ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യൻ വംശജയുടെ നോവൽ

Avni Doshi
SHARE

ബുക്കര്‍ പുരസ്കാരത്തോടടുത്ത് വീണ്ടും ഇന്ത്യ. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ മകളായി ജനിച്ച അവനി ദോഷിയുടെ ആദ്യ നോവല്‍ ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ലോക സാഹിത്യ വേദിയില്‍ വീണ്ടും ഇന്ത്യന്‍ കൊടിയേറ്റത്തിന് അരങ്ങൊരുങ്ങുന്നത്. ഇന്ത്യയില്‍ വര്‍ഷങ്ങളോളം ജീവിച്ച അവനിയുടെ നോവലിന്റെ പശ്ചാത്തലവും ഈ രാജ്യം തന്നെ. പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചതും ഇന്ത്യയില്‍ തന്നെ; ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന പേരില്‍. പിന്നീട് ബേണ്ട് ഷുഗര്‍ പേരില്‍ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച നോവലാണ് പ്രകാശനത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. പുണെ നഗരം പശ്ചാത്തലമാകുന്ന നോവലിന് വിവാദത്തിന്റെ ചൂട് പകര്‍ന്ന് ഓഷോയുടെ സാന്നിധ്യവുമുണ്ട്. വായനക്കാരുടെ മികച്ച അഭിപ്രായം ഇതിനോടകം നേടിയ നോവല്‍ ഹിലരി മാന്റല്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ സൃഷ്ടികളുമായാണ് ഇത്തവണ മത്സരിക്കുന്നത്. 

അമ്മയുടെ കഷ്ടപ്പാടുകള്‍ എന്നെ സന്തോഷിപ്പിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ അതു കള്ളമായിരിക്കും: ഞെട്ടിപ്പിക്കുന്ന ഈ വാചകത്തിലാണ് നോവല്‍ തുടങ്ങുന്നത്. അന്തര എന്ന മകളാണു കഥ പറയുന്നത്; താര എന്ന അമ്മയുമായുള്ള ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധത്തെക്കുറിച്ച്. 

താരയുടെ സ്നേഹം നിറഞ്ഞ നോട്ടത്തിലും തലോടലിനും വേണ്ടി കുട്ടിയായിരുന്നപ്പോള്‍ കൊതിച്ചിട്ടുണ്ട് താര. അന്നവള്‍ക്ക് അമ്മ അപ്രാപ്യയായിരുന്നു. ഇന്ന് അതേ അമ്മ സ്വന്തം ഭൂതകാലം മറന്ന് മറവിരോഗത്തിന്റെ യാതനകളില്‍ തട്ടിത്തടയുമ്പോള്‍ അവരും കൊതിക്കുന്നുണ്ട് മകളുടെ പരിചരണം, സ്നേഹം, ശ്രദ്ധ. ഒരിക്കല്‍ തനിക്കു നിഷേധിച്ച സ്നേഹത്തിനു വേണ്ടി അമ്മ യാചിക്കുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയുന്നില്ല അന്തരയ്ക്ക്. കുട്ടിക്കാലത്തിന്റെ സ്നേഹ നിധേഷത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ വടു കെട്ടിക്കിടക്കുമ്പോള്‍ പ്രിയപ്പെട്ട മകളാകുന്നതേക്കാള്‍ നന്ദികെട്ട മകളാകാനാണ് അന്തര ആഗ്രഹിക്കുന്നതും. 

അന്തരയില്‍ നിന്ന് കുട്ടിക്കാലത്ത് അമ്മയെ അകറ്റിയത് ഒരു ആശ്രമവും ബാബയുമായിരുന്നു. സ്വതന്ത്ര രതി പ്രചരിപ്പിച്ച ലോക പ്രശസ്തനായ ആശ്രമ മഠാധിപതി. അസന്തുഷ്ട ദാമ്പത്യത്തില്‍നിന്ന് ഒളിച്ചോടി, ബാബയുടെ മാന്ത്രിക രതിയില്‍ താരയ്ക്കു ബോധം നശിച്ചപ്പോള്‍ അന്തര അവഗണിക്കപ്പെട്ടു. ആശ്രമത്തില്‍ ഇടനാഴികളില്‍ ആ കൊച്ചുകുട്ടിയുടെ ശബ്ദം അനാഥമായി മുഴങ്ങിക്കൊണ്ടിരുന്നു. താരയിലുള്ള അഭിനിവേശം നശിച്ചപ്പോള്‍ ബാബ തനിക്കുവേണ്ടി വരി നിന്ന മറ്റു കാമുകിമാരുടെ പരിലാളനകളില്‍ സ്വയം സമര്‍പ്പിച്ചു. മോക്ഷം കൊതിച്ച ആശ്രമത്തിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്തുവന്ന താരയ്ക്കും മകള്‍ക്കും യഥാര്‍ഥ ലോകത്തിന്റെ കാരുണ്യത്തിനുവേണ്ടി യാചിക്കേണ്ടി വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചെങ്കിലും ഇന്നും ഒന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല അന്തരയ്ക്ക്. മറവി രോഗം അഭയം കൊടുത്തതിനാല്‍ താര രക്ഷപ്പെട്ടു. വേദനിപ്പിക്കുന്നതൊന്നും ഓര്‍മിക്കേണ്ടതായിട്ടേയില്ല. വേദനിപ്പിച്ച ബാബയെ. സ്നേഹിച്ചു വഞ്ചിച്ച രതി സാമ്രാട്ടിനെ. മോചനം വാഗ്ദാനം ചെയ്ത ആശ്രമത്തെ. എല്ലാം മറന്നും പൊറുത്തും നിഷ്കളങ്കമായി താര ചിരിക്കുമ്പോള്‍ അന്തര എന്ന മകളില്‍ ജ്വലിക്കുന്നുണ്ട് പ്രതികാരത്തിന്റെ കനലുകള്‍.

അമേരിക്കയില്‍ ജനിച്ച അവനി ദോഷി പഠനത്തിനു ശേഷം കുറച്ചുനാള്‍ ഇന്ത്യയിലുണ്ടായിരുന്നു. കലാ ചരിത്രകാരി എന്ന നിലയില്‍. പുണെയില്‍. എന്നാല്‍ നോവല്‍ തന്റെ കഥയല്ലെന്നാണ് അവനി പറയുന്നത്. അവനിയുടെ അമ്മയ്ക്ക് ഓഷോയുടെ പുണെയിലെ ആശ്രമവുമായുള്ള ബന്ധത്തെ നോവലുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയും അവനി എതിര്‍ക്കുന്നു. താനും അമ്മയും തമ്മില്‍ നല്ല ബന്ധത്തിലാണെന്നാണ് ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസിക്കുന്ന അവനി പറയുന്നത്. 

2012 ലാണ് അവനി നോവല്‍ രചനയിലേക്കു കടക്കുന്നത്. കുട്ടികള്‍ വേണ്ടെന്നു വച്ചാലോ എന്നുപോലും അന്നവര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ 2018-ല്‍ നോവല്‍ പൂത്തിയയാപ്പോഴേക്കും അവനിക്ക് ആദ്യത്തെ കുട്ടി ജനിച്ചു. മകന്‍. പ്രസവാനന്തര വിഷാദത്തിന്റെ പിടിയില്‍ പെട്ടെങ്കിലും ഇപ്പോള്‍ ഒരു മകള്‍ കൂടിയുണ്ട് അവനിക്ക്. 

പ്രതിഭാ ശാലികളുമായി ഏറ്റുമുട്ടി ഇന്ത്യയുടെ മകളായ അവനി ദോഷി ബുക്കര്‍ നേടുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇനിയുള്ള ദിവസങ്ങള്‍ ആ വാര്‍ത്തയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റേത്. 

English Summary: Indian origin author Avni Doshi's 'Girl in White Cotton' Is on the 2020 Booker Longlist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;