്തു ഗുരുവായൂരിലെ കഴകക്കാർ എന്ന നിലയിൽ തുടങ്ങിയതാണ്. 

മരണത്തിനു ശേഷവും അതു വളരുകയായിരുന്നു. അദ്ദേഹത്തിന്റെ വളർച്ച കൂടെനിന്നു കണ്ട ആളാണു ഞാൻ. 

കലാമണ്ഡലം ഗോപിയുമായി പഠിക്കുന്ന കാലത്തു കലാമണ്ഡലത്തിൽ തുടങ്ങിയ ബന്ധമാണ്. ഒരു മുറിയിൽ കുളിച്ചുറങ്ങിയ ബന്ധം. ഗോപി ഇന്നു വീട്ടിലെ അംഗമാണ്. മുണ്ടശ്ശേരി മാഷിനും എംആർബിക്കും സി. അച്യുത മേനോനും എന്നെ ഇഷ്ടമായിരുന്നു. 

ഭാരതപ്പുഴയുടെ തീരത്തു വള്ളത്തോളിന്റെ സംസ്കാരത്തിനു  വൈകിയെത്തിയ മുഖ്യമന്ത്രി സി.അച്യുത മേനോൻ വികാരഭരിതനായി പരസ്യമായി മാപ്പു ചോദിച്ചതു മറക്കാനാകില്ല. ഞാൻ യാത്ര ചെയ്തതെല്ലാം വലിയ മനുഷ്യന്മാരുടെ നിഴലിലാണ്. അതു ഗുരുവായൂരപ്പൻ തന്ന ഭാഗ്യം.

സൂപ്പർ ഹിറ്റായ പ്രഭാത സന്ധ്യ എന്ന സിനിമയ്ക്കു ശേഷം എന്തുകൊണ്ടു തിരക്കഥ എഴുതിയില്ല? 

സിനിമക്കാർക്കു പലപ്പോഴും മറ്റുള്ളവരുടെ സമയത്തിന്റെ വിലയറിയില്ല. അവർക്കു തോന്നുമ്പോൾ വിളിക്കും. നാം അവിടെ പോയി കാത്തിരിക്കണം. നാലും അഞ്ചും ദിവസം ഒരു പണിയുമില്ലാതെ കയിലും കുത്തി കാത്തിരുന്നിട്ടുണ്ട്. അവസാനം തീരുമാനിച്ചു, ഇതു പറ്റിയ പണിയല്ലെന്ന്. എന്റെ ജീവിതം പത്രപ്രവർത്തനം തന്നെയായിരുന്നു. പറ്റുന്ന ചിലരുമായി പിന്നീടു സഹകരിച്ചു സിനിമ എഴുതിയിട്ടുണ്ട്.

മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിരുന്നു? 

മുണ്ടശ്ശേരി മാഷും എംആർബിയും എന്നെ കേട്ടെഴുത്തുകാരനായി കണ്ടിരുന്നു. എത്രയോ ലേഖനങ്ങൾ എഴുതിയെടുത്തതു ഞാനാണ്. അതിനായി അവർക്കൊപ്പം എത്രയോ യാത്രകൾ ചെയ്തു. 

അവരുടെ സംസാരം കേട്ടു, പ്രസംഗം കേട്ടു, ജീവിതം കണ്ടു. കാവാലം, കുട്ടിക്കൃഷ്ണ മാരാർ, ഒളപ്പമണ്ണ, എംആർബി, രാമു കാര്യാട്ട് തുടങ്ങിയവർക്കൊപ്പമുള്ള യാത്രകളാണ് എന്നെ ഞാനാക്കിയത്.

കമ്യൂണിസ്റ്റുകാരനായി അവിഭക്ത പാർട്ടിയുടെ പത്രമായ നവജീവനിൽ പത്രാധിപരായാണു ജീവിതം തുടങ്ങുന്നത്. പക്ഷേ ഇപ്പോഴെത്തിനിൽക്കുന്നതു പരമ ഭക്തനിലും.  ഇതെങ്ങനെ സംഭവിച്ചു ? 

മുത്തശ്ശി വിവാഹം ചെയ്തതു പരമ സ്വാത്വികനായ ഒരു തന്ത്രിയെയാണ്. അവിടെനിന്നു വന്നതാകാം ജീവിതത്തിന്റെ ജീൻ. ശരിക്കു നോക്കിയാൽ ഇതൊന്നും വലിയ അകലത്തിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ. എല്ലാം സമർപ്പണമാണ്. എത്രയോ പേർ പുത്ര വാത്സല്യത്തോടെയും സഹോദര സ്നേഹത്തോടെയും എന്നെ കൂടെ നിർത്തി. അതുതന്നെയാണു മോക്ഷം.

 

English Summary: Talk with Chowalloor Krishnankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com