ADVERTISEMENT

എല്ലാവരും വായിച്ചു, അല്ലെങ്കിൽ വായിച്ചു കൊണ്ടിരിക്കുന്നു, അതുമല്ലെങ്കിൽ വായിക്കാൻ പോകുന്നു. 

പ്രസിദ്ധീകരിച്ച ദിവസം തന്നെ 3,000 കോപ്പി വിറ്റ പുസ്തകത്തെക്കുറിച്ചാണ് ഈ വിശേഷണം. 4 ദിവസങ്ങൾക്കുള്ളിൽ വിറ്റത് 5,000 കോപ്പികൾ. ആവശ്യക്കാർ ഏറിയപ്പോൾ ഇരുപതോളം അച്ചടിശാലകൾ ഇടവേളയില്ലാതെ പ്രവർത്തിച്ചു. ആദ്യവർഷത്തിൽ യുഎസിൽ മാത്രം വിറ്റത് 3 ലക്ഷം കോപ്പികൾ. ബ്രിട്ടനിൽ ദശലക്ഷം. ഒരു നൂറ്റാണ്ടിന്റെ ബെസ്റ്റ് സെല്ലർ എന്ന വിശേഷണം സ്വന്തമാക്കിയ ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ ‘അങ്കിൾ ടോംസ് ക്യാബിൻ.’ രണ്ടു നൂറ്റാണ്ടിനു മുൻപ് അടിമ ജീവിതത്തിന്റെ നിസ്സഹായത വെളിപ്പെടുത്തിയ കൃതി. 

 

വെളുത്ത വർഗക്കാരനായ യജമാനന്റെ ചാട്ടവാറടി കൊണ്ടു മരിക്കുന്ന കറുത്ത അടിമയാണ് അങ്കിൾ ടോം. ആ കഥാപാത്രത്തിന് ഒരു മാതൃകയുണ്ട്. ആയുസ്സിന്റെ നല്ലൊരു ഭാഗം അടിമയായി ജീവിച്ച ഒരു മനുഷ്യൻ. ആഫ്രിക്കൻ അമേരിക്കൻ വംശജൻ ജോഷിയാ ഹെൻസൺ. 

 

ഹെൻസന്റെ  ജനനം 1789 ൽ മേരിലാൻഡിലെ പോർട്ട് ടുബാക്കോയിൽ. എല്ലു പൊളിയുന്നതു വരെ തല്ലു കൊള്ളുകയും കാതറുക്കപ്പെട്ട് തെക്കേ അമേരിക്കയിലേക്ക് വിൽക്കപ്പെടുകയും ചെയ്ത അച്ഛൻ ഹെൻസന്റെ ആദ്യ ഓർമ്മ. അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വെളുത്ത വർഗക്കാരനെ തടഞ്ഞതിനു പിതാവിനു  കിട്ടിയ ശിക്ഷ. പിന്നീടൊരിക്കലും അച്ഛനെ കണ്ടില്ല.അടിമക്കച്ചവടക്കാരുടെ കയ്യിലകപ്പെട്ടു അമ്മയും അസുഖബാധിതനായ ഹെൻസണും.

 

യജമാനന്റെ ഫാമിന്റെ മേൽനോട്ടം ഹെൻസന്. സമർഥനായിരുന്നു ആ യുവാവ്. അടിമത്തത്തിൽ നിന്നു മോചനം നേടാൻ പലവഴികളിൽ ധനസമാഹരണം നടത്തി. കൊതിച്ച സ്വാതന്ത്ര്യത്തിനു വിലയായി 350 ഡോളർ യജമാനന്. എന്നാൽ  ചതിയിലകപ്പെട്ടു കെന്റക്കിയിലേക്ക്. തളർന്നില്ല. രാത്രിയിൽ സഞ്ചരിച്ചും പകൽ വിശ്രമിച്ചും കാനഡ അതിർത്തിയിലേക്ക് കാൽനടയാത്ര. കൂട്ടായി ഭാര്യയും നാലു മക്കളും. 

 

കാനഡയിൽ സുഖജീവിതം സാധ്യമായിരുന്ന ഹെൻസൺ എന്നാൽ  പലതവണ അമേരിക്കയിലേക്ക് മടങ്ങി.  118  അഭയാർഥികളെ മോചനത്തിലേക്കു നയിച്ചു. ബ്രിട്ടീഷ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കുടിയേറിപ്പാർപ്പു താവളം സ്ഥാപിച്ചു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മക്കളെ അയക്കുന്ന കുടുംബങ്ങളെ സംരക്ഷിച്ചു. സ്കൂൾ തുടങ്ങി. ആരാധനാലയങ്ങൾ സ്ഥാപിച്ചു. 93 വയസ്സുവരെ അടിമകൾക്കുവേണ്ടി ജീവിച്ചു. 

 

ജോർജ് ഫ്ലോയ്ഡിന്റെ കൂടി അമേരിക്കയ്ക്ക് ഇന്ന് ഹെൻസൺ ഒരു ഓർമ പോലുമല്ല. എന്നാൽ ജീവിക്കുന്ന സ്മരണയാണ് ഹാരിയറ്റിന്റെ പുസ്തകം. അങ്ങനെ മാത്രം ഓർമിക്കപ്പെടുന്നതിൽ സംതൃപ്തനായിരുന്നു അദ്ദേഹവും. പുസ്തകത്തിലെ നായകൻ താനാണ് എന്നറിപ്പോൾ അദ്ദേഹം പറഞ്ഞു: 

ഒരു പുസ്തകമെഴുതാൻ മാത്രം എന്റെ വാക്കുകൾ ആ മഹതിക്കു പ്രചോദനമായെങ്കിൽ, ജീവിതം വ്യർത്ഥമായിട്ടില്ല. 

 

വംശീയ വിവേചനത്തിനെതിരെ ഇപ്പോഴും ഉയരുന്ന മുദ്രാവാക്യങ്ങളിൽ ഹെൻസൻ പകർന്ന ഊർജമുണ്ട്. തളരാതെ പോരാടാൻ, താങ്ങാകാൻ. താണു വീണിട്ടും നിഷേധിക്കപ്പെടുന്ന നീതിക്കു വേണ്ടി നിലവിളിക്കാൻ.

 

English Summary: Uncle Tom's Cabin Novel by Harriet Beecher Stowe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com