ADVERTISEMENT

ആ ജയില്‍ മോചന വാര്‍ത്ത കുറച്ചൊന്നുമല്ല നടാഷ ട്രെത്ത് വെയെ ഭയപ്പെടുത്തിയത്. വാര്‍ത്ത അറിഞ്ഞതിനുശേഷം ഓരോ നിമിഷവും ഭയത്തിന്റെ ചിറകിലേറിയാണ് നടാഷ ജീവിച്ചത്. ഇപ്പോഴും ജീവിക്കുന്നത്. അപരിചിതരായ ആരെ കണ്ടാലും നടുക്കം. അല്‍പം ഉറക്കെ ശബ്ദം കേട്ടാല്‍ പേടി. തിരിഞ്ഞു നോക്കുന്നതു പതിവായി; പിന്തുടരുന്നവരെ. വീട്ടിലും കിടപ്പുമുറിയിലും പോലും വിടാതെ പിന്തുടര്‍ന്ന ഭീതി. അമേരിക്കയിലെ അറ്റ്ലാന്റയില്‍ നിന്ന് ഇലിനോയിസിലേക്ക് താമസം 

മാറ്റിയിട്ടും വീട്ടുപോയില്ല പിന്തുടരുന്ന ആ ശബ്ദം. മലര്‍ക്കെ തുറന്ന ജയില്‍കവാടങ്ങള്‍. മാറുന്നില്ല പേടി. ഒഴിയുന്നില്ല ഭീതി. നിലയ്ക്കുന്നില്ല ആ നിലവിളി. 

 

നടാഷ ട്രെത്ത് വെയെ ഭയപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍. ഒരു കൊലപാതകിയുടെ ജയില്‍ മോചനത്തില്‍. അയാളും നടാഷയുടെ വീട്ടിലുണ്ടായിരുന്നു; 35 വര്‍ഷം മുന്‍പു വരെ. അന്ന് അമ്മയുമുണ്ടായിരുന്നു വീട്ടില്‍. നടാഷയ്ക്കന്ന് 19 വയസ്സ്. ഒരു ദിവസം പുലര്‍ന്നത് അമ്മയുടെ മരണത്തില്‍. 

 

കൊലപാതകമായിരുന്നു. അമ്മയെ കൊന്നത് അച്ഛന്‍ തന്നെ. അന്ന് ഒരു നിലവിളി നടാഷയുടെ തൊണ്ടയില്‍ കുരുങ്ങി. കഴിഞ്ഞ 35 വര്‍ഷമായി പുറത്തുവരാത്ത കണ്ണുനീര്‍. ഇപ്പോള്‍, ഇതാദ്യമായി നടാഷ കരയുകയാണ്. നിലവിളിക്കുകയാണ്. ഉറക്കെ. ഉറക്കെയുറക്കെ. അതൊരു പുസ്തകമാണ്. മെമ്മോറിയല്‍ ഡ്രൈവ്. 

 

നടാഷ കവിയാണ്. പുലിറ്റ്സര്‍ പ്രൈസ് ജേതാവ്. അമേരിക്കയുടെ ആസ്ഥാന കവിപ്പട്ടം മൂന്നു വര്‍ഷം അലങ്കരിച്ചയാള്‍. 

 

35 വര്‍ഷം മുന്‍പത്തെ കൊലപാതകം ഇന്നും നടാഷയെ മുറിവേല്‍പിക്കുന്നത് അന്ന് ഇരയായത് അമ്മയായതുകൊണ്ടു മാത്രമല്ല; അതു വംശീയ കൊലപാതകം കൂടിയായായിരുന്നു. ജോര്‍ജ് ഫ്ലോയ്ഡിന്റെ മുന്‍ഗാമിയായിരുന്നു നടാഷയുടെ അമ്മ. ഭര്‍ത്താവ് ആജ്ഞാപിക്കും; ഭാര്യ അനുസരിക്കും എന്ന ക്രൂരമായ പുരുഷ മേധാവിത്വ സംസ്കാരത്തിന്റെ ഇര. എതിര്‍ത്തുപറഞ്ഞാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല എന്ന അംഗീകരിക്കപ്പെട്ട സാമൂഹിക വ്യവസ്ഥയുടെ ഇരകളില്‍ ഒരാള്‍. 

 

കുടുംബചരിത്രം ആരോടും പറയാതെ ജീവിക്കാമായിരുന്നു നടാഷയ്ക്ക്. അതൊരു ഒളിച്ചോട്ടമാണെന്നു തോന്നിയപ്പോള്‍ എല്ലാം തുറന്നുപറയാന്‍ അവര്‍ തീരുമാനിച്ചു. അമ്മയുടെ കൊലപാതകത്തില്‍ തുടങ്ങി ഇക്കഴിഞ്ഞ വര്‍ഷം രണ്ടാനഛന്‍ ജയില്‍ മോചിതനായതുവരെയുള്ള കഥ. അറ്റ്ലാന്റയില്‍ നിന്ന് ഇലിനോയിസിലേക്കു മാറിയിട്ടും തന്നെ പിന്തുടരുന്ന ഭീതിയെക്കുറിച്ച്. പിന്നില്‍ എപ്പോഴും ആരോ ഉണ്ടെന്ന തോന്നലിനെക്കുറിച്ച്. ആരോ പിന്തുടരുന്നുണ്ട് എന്ന ഭീതിയെക്കുറിച്ച്. തന്റെ കഴുത്ത് ആരുടെയോ ലക്ഷ്യമാണെന്ന തിരിച്ചറിവിനെക്കുറിച്ച്. 

 

മെമ്മോറിയല്‍ ഡ്രൈവ് അവസാനത്തെ നിലവിളിയാണ്. താന്‍ ഇല്ലാതായേക്കുമെന്ന ഉറപ്പില്‍ തന്റെ കഥ വിളിച്ചുപറയുന്ന നിരാധാരയായ ഇരയുടെ ആരും കേള്‍ക്കില്ലെന്ന് ഉറപ്പുള്ള രോദനം. 

 

English Summary: Memorial Drive: A Daughter's Memoir Book by Natasha Trethewey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com