ADVERTISEMENT

‘ഏയ്! താണുപിള്ള സാറേ! എഴീക്കണം. എന്തൊരുറക്കം. ഇനിയും ഉണരാറായില്ലേ?’ 

 

മൂങ്ങാ മൂളുന്ന രാത്രിയിൽ പട്ടം താണുപിള്ളയുടെ കട്ടിലിനരികെ വന്ന് നെയ്യാറ്റിൻകര രാഘവൻ അദ്ദേഹത്തെ വിളിച്ചുണർത്തുന്ന ഈ നാടകീയ ഭാവന വൈക്കം മുഹമ്മദ് ബഷീറിന്റേത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ അമരക്കാരനായ പട്ടം താണുപിള്ളയെ കേന്ദ്രകഥാപാത്രമാക്കി ബഷീർ രചിച്ച ഏകാങ്കനാടകത്തിന്റെ പേരും ഉറക്കം കെടുത്തിക്കളയും– ‘പട്ടത്തിന്റെ പേക്കിനാവ്’. 

 

ഉത്തരവാദഭരണപ്രക്ഷോഭത്തിലെ രക്തസാക്ഷിയായ നെയ്യാറ്റിൻകര രാഘവൻ, ചെങ്ങന്നൂർ ജോർജ് , മധുര പാണ്ഡ്യൻ, ആലപ്പുഴ ബാവ തുടങ്ങിയ ചരിത്രപുരുഷന്മാർ പാതിരാത്രിയിൽ പട്ടത്തെ കാണാനെത്തുന്ന ചോരപുരണ്ട രംഗമാണു നാടകത്തിൽ. അന്നു രാഷ്ട്രീയപ്രവർത്തകനായ ബഷീർ എഴുതിയ ഏകാങ്കം നിറയെ രാഷ്ട്രീയം. സമരം ചെയ്ത്, മരിക്കുന്നതുവരെ പൊരുതാമെന്നു പട്ടത്തെക്കൊണ്ടു ശപഥം ചെയ്യിച്ചശേഷം രക്തസാക്ഷികൾ അപ്രത്യക്ഷരാകുന്നു. പട്ടം ദുഃസ്വപ്നത്തിൽനിന്നു ഞെട്ടിയുണരുമ്പോൾ നാടകത്തിനു തിരശ്ശീല വീഴുന്നു. 

 

1939 ഏപ്രിൽ 27ന്, കായംകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘രാജ്യാഭിമാനി’യിൽ ‘പട്ടത്തിന്റെ പേക്കിനാവ്’ നാടകം അച്ചടിച്ചു വന്നപ്പോൾ രാജ്യദ്രോഹക്കുറ്റത്തിനു തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ കേസെടുത്തു. ‘രാജ്യാഭിമാനി’യുടെ പ്രതികൾ കണ്ടുകെട്ടി. പത്രാധിപർ മാപ്പു പറഞ്ഞു തലയൂരിയെങ്കിലും ബഷീറിനെ അതിനു കിട്ടിയില്ല. നേരത്തെ ബഷീറിന്റെ ‘ധർമരാജ്യം’ ഉൾപ്പെടെയുള്ള തീപ്പൊരി രചനകൾ പുറത്തുവന്നപ്പോ‍ൾത്തന്നെ സിപി നോട്ടമിട്ടിരുന്നു. ‘ധർമരാജ്യം’ നിരോധിച്ചു. ‘പട്ടത്തിന്റെ പേക്കിനാവ്’ കൂടിയായതോടെ രാഷ്ട്രീയ എഴുത്തുകാരനായ ബഷീർ സിപിയുടെ കണ്ണിലെ കരടായി. അങ്ങനെ പൊലീസ് വേട്ടയാടൽ തുടർന്നപ്പോ‍ൾ, 1942 ൽ മഹാകവി പുത്തൻകാവ് മാത്തൻതരകന്റെ സാന്നിധ്യത്തിൽ ബഷീർ കോട്ടയം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിറ്റേ ദിവസം കൊല്ലം കസബ ലോക്കപ്പിലേക്കു മാറ്റി. ഒമ്പതു മാസം അവിടെ കഴിഞ്ഞു. രണ്ടു വർഷത്തെ കഠിനതടവിനുള്ള വിധി വന്നതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്. 

 

‘കഥാപാത്രം’ എഴുത്തുകാരനെ രക്ഷിച്ച കഥ 

 

പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുമ്പോൾ സഹതടവുകാരെ രസിപ്പിക്കാൻ വേണ്ടിയാണ് ബഷീർ ‘പ്രേമലേഖനം’ എഴുതിയത്. കാലാവധി തീരുംമുമ്പേ ജയിൽ മോചിതനായ ബഷീർ അതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. താമസിയാതെ സദാചാരവിരുദ്ധമെന്നു മുദ്രകുത്തി സിപിയുടെ നിരോധന ഉത്തരവുമെത്തി. 1947ൽ സിപി തിരുവിതാംകൂർ വിട്ടെങ്കിലും പുസ്തകനിരോധനം തുടർന്നപ്പോൾ ബഷീറിനു വലിയ വിഷമമായി. അപ്പോഴേയ്ക്കും പട്ടം തിരുവിതാംകൂർ പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു. പിന്നെയൊന്നും നോക്കിയില്ല, ബഷീർ ആത്മവിശ്വാസത്തോടെ തന്റെ പഴയ കഥാപാത്രത്തിനൊരു കത്തെഴുതി: 

 

‘ശ്രീമൻ, പ്രേമലേഖനം എന്ന പേരിൽ എന്റെ വകയായി ഒരു ചെറുനോവലുണ്ട്. അത് സർ സി.പി. രാമസ്വാമി അയ്യർ അവർകൾ ദിവാനായിരുന്ന കാലത്ത് തിരുവിതാംകൂറിൽ നിരോധിക്കുകയുണ്ടായി. ആ നിരോധനം ഇപ്പോഴും നിലവിലുണ്ട്. അതെന്തിനാണ്  നിരോധിച്ചതെന്ന് ഇപ്പോഴും എനിക്കു രൂപമില്ല. വെറും ഒരു തമാശക്കഥയാണത്. പ്രസാധകന്മാർ, മംഗളോദയം ലിമിറ്റഡ്, തൃശ്ശിവപേരൂരാണ്. ആ പുസ്തകത്തിന്റെ മേലുള്ള നിരോധനം നീക്കിത്തരുവാൻ അപേക്ഷ’. 

 

1948 ജൂൺ 23 ന് എഴുതിയ കത്ത് പട്ടം വായിച്ചെന്നു മാത്രമല്ല, ബഷീർ ആവശ്യപ്പെട്ടതുപോലെ ‘പ്രേമലേഖന’ത്തെ നിരോധനത്തിൽനിന്നു പുറത്തിറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രസാധനവിലക്കിന്റെ ഇരുട്ടിൽക്കിടന്ന് ഒരുപക്ഷേ നഷ്ടപ്പെടുമായിരുന്ന ആ സുന്ദരകൃതിയെ വെളിച്ചത്തിലേക്കു തിരിച്ചുകൊണ്ടുവന്നതിനു മലയാള സാഹിത്യം പട്ടത്തോട് കടപ്പെട്ടിരിക്കുന്നു.

 

English Summary : When Pattom Thanu Pillai became a hero for Vaikom Muhammad Basheer in fiction and real

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com