വാക്ക് തെറ്റരുത് എന്ന പാഠം

HIGHLIGHTS
  • എഴുത്തുകാർക്ക് രാമായണം ഏതെല്ലാം തരത്തിലുള്ള ഓർമയാണ് ?
  • അതവരെ എങ്ങോട്ടൊക്കെയാണ് കൂട്ടിക്കൊണ്ടു പോവുന്നത് ?
Madhusoodanan-Nair
വി. മധുസൂദനൻ നായർ
SHARE

എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ അയോധ്യാകാണ്ഡത്തിൽ ലക്ഷ്മണോപദേശം വായിച്ച ആരും മറക്കാത്ത വരികളാണ് 

‘പുത്രമിത്രാർത്ഥകളത്രാദിസംഗമ–

മെത്രയുമൽപ്പകാലസ്ഥിതമോർക്ക നീ’ എന്നത്. തന്റെ മകനായ ഭരതനെ രാജാവാക്കണമെന്ന് കൈകേയി പറഞ്ഞതോടെ രാമാഭിഷേകത്തിന് വിഘ്നം നേരിടുമ്പോൾ ക്ഷുഭിതനായ ലക്ഷ്മണനെ ശ്രീരാമൻ ഉപദേശിക്കുന്നതാണ് രംഗം. പുത്രസമ്പത്തും മിത്രങ്ങളും ധനവും ഭാര്യയും ഒക്കെ അൽപകാലത്തേക്ക് മാത്രമുള്ളതാണെന്ന് ശ്രീരാമൻ പറയുന്നു. പ്രഫ.വി.മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട് എന്ന കാവ്യത്തിലെ പുത്രമിത്രാർഥസംഗങ്ങ–ളൽപ്പകാലസ്ഥമാണുപോൽ 

എന്ന വരികളിലൂടെ പോവുമ്പോൾ അദ്ദേഹവും ഓർമിപ്പിക്കുന്നുണ്ട് നേരത്തെ സൂചിപ്പിച്ച രാമായണശീലുകൾ. പുത്രന്മാരും മിത്രജനങ്ങളുമൊക്കെ ശാശ്വതമല്ലെന്ന് നമുക്കറിയാം. അമ്മയും മക്കളും തമ്മിലുള്ള ബന്ധം പക്ഷേ അങ്ങനെയുള്ളതല്ല, അതിന് സവിശേഷതയേറും എന്നാണ് മധുസൂദനൻനായർ സമർഥിക്കുന്നത്. പന്ത്രണ്ടുമക്കളെപ്പെറ്റൊരമ്മയെക്കുറിച്ച്  എഴുതിയ കവി ഇതു പറയുമ്പോൾ അതിന് സാംഗത്യമേറും.

നെയ്യാറ്റിൻകരയിലെ നാട്ടിൻപുറത്തായിരുന്നു മധുസൂദനൻനായരുടെ കുട്ടിക്കാലം.  അവിടെ രാമായണപാരായണം വൃശ്ചികത്തിലാണ്. തമിഴ്‌രീതിയാണത്. കാർത്തികമാസം എന്നാണ് വൃശ്ചികത്തിന് അവിടങ്ങളിൽ പറഞ്ഞിരുന്നത്. ഒരുദിവസം രാമായണം വായിക്കുന്നിടത്ത് സ്കൂൾകുട്ടിയായ മധുസൂദനൻനായരും എത്തി. അമ്മാവനാണ് രാമായണം വായിക്കുന്നത്. ബാക്കി വായിക്കാൻ അദ്ദേഹം അനന്തരവനോട് പറഞ്ഞു. ചിലയിടത്ത്  ചെറുതായി തെറ്റി. അപ്പോഴൊക്കെ ഓരോ അടി അമ്മാവന്റെ വക. രാമായണം തെറ്റിച്ച് വായിക്കരുത് എന്ന ഉപദേശവും നൽകി. പക്ഷേ ആ അടി തനിക്ക് ഒരുപാട് ഗുണം ചെയ്തെന്ന് കവി പറയുന്നു. രാമായണപാരായണത്തിൽ ഓർക്കേണ്ട പ്രധാനപാഠം വാക്ക് തെറ്റരുത് എന്നതാണെന്ന് ‘വാക്കുദിക്കുന്ന ദിക്ക്’ മലയാളത്തിന് കാണിച്ചുതന്ന കവി അന്നേ തിരിച്ചറിഞ്ഞു.

English Summary : Ramayanam reading- V. Madhusoodanan Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;