ADVERTISEMENT

ഒറ്റപ്പെട്ടുപോകാൻ അനുവദിക്കാത്ത ആളെ വിളിക്കുന്ന പേരാണ് സുഹൃത്ത്. സാഹചര്യങ്ങൾകൊണ്ടും സമ്മർദങ്ങൾകൊണ്ടും തനിച്ചാകാൻ നിർബന്ധിക്കപ്പെടുമ്പോഴും അദൃശ്യ സാമീപ്യത്തിനുള്ള ശേഷി യഥാർഥ സൗഹൃദങ്ങൾക്കിടയിലുണ്ടാകും. എല്ലാവരും ഉള്ളപ്പോഴല്ല നമ്മൾ യഥാർഥ സൗഹൃദങ്ങളെ അന്വേഷിക്കുന്നത്. ആരുമില്ലാതെ വരുമ്പോൾ അടുത്തിരിക്കാൻ ധൈര്യപ്പെടുന്ന ആരെങ്കിലുമുണ്ടോ എന്നതിലാണ് എല്ലാവരുടെയും സൗഹൃദാന്വേഷണങ്ങൾ ചെന്നെത്തുന്നത്.

 

എല്ലാവരും ഉള്ളപ്പോൾ ആരുടെയും വില മനസ്സിലാകില്ല. ആരുമില്ലാതാകുമ്പോൾ പഴിപറഞ്ഞു മാറ്റിനിർത്തിയ ഓരോ ബന്ധത്തിന്റെയും വിലയറിഞ്ഞു തുടങ്ങും. 

 

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുതരുന്നവരെക്കാൾ, ആവശ്യമുള്ള കാര്യങ്ങൾ ചെയ്തുതരുന്നവർക്കാണ് ബന്ധങ്ങളിൽ മുൻഗണന നൽകേണ്ടത്. ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്നവർക്ക് അവരുടേതായ ചില ഇഷ്ടങ്ങളുമുണ്ടാകും. അവയ്ക്കും കുട പിടിക്കേണ്ടിവരും. ആവശ്യങ്ങൾ ഉള്ളവരോട് അടുക്കാനോ അവരുടെ ആവശ്യങ്ങളുടെ കൂടെ നിൽക്കാനോ അധികമാർക്കും താൽപര്യമുണ്ടാകില്ല.

 

ആരായിരുന്നു യഥാർഥ സ്നേഹിതൻ എന്ന തിരിച്ചറിവാണ് ബന്ധങ്ങളുടെ മാറ്റ് നിശ്ചയിക്കുന്നത്. ഒരിക്കലും ചേരില്ല എന്നു കരുതുന്നവർക്കിടയിൽപോലും ഒരു സമവാക്യം രൂപപ്പെടും – അവർക്കു മറ്റാരും ഇല്ലെന്നു മനസ്സിലാകുകയോ, ഒരുമിച്ചു നിന്നാലേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്നു തിരിച്ചറിയുകയോ ചെയ്താൽ. പരസ്പരപൂരകങ്ങൾ എന്നു കരുതപ്പെടുന്നവർക്കിടയിൽ ചില വിള്ളലുകൾ രൂപപ്പെടും – എല്ലാ ദൗർബല്യങ്ങളോടുംകൂടി പരസ്പരം ചേർത്തുനിർത്താനുള്ള മനസ്സില്ലെങ്കിൽ.

 

English Summary : Subhadhinam Daily Motivation - True friends never leave you during hard times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com