അനുഗ്രഹമായെത്തിയ രാമായണം

HIGHLIGHTS
  • എഴുത്തുകാർക്ക് രാമായണം ഏതെല്ലാം തരത്തിലുള്ള ഓർമയാണ് ?
  • അതവരെ എങ്ങോട്ടൊക്കെയാണ് കൂട്ടിക്കൊണ്ടു പോവുന്നത് ?
mk-sanu
എം.കെ.സാനു
SHARE

ഓരോ രാമായണമാസം വരുമ്പോഴും പ്രഫ. എം.കെ. സാനുവിന്റെ ഓർമ ആലപ്പുഴ തുമ്പോളിയിലെ താൻ ജനിച്ചു വളർന്ന മംഗലത്ത് വീട്ടിലേക്കു പോവും. അവിടെ ഒരു പണ്ഡിതൻ തന്റെ ചുറ്റും കൂടിയിരിക്കുന്നവർക്കു മുന്നിൽ രാമായണ പാരായണം നടത്തുകയാണ്. അദ്ദേഹം അവർക്കിടയിലുണ്ടായിരുന്ന ഒരാൺകുട്ടിയെ ചൂണ്ടിപ്പറഞ്ഞു. 

‘കുട്ടി ഞാൻ ഇതുവരെ വായിച്ചതിന്റെ അർഥം പറയൂ’. കുട്ടി എഴുന്നേറ്റ് അർഥം വിശദമായി പറഞ്ഞു. പണ്ഡിതൻ കുട്ടിയുടെ തലയിൽ രണ്ടു കയ്യും വച്ച് അനുഗ്രഹിച്ചു. ‘നീ ജീവിതത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്നവനാകും. ശ്രീരാമചന്ദ്രന്റെ അനുഗ്രഹം എക്കാലവും ഉണ്ടാകും എന്നു പറഞ്ഞു. 

അപ്പോൾ അവിടെയുണ്ടായിരുന്ന, കുട്ടിയെ പ്രൈമറി ക്ലാസിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു. ‘ഞാൻ പഠിപ്പിക്കുമ്പോഴേ ഈ കുട്ടി മിടുക്കനാണ്. എനിക്കും തോന്നിയിരുന്നു ഇവനു വലിയ ഭാവിയുണ്ടെന്ന്’. ആ കുട്ടിയാണ് പിന്നീട് നാമറിയുന്ന എം.കെ. സാനുവായത്.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സാനുവിന് എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിലെ സുന്ദരകാണ്ഡം പഠിക്കാനുണ്ടായിരുന്നു. പ്രഫ. കുഞ്ഞുകൃഷ്ണപിള്ളയാണ് പഠിപ്പിച്ചിരുന്നത്. ഹനുമാനെക്കുറിച്ച് പറയുമ്പോൾ ക്ലാസിലെ മഹാവികൃതിയായ ഒരു വിദ്യാർഥി എഴുന്നേറ്റ് ചോദിച്ചു.‘അല്ല സാർ ഒരു സംശയം. വാനരൻ സംസാരിക്കുമോ?’. ഉടൻ അധ്യാപകൻ ക്ലാസിൽ എല്ലവരോടുമായി പറഞ്ഞു. ‘ഇപ്പോൾ മനസിലായില്ലേ സംസാരിക്കുമെന്ന്’. ക്ലാസിൽ കൂട്ടച്ചിരിയായി. 

കാലമേറെക്കഴിഞ്ഞ് പ്രഫ. കുഞ്ഞുകൃഷ്ണപിള്ള സാനുവിന് കത്തെഴുതിയപ്പോൾ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് 'എന്റെ ശിഷ്യോത്തംസമേ' എന്നായിരുന്നു. ഉത്തംസം എന്നത് രാമായണത്തിൽ പലേടത്തും കടന്നു വരുന്ന വാക്കാണ്. എന്റെ ശിഷ്യൻമാരിൽ ശിരോലങ്കാരമായിട്ടുള്ളവൻ എന്ന് അർഥം. വെറുതെയല്ല, ചങ്ങമ്പുഴയെക്കുറിച്ച് ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന പുസ്തകം എഴുതിയ സാനുവിന് തന്റെ ഗുരുജനങ്ങളുടെയും ശിഷ്യഗണങ്ങളുടെയും സ്നേഹഭാജനമാകാനുള്ള ഭാഗ്യം ലഭിച്ചത്.

English Summary : Ramayanam reading- M. K. Sanu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;