ADVERTISEMENT

കോവിഡ് വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നതിനിടെ, ഒരു ചൈനീസ് എഴുത്തുകാരിയുടെ പുസ്തകം വിവാദമാകുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രം എന്നറിയപ്പെടുന്ന വുഹാനില്‍ നിന്നുള്ള വാങ് ഫാങ്ങിന്റെ ഡയറിക്കുറിപ്പുകളാണ് ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. വുഹാനില്‍ കോവിഡ് കടന്നുവന്ന നാളുകളെക്കുറിച്ചുള്ള വാങ്ങിന്റെ സമൂഹ മാധ്യമ പോസ്റ്റുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ എത്തിയിരിക്കുന്നത്. രോഗത്തെക്കുറിച്ചും രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ചൈന ലോകത്തില്‍നിന്നു മറച്ചുവച്ചു എന്ന ആരോപണങ്ങള്‍ക്കു ശക്തി പകരുന്നതാണ് വാങ്ങിന്റെ ഡയറിക്കുറിപ്പുകള്‍. പുസ്തകം പുറത്തുവന്നതോടുകൂടി, തൂലികാ നാമത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന, പുരസ്കാര ജേതാവായ വാങ്ങിന്റെ ജീവിതം വീണ്ടും ദുരിതമയമായിരിക്കുന്നു. അധികാരികളുടെ കണ്ണ് രൂക്ഷമായിത്തന്നെ വാങ് ഫാങ് എന്ന എഴുത്തുകാരിയില്‍ കേന്ദ്രീകരിക്കുന്നു. 

 

കടുത്ത സെന്‍സര്‍ഷിപ് നിയമങ്ങള്‍ മറികടന്ന് മേയ് മാസത്തിലാണ് ഹാര്‍പര്‍ കോളിന്‍സ് വാങ്ങിന്റെ ‘വുഹാന്‍ ഡയറി’ ഇംഗ്ലിഷിലേക്ക് മൊഴി മാറ്റി പ്രസിദ്ധീകരിച്ചത്. 

 

വുഹാനിലാണ് ഇപ്പോള്‍ 65 വയസ്സുള്ള വാങ് ജനിച്ചതും ജീവിക്കുന്നതും. ഫാങ് ഫാങ് എന്ന തൂലികാനാമത്തിലാണ് അവര്‍ നിരന്തരമായി എഴുതുന്നത്; നോവലുകളും ലേഖനങ്ങളും. തൊഴിലാളികളാണ് മിക്ക കൃതികളിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. കഴിഞ്ഞ 30 വര്‍ഷമായി ലിറ്റററി ആര്‍ട്സ് ഫെഡറേഷന്‍ അംഗങ്ങള്‍ക്കുള്ള അപാര്‍ട്മെന്റിലാണ് താമസം; സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെങ്കിലും. ചൈനീസ് സര്‍ക്കാരിന്റെ വിമര്‍ശകയൊന്നുമല്ല വാങ്. കോവിഡ് കൈകാര്യം ചെയ്തതില്‍ ചൈനയുടെ കഴിവിനെ അവര്‍ പ്രശംസിച്ചിട്ടുമുണ്ട്. എന്നാല്‍, വുഹാന്‍ ഡയറി എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന ലേഖനങ്ങള്‍ ചൈനയെ താറടിച്ചു കാണിക്കുന്നതാണെന്ന് അധികൃതര്‍ ഉറച്ചു വിശ്വസിക്കുന്നു; ഒഴിവാക്കേണ്ടതായിരുന്നുവെന്നും. 

 

സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ആയിരക്കണക്കിനു പേരെ ആകര്‍ഷിച്ചിട്ടുണ്ട് വാങ്ങിന്റെ ഡയറിക്കുറിപ്പുകള്‍. ആത്മാര്‍ഥവും സത്യസന്ധവുമായ വിവരണങ്ങളുടേ പേരില്‍, മനസ്സില്‍ തൊടുന്ന  അവതരണമായതിനാല്‍, ലാളിത്യത്തിന്റെ പേരില്‍. ജീവിതസ്പര്‍ശിയായതിനാല്‍. 

 

ജനുവരി 22 ന് രാത്രിയാണ് വുഹാന്‍ ഡയറി തുടങ്ങുന്നത്. അന്ന് വിമാനത്താവളത്തിലേക്കായിരുന്നു വാങ്ങിന്റെ യാത്ര. ജപ്പാനില്‍ പോയി തിരിച്ചുവരുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍. ചൈനീസ് പുതുവര്‍ഷത്തിന് മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ. എന്നാല്‍ റോഡ് വിജനമായിരുന്നു. വാഹനങ്ങളില്ല. യാത്രക്കാരില്ല. ഉപേക്ഷിക്കപ്പെട്ടിരുന്നു വുഹാന്‍ അപ്പോഴേക്കും. വിമാനത്താവളത്തില്‍ എത്തിയ വാങ്് കണ്ടത് മിക്കവരും മുഖാവരണം ധരിച്ചിരിക്കുന്നത്. ശബ്ദമോ ബഹളമോ ഇല്ലായിരുന്നു. എല്ലാ മുഖങ്ങളിലുമുണ്ടായിരുന്നു അമര്‍ത്തിവച്ച ആകാംക്ഷയും ഉത്കണ്ഠയും. രണ്ടു ദിവസം മുമ്പു മാത്രമാണ് ഒരു മാരക വൈറസിന്റെ സാന്നിധ്യം ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചത്. അതു മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടരാമെന്ന മുന്നറിയിപ്പ് നല്‍കിയതും. 

 

രാത്രി 11 ന് വാങ്ങിന്റെ മകള്‍ എത്തി. കാറില്‍ വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അവരിരുവരും മുഖാവരണം ധരിച്ചിരുന്നു. രാത്രി ഒരു മണിക്ക് വീട്ടില്‍ തിരിച്ചെത്തിയ വാങ് കാണുന്നത് ബ്രേക്കിങ് ന്യൂസ്: വുഹാനില്‍ ലോക്ഡൗണ്‍. 

 

നഗരം അടിച്ചിടുമെന്നൊക്കെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, വാങിന് സംശയമായിരുന്നു. അങ്ങനെ ഒരു നഗരം അടിച്ചിടാന്‍ പറ്റുമോ എന്ന്. എന്നാല്‍ ടെലിവിഷനില്‍ കണ്ട വാര്‍ത്ത വിശ്വസിക്കേണ്ടിവന്നു. അതിനുശേഷമുള്ള ദിവസങ്ങളില്‍ ആഹാരത്തിനും മരുന്നിനും പോലും നിയന്ത്രണം ഏര്‍പ്പെടുത്തി തടവുമുറിയിലെന്നപോലെ സ്വന്തം വീട്ടില്‍ കഴിയേണ്ടിയും വന്നു. 

 

വാങിന്റെ ഭാവിയാണ് ഇപ്പോള്‍ ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ലോക്ഡൗണിനു ശേഷവും തടവുകാരിയെപ്പോലെ അവര്‍ക്കു ജീവിക്കേണ്ടിവരുമോ? ചൈനീസ് സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ വാങിനെ തേടിയെത്തുമോ? വുഹാന്‍ ഡയറി നിരോധിക്കുമോ ? 

പേടിപ്പെടുത്തുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സമീപ ഭാവിയില്‍ തന്നെ പുറത്തുവന്നേക്കാം. ഒപ്പം വാങ് എന്ന എഴുത്തുകാരിയുടെ ഭാവിയും. 

 

English Summary: Wuhan Diary book by Fang Fang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com