sections
MORE

പൈങ്കിളികളുടെ വസന്തസേനകൾ; സുധാകർ മംഗളോദയത്തിന് വിട

sudhakar-mangalodayam
SHARE

ഞാൻ പൈങ്കിളി കഥാകാരൻ തന്നെ. എന്റെ രചനകളിൽ പൈങ്കിളി അല്‌പം കുറഞ്ഞുപോയന്നുതോന്നിയാൽ അത് അൽപം കൂട്ടി ശരിയാക്കുന്നതിൽ ബദ്ധശ്രദ്ധനാണ് ഞാൻ. അതല്ലാതെ മറിച്ച് അവകാശവാദം ഉന്നയിക്കാനുള്ള കാപട്യം എനിക്കില്ല: ജനപ്രിയ നോവലിലെയും പിന്നീട് ജനപ്രിയ സീരിയലിലെയും കിരീടം വയ്ക്കാത്ത രാജാവാണ് ഇങ്ങനെ പറഞ്ഞത്. മലയാളത്തിന് ഏറെ പരിചിതനായ സുധാകർ മംഗളോദയം. 

കുട്ടിക്കാലം മുതലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്ന സുധാകർ ഒരിക്കൽ  വാരികകളിലെ നോവലുകൾക്ക് ചിത്രം വരയ്ക്കുന്ന ജോലി തേടി ഒരു ജനപ്രിയ വാരികയിൽ ഓഫിസിൽ ചെന്നു. ഒരു നോവൽ എഴുതാൻ ശ്രമിക്കാമോ എന്ന ചോദ്യം അദ്ദേഹത്തെ നയിച്ചത് എഴുത്തുമേശയിലേക്ക്.  അങ്ങനെയാണ് വസന്തസേന എന്ന നോവൽ ജനിക്കുന്നത്. അതു വിജയമായി. പിന്നീട് ജീവിതത്തിൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല സുധാകർ മംഗളോദയം എന്ന നോവലിസ്റ്റിന്. ടെലിവിഷൻ ജനപ്രിയമായതോടെ വായന കാഴ്ചയിലേക്കു വഴിമാറിയപ്പോൾ സീരിയലുകളായി അദ്ദേഹത്തിന്റെ തട്ടകം. അവിടെയും സമാതകളില്ലാത്ത വിജയമാണ് അദ്ദേഹത്തെ കാത്തിരുന്നത്. 

എം.ടി. വാസുദേവൻ നായരാണ് സുധാകർ മംഗളോദയത്തിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ. എംടിയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം ഒരു നോവലും എഴുതിയിട്ടുണ്ട്. എംടി കഴിഞ്ഞാൽ മാധവിക്കുട്ടിയാണ് അദ്ദേഹത്തിനു മലയാളത്തിൽ പ്രിയം. പൈങ്കിളി സാഹിത്യം വൈകാരികതയുടെ അതിപ്രസരം കൊണ്ടാണ് പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയതെങ്കിൽ സംസാര ഭാഷയായിരുന്നു സുധാകറിന്റെ കരുത്ത്. തങ്ങളെപ്പോലുള്ള മനുഷ്യരെ അദ്ദേഹത്തിന്റെ നോവലുകളിൽ വായനക്കാർ കണ്ടു. അവരോടൊപ്പം കരഞ്ഞു, ചിരിച്ചു. സഹിച്ചു. ജീവിതം ആസ്വദിച്ചു. 

പത്മരാജന്റെ കരിയിലക്കാറ്റു പോലെ എന്ന പ്രശസ്ത സിനിമ സുധാകറിന്റെ നോവലിനെ ആസ്പദമാക്കിയാണ്. നന്ദിനി ഓപ്പോൾ തുടങ്ങി മറ്റ് ഏതാനും സിനിമകൾക്കും ആധാരമായത് അദ്ദേഹത്തിന്റെ കൃതികൾ തന്നെ. കഥ പറഞ്ഞ് കരയിച്ച സുധാകർ ജീവിതം പറഞ്ഞും മലയാളിയെ കരയിച്ചിട്ടുണ്ട്. ഭാര്യയുടെ അകാലമരണം അദ്ദേഹത്തെയും മകളെയും തനിച്ചാക്കിയപ്പോഴായിരുന്നു അത്. അന്ന് ആത്മഹത്യയുടെ വക്കിൽ നിന്നാണ് താൻ പേനയെടുത്തതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭാര്യ മരിച്ച് അഞ്ചാം ദിവസം അദ്ദേഹം എഴുതിത്തുടങ്ങി. കാരണം അദ്ദേഹത്തിന്റെ തുടർക്കഥകളില്ലെങ്കിൽ വാരിക ഇറങ്ങില്ല. സീരിയലുകൾ നിർത്തിവയ്ക്കേണ്ടിവരും. അന്ന് തന്റെ കണ്ണുനീര് ഉള്ളിന്റെ ഉള്ളിൽ ഒളിപ്പിച്ചുവച്ച് സുധാകർ എഴുതി. ഇപ്പോഴിതാ ആ എഴുത്തിന് കാലം തിരശ്ശിലയിട്ടിരിക്കുന്നു. എന്നാൽ വിധികർത്താവായ കാലത്തിന്റെ കൽപന മറികടന്നും നിലനിൽക്കാൻ ശേഷിയുള്ള നിമിഷങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്. 

English Summary: Novelist Sudhakar Mangalodhayam Passed Away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;