ADVERTISEMENT

സന്തോഷം, ദുഃഖം, അറിവ്, സ്നേഹം തുടങ്ങിയവയെല്ലാം ഒരു ദ്വീപിലാണു താമസിച്ചിരുന്നത്. ഒരിക്കൽ ദ്വീപ് മുങ്ങാൻ തുടങ്ങിയപ്പോൾ അവയെല്ലാം ഓരോ വള്ളത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. സ്നേഹത്തിനു മാത്രം വള്ളം കിട്ടിയില്ല. സമ്പന്നത പറഞ്ഞു: എന്റെ വള്ളത്തിൽ നിറയെ ധനമാണ്, നിനക്കു സ്ഥലമില്ല. ദുഃഖം പറഞ്ഞു: എന്റെ കൂടെ വരേണ്ട. എനിക്കു തനിച്ചിരിക്കുന്നതാണ് ഇഷ്ടം. കുറെ കഴിഞ്ഞ് ഒരു വള്ളം സ്നേഹത്തെ സമീപിച്ചു. അതിലാരാണെന്നു പോലും നോക്കാതെ അതിൽ കയറി സ്നേഹം അടുത്ത ദ്വീപിലെത്തി. അവിടെയുണ്ടായിരുന്ന അറിവിനോടു ചോദിച്ചു: എന്നെ ആരാണ് ഇവിടെ എത്തിച്ചത്? അറിവു പറഞ്ഞു: അതു സമയമായിരുന്നു. സ്നേഹം ചോദിച്ചു: എന്തിനാണ് സമയം എന്നെ സഹായിച്ചത്? അറിവിന്റെ മറുപടി: സമയത്തിനു മാത്രമേ, സ്നേഹത്തിന്റെ വിലയറിയൂ.

 

സമയമാണ് സ്നേഹത്തിന്റെ കാവൽക്കാരൻ. സമ്പത്തുകൊണ്ടോ അറിവുകൊണ്ടോ പ്രദർശിപ്പിക്കാൻ കഴിയാത്ത സ്നേഹം യഥാർഥസമയത്തു വെളിപ്പെടും. സഹതാപംകൊണ്ടോ സമ്പർക്കംകൊണ്ടോ നേടിയെടുക്കാൻ കഴിയാത്ത സ്നേഹം സമയത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കും. സ്നേഹത്തിനും ഒരു സമയമുണ്ട്. പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത കലഹത്തിനും മരുന്നില്ലാത്ത അസൂയയ്ക്കും പരിഹാരമുണ്ടാക്കാൻ സമയത്തിനു മാത്രമേ കഴിയൂ. പുറമേ കാണിക്കുന്ന വിരോധത്തിനും വഴക്കിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു നുള്ളു സ്നേഹമുണ്ടാകും. അപ്രതീക്ഷിത പ്രതിസന്ധികളുടെയും ആപത്തുകളുടെയും നടുവിൽ ആ സ്നേഹം ഉണർന്നെഴുന്നേൽക്കും.

 

സ്നേഹത്തിനു പല ഭാവങ്ങളുണ്ട്. അപകടത്തിലേക്കാണു നീങ്ങുന്നതെങ്കിൽ സ്നേഹം എതിർക്കും. ആ സ്നേഹം മനസ്സിലാകണമെങ്കിൽ തലനാരിഴയ്ക്കു രക്ഷപ്പെടണം. ദേഷ്യം, നിസ്സംഗത, അവഗണന, സങ്കടം ഇവയുടെയെല്ലാം മറുവശത്ത് സ്നേഹമുണ്ടാകും. പക്ഷേ, ആ സത്യം മനസ്സിലാകണമെങ്കിൽ സമയമെടുക്കും.

 

നഷ്ടപ്പെട്ട സ്നേഹത്തിന്റെ വിലയറിയണമെങ്കിൽ കാലങ്ങൾ കഴിയണം. ചേർന്നു നിന്നിരുന്നവർ സ്നേഹിതരല്ലായിരുന്നുവെന്നും അകറ്റിനിർത്തിയവരാണ് യഥാർഥ സ്നേഹിതരെന്നും മനസ്സിലാക്കിത്തരാൻ സമയത്തിനു മാത്രമേ കഴിയൂ. സമയമാണ് സ്നേഹം വിളക്കിയെടുക്കാനുള്ള ഏറ്റവും നല്ല മരുന്ന്. 

 

English Summary : Subhadhinam- Thoughts of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com