sections
MORE

ഏതു നേട്ടമാണ് ആരെയും ആശ്രയിക്കാതെ നേടിയത്?

subhadhinam-can-we-survive-without-friends
SHARE

വ്യവസായി തന്റെ കാറിൽ വിശ്രമിക്കുകയാണ്. അപ്പോഴാണ് ക്ഷീണിച്ച് അവശനായ ഒരാൾ തൊട്ടടുത്തുള്ള മൺതിട്ടയിൽ വന്നിരുന്നത്. അയാൾ പണം ചോദിക്കാനുള്ള വരവാണെന്നു വ്യവസായിക്കു മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു: ‘താങ്കളുടെ കാറിനു നല്ല ഭംഗിയുണ്ട്’. വ്യവസായി നന്ദി പറഞ്ഞു. 

കുറെ നേരമായിട്ടും അയാൾ മറ്റൊന്നും മിണ്ടാതായപ്പോൾ വ്യവസായി ചോദിച്ചു: താങ്കൾക്ക് എന്തെങ്കിലും സഹായം വേണോ? അയാളുടെ മറുചോദ്യം ചിന്തിപ്പിക്കുന്നതായിരുന്നു: വേറൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയുന്ന ആരെയെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ? ആർക്കാണ് സഹായമില്ലാതെ സഞ്ചരിക്കാൻ കഴിയുക? എത്ര സമ്പാദിച്ചവർക്കും നേടിയവർക്കും അന്യരുടെ കരുതലും കാവലും വേണം. ഏതു നേട്ടമാണ് ആരെയും ആശ്രയിക്കാതെ നേടിയത്? ഏതു വഴികളിലൂടെയാണ് തനിച്ചു മാത്രം സഞ്ചരിച്ചത്? നേരിട്ടു കണ്ടിട്ടില്ലാത്ത എത്രയോ ആളുകളുടെ വിയർപ്പാണ്, തീൻമേശയിലിരിക്കുന്ന വിഭവങ്ങൾ പോലും. 

ഏതു ധനവാനും സഹായം ആവശ്യമാണ്; എതു ദരിദ്രനും സഹായിക്കാനുമാകും. ആവശ്യത്തിലധികമുള്ളവയുടെ വിതരണമല്ല സഹായം; ഉള്ളവയുടെ പങ്കുവയ്ക്കലാണ്. എല്ലാവർക്കും വേണ്ടത് ധനമോ സമ്പത്തോ ആകില്ല –  അഭിനന്ദനവും നന്ദിയും ആഗ്രഹിക്കുന്നവരുണ്ടാകും; ആശ്വാസം പ്രതീക്ഷിക്കുന്നവരുണ്ടാകും; സാന്നിധ്യം കൊതിക്കുന്നവരുണ്ടാകും. ഒരു മുതൽമുടക്കുമില്ലാത്ത സഹായങ്ങളാണു വഴിവിളക്കാകുന്നത്. എല്ലാ സഹായങ്ങളും പണത്തിന്റെ ത്രാസിൽ അളന്നെടുക്കാനാകില്ല. 

കണ്ടുമുട്ടുന്ന എല്ലാവർക്കും എന്തെങ്കിലുമൊക്കെ പകർന്നു നൽകാനും പഠിപ്പിക്കാനുമുണ്ടാകും. നേരിട്ടോ അല്ലാതെയോ, അറിഞ്ഞോ അറിയാതെയോ ലഭിക്കുന്ന പിന്തുണകളുടെ ശേഷിപ്പാണ് ജീവിതം. ഇത്തിരിവെട്ടം നൽകിയ മിന്നാമിനുങ്ങും മണ്ണിനെ ഉറപ്പിച്ചുനിർത്തിയ പുൽക്കൊടിയും രാത്രിമുഴുവൻ ഉറങ്ങാതിരുന്ന കാവൽനായയുമെല്ലാം സഹായഹസ്തം നീട്ടിയവരിൽ ചിലർ മാത്രം. ഇതു വായിച്ചുതീർക്കാൻ കഴിയുന്നത് അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചവരുടെ പുണ്യം. 

English Summary : Subhadhinam Daily Motivation - Can we survive without friends?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;