sections
MORE

കോടികളുടെ കിലുക്കവും വെള്ളിത്തിരയുടെ തിളക്കവുമുള്ള സിനിമാലോകത്തെ എംടി

HIGHLIGHTS
  • എംടിക്ക് ഇന്നു പിറന്നാൾ
MT-VASUDEVAN-NAIR-1
എം.ടി. വാസുദേവൻ നായർ
SHARE

സിനിമ ആരുടെ കലയാണെന്ന ചോദ്യത്തിന് സിനിമയോളം തന്നെ പഴക്കമുണ്ട്. സംവിധായകന്റെ, താരങ്ങളുടെ, പണം മുടക്കുന്ന നിര്‍മാതാവിന്റെ, ക്യാമറ ചലിപ്പിക്കുന്ന കലാകാരന്റെ... 

അവകാശവാദങ്ങള്‍ തിയറ്ററില്‍ തീരാത്ത സിനിമ പോലെ തുടരുമ്പോഴും പുതിയ സിനിമ വ്യക്തിയുടെ കല എന്നുറച്ചു വിശ്വസിച്ച ഒരു കഥാകാരനും സംവിധായകനും മലയാളത്തിലുണ്ട്. കവിതയെഴുതുന്നതുപോലെ, ചിത്രം വരയ്ക്കുന്നതുപോലെ സിനിമ സൃഷ്ടിച്ച എഴുത്തുകാരന്‍. മലയാളത്തിന്റെ സ്വന്തം എംടി. അക്ഷര സാമ്രാജ്യത്തില്‍ സമാനതകളില്ലാത്ത സിംഹാസനത്തിലാണ് അദ്ദേഹമെങ്കില്‍ പണം വാരുന്ന, കോടികളുടെ കിലുക്കമുള്ള വെള്ളിത്തിരയുടെ തിളക്കമുള്ള ലോകത്തിലും അനന്യനാണ് എംടി. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നടിയ നിര്‍മ്മാല്യം മുതലുള്ള ചിത്രങ്ങള്‍ തന്നെ തെളിവ്. കഥാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, തിരക്കഥാകാരന്‍ എന്ന നിലയും കടന്ന് സംവിധായകനായും കഴിവു തെളിയിച്ചപ്രതിഭാശാലി. 

സാഹിത്യത്തിലെ അപൂര്‍വ വിജയം സിനിമയിലും ആവര്‍ത്തിക്കാന്‍ എംടിയെ സഹായിച്ചത് രണ്ടു മാധ്യമങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ്. സര്‍വ സാധാരണമായ വാക്കുകളും ചെറിയ വാചകങ്ങളും കൊണ്ട് സാഹിത്യത്തില്‍ അദ്ദേഹം സൃഷ്ടിച്ചത് അതുല്യമായ ലോകം. എല്ലാര്‍ക്കുമറിയാവുന്ന , പരിചിതമായ വാക്കുകള്‍ തന്നെ എംടി അടുക്കി വയ്ക്കുമ്പോള്‍ അവയ്ക്ക് അഴക് ഒന്നു വേറെയാണ്. അവ നല്‍കുന്ന അര്‍ഥം മറ്റൊന്നാണ്. സൃഷ്ടിക്കുന്ന അനുഭൂതി വേറിട്ടത്. മറ്റൊരു ലോകത്തിലെത്തിയ പ്രതീതിയാണ് പെട്ടെന്നുണ്ടാകുന്നത്. അവിടെ ഓരോരുത്തരും അവരവരെത്തന്നെ കണ്ടു ഞെട്ടുന്നു. തിരിച്ചറിയുന്നു. 

എന്നാല്‍ സിനിമ മറ്റൊരു മാധ്യമമാണ്. കലയാണ്. അവിടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ വാക്കുകള്‍ പോരാ. വാക്കുകളുടെ പ്രത്യേക താളം പോരാ. അവിടെ ദൃശ്യങ്ങളാണു വേണ്ടത്. സ്വയം സംസാരിക്കുന്ന ദൃശ്യങ്ങള്‍. ആഴത്തില്‍ തറയ്ക്കുന്ന അമ്പുകള്‍ പോലെ പ്രേക്ഷകന്റെ നെഞ്ചില്‍ തറയ്ക്കുന്ന രംഗങ്ങള്‍. സാഹിത്യത്തിലെ നിത്യഹരിത നായകനായ എംടി ക്യമറയ്ക്കു പിന്നില്‍ നിന്നപ്പോള്‍ ദൃശ്യകലയിലും താന്‍ മറ്റാരുടെയും പിന്നിലല്ലെന്നു തെളിയിച്ചു. അതിനുപിന്നില്‍ സിദ്ധിയും സാധനയുമുണ്ട്. 

ഷേക്സ്പിയറിനെപ്പോലെ ബെര്‍ഗ്മാനെയും ആദരിക്കാനുള്ള അന്തര്‍ജ്ഞാനമുണ്ട്. ബെര്‍ണാഡ് ഷായെപ്പോലെ കുറസോവയെയും മനസ്സിലാക്കാനുള്ള സഹൃദയത്വമുണ്ട്. മരണം കറുത്ത ഉടയാടയണിഞ്ഞ് ഭടനുമായി ചതുരംഗം കളിക്കുന്ന രംഗം സങ്കല്‍പിച്ച ബെര്‍ഗ്മാന്‍ മഹാകവി തന്നെ എന്നാണ് എംടി പറയുന്നത്. കുറസോവയുടെ ‘ഇക്കിറു’ മറ്റേതു ദുരന്ത നാടകത്തേക്കാളും ശക്തിയായി വായനക്കാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 

എംടിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കഥയാണ് പള്ളിവാളും കാല്‍ച്ചിലമ്പും. ഇതേ കഥയുടെ ദൃശ്യാവിഷ്കാരമായ നിര്‍മാല്യം സംവിധാനം ചെയ്തതും എംടി തന്നെ. പള്ളിവാളും കാല്‍ച്ചിലമ്പും വായനക്കാര്‍ക്കു സമ്മാനിക്കുന്ന അസ്വസ്ഥതയല്ല നിര്‍മാല്യം പ്രേക്ഷകര്‍ക്കു നല്‍കിയത്. അതു രണ്ടു മാധ്യമങ്ങള്‍ ഹൃദയങ്ങളുമായി സംവദിക്കുന്ന വൈകാരികതയുടെ വ്യത്യാസം കൂടിയാണ്.

പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയുടെ അവസാനത്തില്‍ വെളിച്ചപ്പാട് മൂശാരി നാണുവിന്റെ പുരയിലേക്കു കയറിച്ചെല്ലുകയാണ്. വെളിച്ചപ്പാടിനെ കണ്ടപ്പോള്‍ നാണു ബഹുമാനത്തോടെ എണീറ്റുനില്‍ക്കുന്നു. 

‘എന്താണാവോ ഈ വഴിക്ക് ?’ 

‘ പഴേ ഓടിന് എന്തു വിലയുണ്ട് ?’ 

‘റാത്തലിന് രണ്ടര ഉറുപ്പിക വച്ചിട്ടാ അട്യേന്‍ വാങ്ങണ്’. 

‘ന്നാ ഇതൊക്കെ തൂക്കി ഒന്ന് കണക്കാക്ക്’. 

മൂശാരി അമ്പരന്നുപോയി. ഭഗവതിയുടെ പള്ളിവാളും കാല്‍ച്ചിലമ്പുമാണ്. 

ആ വാചകത്തില്‍ എംടി നിര്‍ത്തുകയാണ്. പള്ളിവാള്‍ പിന്നെയും ഉയരുന്നുണ്ട്. കാല്‍ച്ചിലമ്പ് കലമ്പുന്നുണ്ട്. അതു വായനക്കാരുടെ മനസ്സിലാണ്. അതിനവസാനമില്ല. 

എംടി തന്നെ ഇതേ കഥ നിര്‍മാല്യമാക്കി എഴുതിയപ്പോള്‍ അദ്ദേഹം സ്വീകരിച്ചത് മറ്റൊരു ക്ലൈമാക്സ്. 

അമ്പല നടയില്‍ ആള്‍ക്കൂട്ടത്തിനു നടുവിലാണ് വെളിച്ചപ്പാട്. വിലക്കാന്‍ ശ്രമിക്കുന്ന കണ്ണുകളെ ഒരു നോട്ടം കൊണ്ടു മാറ്റിനിര്‍ത്തി തലയില്‍ വെട്ടുകയാണ് അയാള്‍. 

മേളം മുറുകുന്നു. പരിച കളിക്കാരുടെ താളം മുറുകുന്നു. തിരിയുഴിച്ചിലിന്റെ വേഗം കൂടുന്നു. 

ഒടുവില്‍ അമ്പലത്തിനകത്തേക്ക്. ആഞ്ഞുവെട്ടുന്ന വെളിച്ചപ്പാട്. കരിങ്കല്ലില്‍ തട്ടി വെളിച്ചപ്പാടിന്റെ വാള് മുറിയുന്നു. പള്ളിവാളിന്റെ പിടിയുമായി അയാള്‍ നടയില്‍ വീഴുന്നു. മഞ്ഞള്‍പ്പൊടിയും വെള്ളവുമായി വാരിയരും പരിചാരകന്‍മാരും വീണുകിടക്കുന്ന വെളിച്ചപ്പാടിന്റെ അടുത്തെത്തുന്നു. നിശ്ശബ്ദത. നിശ്ചലത. 

ഒരു കഥാപാത്രത്തില്‍നിന്ന് മറ്റൊരു കഥാപാത്രത്തിലേക്കു നടത്തിയ വിജയകരമായ പരകായപ്രവേശം പോലെ സാഹിത്യത്തില്‍നിന്നു സിനിമയിലേക്കും സിനിമയില്‍ നിന്നു സാഹിത്യത്തിലേക്കും സമാന്തരമായി സഞ്ചരിച്ചു എംടി. വഴിയറിയാതെയല്ല. ഇരുട്ടും വെളിച്ചവും ഉള്‍ക്കൊണ്ട്. നിഴലും നിലാവും ധ്വനിപ്പിച്ച്. നിളയുടെ ഓളങ്ങളില്‍ ഇടവിട്ടു കാണുന്ന രൂപങ്ങളും ഭാവങ്ങളും പോലെ വായനയുടെ സമൃദ്ധിയാണ് എംടി; കാഴ്ചയുടെ ഉത്സവവും. 

English Summary: M. T. Vasudevan Nair as a script writer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;