ADVERTISEMENT

വിയന്നയില്‍ 60 അപാര്‍ട്മെന്റുകളില്‍ മാറി മാറി താമസിക്കേണ്ടിവന്ന ഒരു മനുഷ്യന്‍. അവയൊന്നും അയാളുടെ സ്വന്തമല്ലായിരുന്നു. ചില സമയത്ത് അയാള്‍ക്ക് ഒരു താമസയിടം പോലുമുണ്ടായിരുന്നില്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അയാള്‍ മാറിക്കൊണ്ടിരുന്നു. അയല്‍ക്കാരുടെ പരാതി തന്നെയായിരുന്നു കാരണം. ശബ്ദം, ബഹളം, അട്ടഹാസം, ചെവി തുളയ്ക്കുന്ന ഒച്ച, അസഹനീയ ശബ്ദ കോലാഹലങ്ങള്‍. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് 60 വീടുകള്‍ മാറിത്താമസിക്കേണ്ടിവന്ന മനുഷ്യന്‍ ഇന്ന് ഒരു ദൈവം തന്നെയാണ് പലര്‍ക്കും. സാഹിത്യത്തില്‍ വില്യം ഷേക്സ്പിയറിനു സമാനമാണ് സംഗീതത്തില്‍ ആ മനുഷ്യന്റെ സ്ഥാനം. ശബ്ദങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അനശ്വരമായ ഈണങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സൃഷ്ടിച്ചുകൊണ്ടിരുന്ന ബിഥോവന്‍. സിംഫണികളുടെ തമ്പുരാന്‍. ജീവിച്ചിരുന്നപ്പോള്‍, താമസിച്ച ഓരോ വീട്ടില്‍നിന്നും ആട്ടിയിറക്കപ്പെട്ട ബിഥോവന്‍ വീണ്ടും വിരുന്നുമുറികളിലേക്ക് എത്തുകയാണ്; ഒരു ജീവചരിത്രത്തിന്റെ രൂപത്തില്‍. ബിഥോവന്‍: എ ലൈഫ് ഇന്‍ നയന്‍ പീസസ്. ഓക്സ്ഫഡിലെ ഗവേഷക ലോറ ടേണ്‍ബ്രിഡ്ജിന്റെ കഠിന സാധനയുടെ സാക്ഷാത്കാരം.

 

19-ാം നൂറ്റാണ്ട് ഇന്ന് ഓര്‍മിക്കപ്പെടുന്നത് ബിഥോവന്‍ ജീവിച്ചിരുന്നത് ആ കാലത്തായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. ഒരു നൂറ്റാണ്ടിനെ സ്വന്തം സ്വരശുദ്ധിയോടു ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളാണ് പുതിയ ജീവചരിത്രത്തിന്റെ ഉള്ളടക്കം. 

 

ബിഥോവനെക്കുറിച്ചു പുസ്തകങ്ങള്‍ ഇതാദ്യമല്ല. ജീവചരിത്രങ്ങള്‍ തന്നെ ഒട്ടേറെ. സിനിമകള്‍ വേറെ. വീണ്ടും പുതിയൊരു ജീവിതകഥയുടെ സാംഗത്യം അന്വേഷിക്കുന്നവരെ അദ്ഭുതപ്പെടുത്തുകയാണ് ലോറ. സംഗീത ചക്രവര്‍ത്തിയുടെ കഥ സംഗീതത്തിലൂടെ തന്നെ പറയുകയാണ്. ഇതുവരെ ആരും പറയാത്ത ശ്രുതിയില്‍. 

 

ബിഥോവന്‍ മരിച്ച് രണ്ടു ദശകങ്ങള്‍ക്കുശേഷമാണ് ലോറയുടെ ജീവചരിത്രം തുടങ്ങുന്നത്. ജര്‍മനിയിലെ ബോണില്‍ വിഖ്യാത സംഗീതകാരന്റെ പേരില്‍ ആദ്യത്തെ സ്മാരകം ഉയര്‍ന്നുതുടങ്ങുമ്പോള്‍. കഥ അവസാനിക്കുന്നത് 2019 ല്‍. ജര്‍മനിയിലെ ബോണില്‍ വിവിധയിടങ്ങളില്‍ ബിഥോവന്റെ 700 പ്രതിമകള്‍ ഉയര്‍ത്തപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ഒമ്പതാം സിംഫണിയുടെ ഓര്‍മയില്‍. നൂറ്റാണ്ടുകളിലൂടെ അദ്ദേഹം നേടിയ കീര്‍ത്തിയുടെ വിളംബരത്തില്‍.

 

ഒരു കലാകാരന്റെ ഏറ്റവും വലിയ വെല്ലുവിളി ഓരോ ദിവസവും എങ്ങനെ ജീവിക്കും എന്നതുതന്നെയാണ്. 19-ാം നൂറ്റാണ്ടിലും 21-ാം നൂറ്റാണ്ടിലും അതിനു വ്യത്യാസമില്ല. വിശപ്പടക്കാന്‍ വേണ്ടിയുള്ള നിത്യാഭ്യാസങ്ങള്‍, സര്‍ഗാത്മകകതളുടെ ഉള്‍വിളികൾ, പരസ്പര ഭിന്നമായ ജീവിതവും കലയും കൂടി ഇണക്കിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍. ബിഥോവന്റെ ജീവിതവും വ്യത്യസ്തമായിരുന്നില്ല.

 

നഷ്ടപ്പെടുന്ന കേള്‍വിയെക്കുറിച്ചുള്ള ആശങ്കയും നിരാശയും അദ്ദേഹത്തിന്റെ സ്വഭാവത്തെ അസഹനീയമാക്കിക്കൊണ്ടിരുന്നു. സഹായികളോടു കയര്‍ക്കുന്നത് പതിവായി. ഒച്ചയുയര്‍ത്തി സംസാരിക്കുന്നത് സ്ഥിരമായി. അദ്ദേഹം താമസിക്കുന്നയിടങ്ങളില്‍നിന്ന് ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു. അയല്‍വക്കത്ത് മറ്റാര്‍ക്കും താമസിക്കാനാവാത്ത രീതിയില്‍. അതിനിടെ ശ്രദ്ധിച്ചിരുന്നാല്‍ മാത്രം കേള്‍ക്കാമായിരുന്നു അദ്ദേഹത്തിന്റെ സിംഫണികളുടെ സ്വരശുദ്ധി. ആ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളല്ലെങ്കിലും ബിഥോവന്റെ ഈണം ലോറയുടെ വാക്കുകളിലുണ്ട്. അതിനു തെളിവാണ് 288 പേജ് മാത്രമുള്ള ഈ ജീവചരിത്രം. മഹാഗായകന്റെ ജീവിതത്തിന്റെ നേര്‍ച്ചിത്രം. വാക്കുകള്‍ കടഞ്ഞെടുത്ത പാട്ടിന്റെ വാതായനങ്ങള്‍. 

 

English Summary: Beethoven: A Life in Nine Pieces by Laura Tunbridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com